IIM-CAT 2018 നവംബര്‍ 25 ന്

Monday 6 August 2018 2:41 am IST

നിലവാരമുള്ള മാനേജ്‌മെന്റ് ഉന്നതവിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന മുന്‍നിര സ്ഥാപനങ്ങളാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്. ഐഐഎമ്മുകള്‍ ഇക്കൊല്ലം നടത്തുന്ന ദ്വിവത്സര ഫുള്‍ടൈം മാനേജ്‌മെന്റ് പിജി പ്രോഗ്രാമുകളിലേക്കും ഡോക്ടറേറ്റിന് സമാനമായ മാനേജ്‌മെന്റ് ഫെലോ പ്രോഗ്രാമുകളിലേക്കുമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (ഇഅഠ2018) രണ്ട് സെഷനുകളിലായി നവംബര്‍ 25 ഞായറാഴ്ച ദേശീയതലത്തില്‍ നടക്കും.

കോഴിക്കോട്, തിരുച്ചിറപ്പള്ളി, ബാംഗ്ലൂര്‍, വിശാഖപട്ടണം, അഹമ്മദാബാദ്, അമൃതസര്‍, ബോധ്ഗയ, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ജമ്മു, കാഷിപൂര്‍, ലക്‌നൗ, നാഗ്പൂര്‍, റായ്പൂര്‍, റാഞ്ചി, രോഹ്തക്, സാമ്പല്‍പൂര്‍, ഷില്ലോംഗ്, സിര്‍മൗര്‍, ഉദയ്പൂര്‍ എന്നിവിടങ്ങളിലായി ആകെ 20 ഐഐഎമ്മുകളാണുള്ളത്. ക്യാറ്റ് 2018 സ്‌കോര്‍, റിട്ടണ്‍ എബിലിറ്റി ടെസ്റ്റ്, ഗ്രൂപ്പ്ചര്‍ച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മറ്റ് നിരവധി ബിസിനസ് സ്‌കൂളുകളും എംബിഎ ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റ് പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് 'ഐഐഎം ക്യാറ്റ്' സ്‌കോര്‍ ഉപയോഗിക്കാറുണ്ട്. 'ക്യാറ്റ് 2018' സ്‌കോറിന് 2019 ഡിസംബര്‍ 31 വരെ പ്രാബല്യമുണ്ട്.

യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 50 ശതമാനം മാര്‍ക്കില്‍/തുല്യ സിജിപിഎയില്‍ കുറയാത്ത ബാച്ചിലേഴ്‌സ് ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും (പിഡബ്ല്യുഡി) യോഗ്യതാ പരീക്ഷക്ക് 45% മാര്‍ക്ക്/തുല്യ സിജിപിഎ മതി. ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

രജിസ്‌ട്രേഷന്‍ ഫീസ് 1900 രൂപയാണ്. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 950 രൂപ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിംഗ് മുഖാന്തിരം ഫീസ് അടയ്ക്കാം.

രജിസ്‌ട്രേഷന്‍: ഓഗസ്റ്റ് 8 മുതല്‍ സെപ്റ്റംബര്‍ 19 വൈകിട്ട് 5 മണിവരെ www.iimcat.ac.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ലഭ്യമായ ടെസ്റ്റ് സെന്ററുകളില്‍ സൗകര്യാര്‍ത്ഥം മുന്‍ഗണനാ ക്രമത്തില്‍ നാലെണ്ണം തെരഞ്ഞെടുക്കാം. അഡ്മിറ്റ് കാര്‍ഡ് ഒക്‌ടോബര്‍ 24 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.

ടെസ്റ്റ്: കമ്പ്യൂട്ടര്‍ അധിഷ്ഠിത കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് 147 നഗരങ്ങളിലായി നവംബര്‍ 25 ന് നടക്കും. കേരളത്തില്‍ കാസര്‍കോഡ്, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, എറണാകുളം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങള്‍ ടെസ്റ്റ് സെന്ററുകളായിരിക്കും. 180 മിനിറ്റ് ദൈര്‍ഘ്യമുള്ള ടെസ്റ്റില്‍ വെര്‍ബല്‍ എബിലിറ്റി ആന്റ് റീഡിംഗ് കോംപ്രിഹെന്‍ഷന്‍, ഡാറ്റാ ഇന്റര്‍പ്രെട്ടേഷന്‍ ആന്റ് ലോജിക്കല്‍ റീസണിംഗ്; ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിങ്ങനെ മൂന്ന് സെക്ഷനുകളുണ്ട്. ഓരോ സെക്ഷനും 60 മിനിറ്റ് വീതം ലഭിക്കും. ഓരോ സെക്ഷനും അഭിമുഖീകരിച്ച് വേണം മുന്നോട്ടുപോകേണ്ടത്. മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള ടെസ്റ്റില്‍ ചില ചോദ്യങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ഉത്തരം ടൈപ്പ് ചെയ്യേണ്ടിവരും. ടെസ്റ്റ് മാതൃക ഒക്‌ടോബര്‍ 17 മുതല്‍ വെബ്‌സൈറ്റില്‍ ട്യൂട്ടോറിയല്‍സില്‍നിന്നും മനസ്സിലാക്കാം. പരീക്ഷാര്‍ത്ഥികള്‍ ഇത് പരമാവധി പ്രയോജനപ്പെടുത്തണം.

അഡ്മിഷന്‍: ക്യാറ്റ് സ്‌കോര്‍ നേടുന്നവര്‍ക്ക് ഐഐഎമ്മുകളിലേക്കുള്ള അഡ്മിഷന് പ്രത്യേകം രജിസ്‌ട്രേഷന് അവസരം ലഭിക്കും. പ്രവേശന മാനദണ്ഡങ്ങള്‍ ഓരോ ഐഐഎമ്മിനും വ്യത്യസ്തമായിരിക്കും. ക്യാറ്റ് സ്‌കോര്‍ പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി റിട്ടണ്‍ എബിലിറ്റി ടെസ്റ്റ്, ഗ്രൂപ്പ് ചര്‍ച്ച, വ്യക്തിഗത അഭിമുഖം എന്നിവ നടത്തി തെരഞ്ഞെടുക്കും. വര്‍ക്ക് എക്‌സ്പീരിയന്‍സിനും അക്കാഡമിക് മികവിനുമൊക്കെ ചില ഐഐമ്മുകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പരിഗണന നല്‍കാറുണ്ട്.

മാനേജ്‌മെന്റ് ഫെലോ പ്രോഗ്രാമുകളിലേക്ക് (എഫ്പിഎം) പ്രത്യേക പ്രവേശന വിജ്ഞാപനം പ്രസിദ്ധപ്പെടുത്തും. ക്യാറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് ഇതിലേക്കുള്ള പ്രവേശനവും.'ഐഐഎം ക്യാറ്റ് 2018'ന്റെ കൂടുതല്‍ വിവരങ്ങള്‍ www.iimcat.ac.in. ല്‍ ലഭിക്കുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.