നുഴഞ്ഞുകയറ്റവും പ്രതിപക്ഷ ഇരട്ടത്താപ്പും; ഇന്ത്യ ഇന്ത്യക്കാര്‍ക്കുള്ളതാണ്

Monday 6 August 2018 2:55 am IST
ബംഗ്ലാദേശില്‍ നിന്നും മ്യാന്മറില്‍ നിന്നുമൊക്കെ അനധികൃതമായി വിദേശികള്‍ നുഴഞ്ഞുകയറുകയുംഅവര്‍ വോട്ടര്‍ പട്ടികയിലും മറ്റും സ്ഥാനം കണ്ടെത്തുകയും ചെയ്യുന്നത് തടയണം എന്നും അവരെ കണ്ടെത്തി പുറത്താക്കണം എന്നുമായിരുന്നു ചരിത്രത്താളുകളിലുള്ള ആസാം വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ അജണ്ട. അതിനോട് പിന്തിരിഞ്ഞുനിന്ന കേന്ദ്രത്തിലേയും ആസാമിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കണ്ടത് ഈ നുഴഞ്ഞുകയറ്റക്കാരുടെ വോട്ടാണ്.

'ഭാരതം തീര്‍ച്ചയായും ഒരു അസാധാരണമായ രഷ്ട്രമാണ്; അവിടെ രാജ്ഞി ഇറ്റലിയില്‍ നിന്ന് വരുന്നു; പിന്നെ വോട്ടര്‍മാര്‍ ബംഗ്ലാദേശില്‍ നിന്നും മ്യാന്മറില്‍ നിന്നും ....'. ഇന്ത്യയിലെ ഒരു പ്രമുഖ വ്യവസായ കുടുംബത്തിലെ നായികയുടെ ട്വീറ്റ് ആണിത്. എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ടു പോകുന്ന ഒരു ബിസിനസ് കുടുംബത്തിലെ, അധികമൊന്നും ട്വീറ്റ് ചെയ്ത് കണ്ടിട്ടില്ലാത്ത, അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചത് ഇന്ന് രാജ്യം ചര്‍ച്ചചെയ്യുന്ന എന്‍ആര്‍സി (ദേശീയ പൗരത്വ രജിസ്റ്റര്‍) എന്ന പ്രശ്നത്തിലുള്ള പ്രാധാന്യം വിളിച്ചോതുന്നു. എന്‍ആര്‍സിയെ സംബന്ധിച്ച് എത്രയോ ആയിരം ട്വീറ്റുകള്‍ കണ്ടു. എന്നാല്‍ ഈ വിഷയത്തെ വളരെ തന്മയത്വത്തോടെ, അതേസമയം അതീവ ഗൗരവത്തോടെ, കണ്ടുകൊണ്ടുള്ള ഒരു പ്രതികരണം ഇതായിരുന്നു. എല്ലാം ആ രണ്ട് ചെറു വാചകങ്ങളില്‍ ഉണ്ട്.  

ആസാമില്‍ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച വിവാദം കൊടുമ്പിരിക്കൊള്ളുകയാണല്ലോ. ആ കണക്കെടുപ്പു വേണം എന്ന് നിര്‍ദ്ദേശിച്ചത് ബിജെപിയല്ല. 1985 ആഗസ്റ്റ് 15ന് രാജീവ് ഗാന്ധി പ്രധാനമന്ത്രി എന്ന നിലയ്ക്ക് ഒപ്പുവെച്ച 'ആസാംകരാറി'ന്റെ ഭാഗമാണ്. നടപ്പിലാക്കാന്‍ അതിനുശേഷം സര്‍ക്കാരുകള്‍ തയ്യാറാവാതെ വന്നപ്പോള്‍ പ്രശ്നം സുപ്രീം കോടതിയിലെത്തി. 2005ല്‍ സര്‍ബാനന്ദ സോണോവാള്‍- യൂണിയന്‍ ഓഫ് ഇന്ത്യ' കേസില്‍ അത് ഉടനെ നടപ്പിലാക്കാന്‍ ഉത്തരവുണ്ടാവുകയായിരുന്നു. 

