കുട്ടിസഖാക്കളുടെ സമരവീര്യം ചോര്‍ന്നോ?

Monday 6 August 2018 3:02 am IST
കൊലയാളികള്‍ കാമ്പസ് ഫ്രണ്ടുകാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലയാളികള്‍ക്ക് ഒത്താശചെയ്തവര്‍ മാത്രമാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. കൊന്നതാരാണെന്ന് കാമ്പസ് ഫ്രണ്ടിനെ പോറ്റുന്ന പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതൃത്വത്തിന് നന്നായി അറിയാം. അന്വേഷണം അവരിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല എന്നുവേണം കരുതാന്‍.

കേരളത്തെ നടുക്കിയ സംഭവമാണ് എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊല. അഭിമന്യുവിന്റെ നെഞ്ചില്‍ കത്തിയിറക്കി കൊന്നിട്ട് മാസം ഒന്ന് പിന്നിട്ടു. എസ്എഫ്‌ഐ നേതാവായിരുന്ന പാവപ്പെട്ട കുടുംബാംഗത്തെ കൊന്നിട്ടും സിപിഎം നയിക്കുന്ന ഭരണത്തിന് പ്രധാന പ്രതികളെ മുഴുവന്‍ പിടിക്കാന്‍ കഴിഞ്ഞില്ല എന്നത് ഞെട്ടിപ്പിക്കുന്ന സംഗതിയാണ്. മുഖ്യപ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാകാത്തത് രാഷ്ട്രീയ താല്‍പ്പര്യപ്രകാരമാണെന്ന് പരക്കെ കരുതുകയാണ്.

കൊലയാളികള്‍ കാമ്പസ് ഫ്രണ്ടുകാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലയാളികള്‍ക്ക് ഒത്താശചെയ്തവര്‍ മാത്രമാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. കൊന്നതാരാണെന്ന് കാമ്പസ് ഫ്രണ്ടിനെ പോറ്റുന്ന പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതൃത്വത്തിന് നന്നായി അറിയാം. അന്വേഷണം അവരിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല എന്നുവേണം കരുതാന്‍. എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിലെടുത്തെങ്കിലും മണിക്കൂറുകള്‍ക്കകം അവരെ മോചിപ്പിക്കേണ്ടിവന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണ്

ജൂലൈ ഒന്നിന് രാത്രിയിലാണ് അഭിമന്യുവിനെ കാമ്പസ്ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയത്. കേസില്‍ ഇതുവരെ 15 പേരാണ് പിടിയിലായത്. അറസ്റ്റിലായവരെല്ലാം ഗൂഢാലോചനയില്‍ പങ്കാളികളായവരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ്. എന്നാല്‍ അഭിമന്യുവിന്റെ കൊലയാളിയെക്കുറിച്ച് പോലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇയാള്‍ വിദേശത്തേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. കേസില്‍ പ്രധാന തെളിവായ കത്തി കണ്ടെത്താനാവാത്തതും പോലീസിന്റെ വീഴ്ചയാണെന്ന് സിപിഎം പ്രവര്‍ത്തകര്‍പോലും കരുതുന്നു. മെട്രോ നഗരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ  അരുംകൊല നടന്നിട്ടും കൊലയാളിയെ പിടിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നത്. കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാത്തതും സംശയത്തിന് ഇട നല്‍കുന്നു. വരാപ്പുഴയില്‍ ശ്രീജിത്തിന്റെ  കസ്റ്റഡി കൊലപാതക കേസിലും നടി ആക്രമിക്കപ്പെട്ട കേസിലും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. അഭിമന്യു വധത്തില്‍ കണ്‍ട്രോള്‍ റൂം എസിപി സി.ടി. സുരേഷ് കുമാറിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. ദൈനംദിന കേസുകള്‍ കൈകാര്യം ചെയ്യുന്നതിനിടയിലാണ് പോലീസ് അഭിമന്യു കൊലപാതക കേസിന്റെയും അന്വേഷണം നടത്തുന്നത്. 

ഗൂഢാലോചനയില്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ നേതൃത്വത്തിന് പങ്കുണ്ടെന്ന് പോലീസ് തന്നെ പറയുന്നു. എന്നാല്‍ ആ വഴിക്ക് അന്വേഷണം നടക്കുന്നില്ല. കേസിന്റെ തുടക്കത്തില്‍ പോലീസ് കാണിച്ച ശുഷ്‌കാന്തി പിന്നീടുള്ള അന്വേഷണത്തില്‍ ഉണ്ടായില്ല. ഇത് സിപിഎം-പോപ്പുലര്‍ ഫ്രണ്ട് ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നാണ് സംശയം. വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ എല്ലാത്തരം ജാതി- ഉപജാതി വര്‍ഗീയപാര്‍ട്ടികളുമായി സൗഹൃദം സൃഷ്ടിക്കാനാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനിടയില്‍ നടന്ന കൊലപാതകം സംബന്ധിച്ച് സര്‍ക്കാര്‍ തീവ്രനിലപാട് സ്വീകരിച്ചാല്‍ തന്ത്രങ്ങള്‍ പാളുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. 

ഒരു വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റാല്‍പ്പോലും വിദ്യാഭ്യാസ ബന്ദും സമരപരമ്പരകളും സൃഷ്ടിക്കുന്നവരാണ് എസ്എഫ്‌ഐ ഡിവൈഎഫ്‌ഐയുമെല്ലാം. അഭിമന്യുവിന്റെ കാര്യത്തില്‍ ഒന്നും സംഭവിച്ചില്ല. ആകെ ചെയ്തത് ഏതാനും കവലകളില്‍ 'വര്‍ഗീയത തുലയട്ടെ' എന്നെഴുതിയ ബോര്‍ഡ് വച്ചത് മാത്രം അഭിമന്യുവിനെ കൊന്നത് വര്‍ഗീയത മാത്രമല്ല, തീവ്ര ഭീകരപ്രവര്‍ത്തനമാണ്. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഇന്ത്യന്‍ അവതാരമാണിത്. അവരുമായി  സന്ധിചെയ്യുന്നത് രഹസ്യബാന്ധവത്തില്‍ ഏര്‍പ്പെടുന്നതും ആത്മഹത്യാപരമാണ്. ആ പാതയിലേക്കാണ് സിപിഎം നീങ്ങുന്നത്. 

അഭിമന്യു വിഷയത്തില്‍ മുട്ടുമടക്കുന്ന സിപിഎം ഭാവിയില്‍ വലിയ വിലനല്‍കേണ്ടിവരും. അഭിമന്യുവിന്റെ നെഞ്ച് പിളര്‍ന്നവരെ പിടികൂടുകതന്നെ വേണം. ആ കത്തി കണ്ടെത്തണം. അതിനുവേണ്ടി മുഴുവന്‍ മനുഷ്യസ്‌നേഹികളുടെയും ശബ്ദമുയരണം. സമരവീര്യം അവകാശപ്പെടുന്ന കുട്ടിസഖാക്കളുടെ ശബ്ദവും അധികാരികളുടെ കാതുകളില്‍ പ്രകമ്പനം കൊള്ളിക്കുകതന്നെവേണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.