ഭര്‍ത്താവിന്റെ മൊബൈലില്‍ ആപ്പ് ;യുവതിയെയും അറസ്റ്റു ചെയ്യും

Monday 6 August 2018 3:52 am IST

കൊച്ചി: കാമുകന്റെ സഹായത്തോടെ മൊബൈല്‍ ആപ്പുവഴി ഭര്‍ത്താവിന്റെ സ്വകാര്യദൃശ്യങ്ങളും സംഭാഷണങ്ങളും പകര്‍ത്തിയ കേസില്‍ അമ്പലപ്പുഴ സ്വദേശിയായ യുവതിയെ അറസ്റ്റ് ചെയ്യും. എളമക്കര സ്വദേശിയായ അദ്വൈതിന്റെ പരാതിയില്‍ ആലപ്പുഴ വണ്ടാനം പുതുവാള്‍ വീട്ടില്‍ എസ് അജിത്തിനെ (32) എളമക്കര പോലീസ് അറസ്റ്റ്‌ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. 

കേസ് പിന്‍വലിച്ചില്ലെങ്കില്‍ സ്വകാര്യനിമിഷങ്ങള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന ഭീഷണിയെത്തുടര്‍ന്ന് യുവതിയെ രണ്ടാം പ്രതിയാക്കി കേസ്സെടുത്തിരുന്നു. സംസ്ഥാനത്ത് മൊബൈല്‍ ആപ്പ് വഴി തട്ടിപ്പ് നടത്തിയതിന്റെ ആദ്യ കേസാണിത്.

ഖത്തറില്‍ രണ്ട് വര്‍ഷമായി ജോലി ചെയ്യുന്ന അദ്വൈത് തന്റെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഭാര്യയുമായി വഴക്കിലായിരുന്നു. ഖത്തറില്‍ നിന്നും പണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സുഹൃത്തിന് കടം നല്‍കിയെന്നായിരുന്നു ഭാര്യയുടെ മറുപടി. ഈ തുക എന്ന് തിരിച്ചു നല്‍കുമെന്ന് ചോദിച്ചിട്ട്  മറുപടിയുണ്ടായില്ല. നാട്ടിലെത്തിയിട്ടും പണത്തെചൊല്ലി തര്‍ക്കമായി. ഇതിനിടെ കുട്ടിയേയും കൊണ്ട് യുവതി അമ്പലപ്പുഴയിലെ വീട്ടിലേക്ക് പോയി. 

ഇതിനിടെയാണ് യുവതി സുഹൃത്ത് അജിത്തുമായി ചേര്‍ന്ന്  ഭര്‍ത്താവിന്റെ മൊബൈലില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് സ്വകാര്യനിമിഷങ്ങളും സംഭാഷണങ്ങളും ചോര്‍ത്തിയത്. ഇത് കണ്ടെത്തിയതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അജിത്തിനെ തിരിച്ചറിഞ്ഞു. തിരിച്ച് ഹാക്കിങ് നടത്തിയ യുവതിയും അജിത്തും തമ്മിലുള്ള ബന്ധവും കണ്ടെത്തി. ഇതോടെ കൂടുതല്‍ പണം നല്‍കണമെന്നും അല്ലെങ്കില്‍ സ്വകാര്യ നിമിഷങ്ങള്‍ പുറത്തുവിടുമെന്നും യുവതി ഭീഷണിപ്പെടുത്തിയതായും അദ്വൈത് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

3800 രൂപ ചെലവിലാണ് മൊബൈല്‍ ഫോണില്‍ ആപ്പ് സ്ഥാപിച്ച് അദ്വൈതിന്റെ വിവരങ്ങള്‍ ചോര്‍ത്തിയത്. ഉടമ അറിയാതെ തന്നെ ഫോണ്‍ ഓണാക്കി വീഡിയോയും സംഭാഷണങ്ങളും പകര്‍ത്താം. മറ്റ് ആപ്പുകളില്‍ എന്താണ് ചെയ്യുന്നതെന്ന് ഹാക്ക് ചെയ്യുന്നയാള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഹാക്കിങിനായി ഉപയോഗിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.