അന്ന് സുപ്രീം കോടതി നടത്തിയ ഒരു നിരീക്ഷണം പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തതിന്റ സൂചനയാണ്. 'വിദേശത്തുനിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം ഇന്നത്തേത് പോലെ തുടര്‍ന്നാല്‍ ആസാം താഴ്വരയിലെ ജില്ലകളെല്ലാം സുരക്ഷാ ദൃഷ്ടിയില്‍ ഇന്ത്യക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും; അവയൊക്കെ മുസ്ലിം ഭൂരിപക്ഷ മേഖലയായി മാറും' എന്ന് അന്ന് കോടതി പറഞ്ഞിരുന്നു. 'ജനസംഖ്യാപരമായ കടന്നാക്രമണം' എന്ന പദമാണ് കോടതി ഉപയോഗിച്ചത്. അതിന് ശേഷമാണ് എന്‍ആര്‍സി സംബന്ധിച്ച നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശമുണ്ടായത്. അതിന്റെ കരട് പ്രസിദ്ധീകരിക്കുന്നതിന് കോടതി നിര്‍ദ്ദേശിച്ച തീയതിയാണ് ഇക്കഴിഞ്ഞ ജൂലായ് 31. ഇപ്പോള്‍ ഉണ്ടായിട്ടുള്ളത് കരട് മാത്രമാണ്. ആക്ഷേപമുള്ളവര്‍ക്ക് അത് ഉന്നയിക്കാന്‍ അവകാശമുണ്ട്. അതിനുശേഷമാണ് അന്തിമ പട്ടിക തയ്യാറാവുക. അതുവരെ ആരെയും ആസാമില്‍ നിന്ന് പുറന്തള്ളുകയില്ല എന്ന് സര്‍ക്കാരും കോടതിയും വ്യക്തമാക്കിയിട്ടുമുണ്ട്. 

ആസാം കരാര്‍ എന്തിന് വേണ്ടിയായിരുന്നു എന്നു നോക്കാം. ബംഗ്ലാദേശില്‍ നിന്നും മ്യാന്മറില്‍ നിന്നുമൊക്കെ അനധികൃതമായി വിദേശികള്‍ നുഴഞ്ഞുകയറുകയും അവര്‍ വോട്ടര്‍ പട്ടികയിലും മറ്റും സ്ഥാനം കണ്ടെത്തുകയും ചെയ്യുന്നത് തടയണം എന്നും അവരെ കണ്ടെത്തി പുറത്താക്കണം എന്നുമായിരുന്നു ചരിത്രത്താളുകളിലുള്ള ആസാം വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ അജണ്ട. അതിനോട് പിന്തിരിഞ്ഞുനിന്ന കേന്ദ്രത്തിലേയും ആസാമിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കണ്ടത് ഈ നുഴഞ്ഞുകയറ്റക്കാരുടെ വോട്ടാണ്. അവരിലേറെയും മുസ്ലിം സമുദായക്കാരായിരുന്നു. ഹിന്ദുക്കളും ഇല്ലാതില്ല, പക്ഷെ കുറവായിരുന്നു.

വിദേശ പൗരന്മാര്‍ തങ്ങളുടെ വോട്ട് ബാങ്ക് ആകുന്നുവെന്നും അവരെ നിലനിര്‍ത്തേണ്ടതും സംരക്ഷിക്കേണ്ടതും ആവശ്യമാണ് എന്നുമായിരുന്നു അന്ന് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട്. അതിനൊരു അറുതി വരുത്തിയത് 1985ലെ ആസാം കരാറാണ്. അതിലെ മൂന്ന് വ്യവസ്ഥകളാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന്: 1966 ജനുവരി ഒന്ന് വരെ കുടിയേറിയവരെ, വോട്ടര്‍ പട്ടികയില്‍ പേരുണ്ട് എങ്കില്‍, ഇന്ത്യ സംരക്ഷിക്കും.

1966 ജനുവരി ഒന്നു മുതല്‍ 1971 മാര്‍ച്ച് 24 വരെ നുഴഞ്ഞുകയറിയവരെ കണ്ടെത്തി ഫോറിനേഴ്‌സ് ആക്റ്റ്, ഫോറിന്‍ ട്രിബ്യൂണല്‍ ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യും. അവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കും. മൂന്ന്: 1971 മാര്‍ച്ച് 25-ന് ശേഷം  എത്തിയവരെ കണ്ടെത്തി പുറത്താക്കും. അതിന്റെ ഭാഗമായിട്ടാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചത്. ആ തീരുമാനം നടപ്പിലാക്കാനാണ് 2005ല്‍ സുപ്രീം കോടതി അന്ത്യശാസനം നല്‍കിയത്.  

 ഇത് കോണ്‍ഗ്രസും അംഗീകരിച്ചിരുന്നു. രാജീവ് ഗാന്ധി സര്‍ക്കാരാണല്ലോ ആസാം കരാറില്‍ ഒപ്പുവെച്ചത്. ആസ്സാമിലെ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഇക്കാര്യം എടുത്തുപറയാറുണ്ട്. ഏറ്റവുമൊടുവില്‍, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ പറയുന്നത് നോക്കിയാല്‍ കാര്യങ്ങള്‍ വ്യക്തമാവും.' എന്‍ആര്‍സി തയ്യാറായാല്‍ അനധികൃത വിദേശ പൗരന്മാരെ പുറത്താക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും' എന്ന് വ്യക്തമായി അതിലെഴുതി വച്ചിരിക്കുന്നു. 'സംസ്ഥാനത്തിന്റെ താല്‍പര്യം കണക്കിലെടുത്ത് അത് സമയബന്ധിതമായി പൂര്‍ത്തിയാക്കണം എന്ന് ആവശ്യപ്പെടും' എന്നും അതിലുണ്ട്. 

പ്രകടനപത്രികയുടെ ഇന്‍ഡക്സില്‍ 46-ാമതായാണ് ഇത് ചേര്‍ത്തിരിക്കുന്നത്; 'ആസാം കരാര്‍ നടപ്പിലാക്കല്‍' എന്നാണ് അതിന് അവര്‍ കൊടുത്ത തലക്കെട്ട്. അതായത്, കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞത് തന്നെയാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. അത് തന്നെയാണ് നടപ്പിലാക്കുന്നത്. പക്ഷെ കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ അത് അംഗീകരിക്കുന്നില്ല. അവര്‍ യഥാര്‍ഥത്തില്‍ രാഷ്ട്രത്തെ വഞ്ചിക്കുകയാണ്. രാജീവ് ഗാന്ധിയെ സ്വന്തം ഭാര്യയും മകനും പാര്‍ട്ടിയും പരസ്യമായി തള്ളിപ്പറയുന്നതല്ലേ ഇപ്പോള്‍ രാജ്യം കാണുന്നത്?  

മറ്റൊരു വലിയ എതിര്‍പ്പുകാരി മമത ബാനര്‍ജിയാണ്. ബംഗാള്‍ മുഖ്യമന്ത്രി. അനധികൃതമായി നുഴഞ്ഞുകയറിയ വിദേശ പൗരന്മാരെ കണ്ടെത്തി പുറത്താക്കിയാല്‍ കലാപമുണ്ടാകും എന്നാണ് അവര്‍ പ്രസ്താവിച്ചത്. ഇതേ മമത ബാനര്‍ജി 2005ല്‍ വിദേശ പൗരന്മാരെ അന്നത്തെ (സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള) പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്നും അവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും ആക്ഷേപിച്ചുകൊണ്ട്, അവരെയൊക്കെ പുറത്താക്കണം എന്നാവശ്യപ്പെട്ടു, ലോകസഭയില്‍ ബഹളമുണ്ടാക്കിയതാണ്. ഇന്നിപ്പോള്‍ ആ വിദേശികള്‍ മമതക്ക് വേണ്ടപ്പെട്ടവരായി. ആസാം കഴിഞ്ഞാല്‍ എന്‍ആര്‍സി ഉണ്ടാവേണ്ട സംസ്ഥാനം, സംശയമില്ല, ബംഗാളാണ്.  

നുഴഞ്ഞുകയറ്റം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്. അതിന് ഒരു വലിയ തടസ്സം അതിര്‍ത്തികള്‍ വ്യക്തമല്ലാത്തതായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അതിന് പരിഹാരം കണ്ടുകഴിഞ്ഞു; വേലികെട്ടി അതിര്‍ത്തി തിരിക്കാവുന്ന അവസ്ഥ അതിര്‍ത്തികളില്‍ സംജാതമായി. വേലി നിര്‍മ്മാണം അവസാന ഘട്ടത്തിലുമാണ്. വിദേശ പൗരന്മാരുടെ കടന്നുവരവ് ബിജെപി സൃഷ്ടിച്ച വിഷയവുമല്ല. 1997 മെയ് 6ന് അന്നത്തെ ആഭ്യന്തര മന്ത്രി ഇന്ദ്രജിത് ഗുപ്ത ലോകസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നത് ഇന്ത്യയില്‍ ഏതാണ്ട് ഒരു കോടി അനധികൃത വിദേശികള്‍ (നുഴഞ്ഞുകയറ്റക്കാര്‍) ഉണ്ട് എന്നാണ്. അതില്‍ അഞ്ചരക്കോടിയോളം ബംഗാളിലും നാല് കോടി ആസാമിലുമാണ് എന്നും വ്യക്തമാക്കി. ഈ കണക്കുകളും സുപ്രീം കോടതി പരിഗണിച്ചിരുന്നു. ഇന്ദ്രജിത് ഗുപ്ത സിപിഐക്കാരനായിരുന്നുവല്ലോ. അവരുടെ മനസിലും, അന്നത്തെ സര്‍ക്കാരിന്റെ കണ്ണിലും, അതൊരു വലിയ പ്രശ്നമായിരുന്നു. 

എന്നാലിപ്പോള്‍ ഇതിനെ ഒരു രാഷ്ട്രീയ മുതലെടുപ്പിനുള്ള സാധ്യതയായാണ് പ്രതിപക്ഷം കാണുന്നത്. അതിന് അവര്‍ സ്വന്തം നിലപാടുകളെപ്പോലും തള്ളിപ്പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നാം ഇത്തരം പ്രശ്നങ്ങള്‍ സാധാരണ കാണാറുണ്ടല്ലോ. അവിടെ രേഖകളില്ലാതെ ഒരാള്‍ പിടിക്കപ്പെട്ടാല്‍ ജയിലിലാവും; അല്ലെങ്കില്‍ നാടുകടത്തപ്പെടും. അതാണ് ലോകമെമ്പാടുമുള്ള രീതി. അവിടെ മനുഷ്യാവകാശ പ്രശ്നമൊന്നുമില്ല. അതൊക്കെ ഗള്‍ഫില്‍ നടക്കുമ്പോള്‍ കയ്യടിച്ച് അംഗീകരിക്കുന്നവരാണ് ഇവിടെ കലാപത്തിന് ആഹ്വാനം ചെയ്യുന്നത്. 

ബംഗ്ലാദേശ് മുന്‍ രാഷ്ട്രപതി മുജീബുര്‍ റഹ്മാന്‍ 'കിഴക്കന്‍ പാകിസ്ഥാന്‍; അതിന്റെ ജനസംഖ്യയും സമ്പദ് ഘടനയും' എന്ന തന്റെ ഗ്രന്ഥത്തില്‍ ആസാം പാകിസ്ഥാന്റെ ഭാഗമാവണം എന്ന വാദമാണ് ഉന്നയിച്ചത്. ബംഗ്ലാദേശ് രൂപീകൃതമാവുന്നതിന് മുന്‍പെഴുതിയതാണ് ഗ്രന്ഥം. വനം, ധാതു ശേഖരം എന്നിവയേറെയുള്ള ആ ഭൂപ്രദേശം പാക്കിസ്ഥാനില്‍ ചേര്‍ന്നാലേ രാജ്യം സമ്പദ്‌സമൃദ്ധമാവൂ. അവരുടെ മനസ്സില്‍ ആസാം അന്നേ ഉണ്ടായിരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്? അത് നടന്നില്ല; ഇപ്പോള്‍ ബംഗ്ലാദേശികളും റോഹിങ്ക്യകളും നുഴഞ്ഞുകയറി ഒരു ജനതയെയും സംസ്‌കാരത്തെയും, തളര്‍ത്താനും തകര്‍ക്കാനും ശ്രമിക്കുന്നു. 

ഇത് അനുവദിക്കണോ എന്നതാണ് പ്രശ്നം. ഒരു കാര്യം കൂടി നാം ഓര്‍ക്കണം. ഇത്രയും നുഴഞ്ഞുകയറ്റക്കാരെ ഒരു രാജ്യത്തിനും സ്വീകരിക്കാന്‍ കഴിയില്ല. അഭയാര്‍ഥികളായി വരുന്നവര്‍ ഇതേ മത ന്യൂനപക്ഷത്തില്‍പെട്ടവരാണ് എങ്കില്‍ സ്വീകരിക്കാന്‍ വിദേശ രാഷ്ട്രങ്ങള്‍ മടിക്കുന്ന കാലഘട്ടത്തിലാണ് നാമുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.