കുത്തഴിഞ്ഞ് സര്‍വെ വകുപ്പ്; സര്‍വെയര്‍മാര്‍ പെരുവഴിയില്‍

Monday 6 August 2018 3:05 am IST

കൊച്ചി: തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ മൂലം സര്‍വെ വകുപ്പ് കുത്തഴിഞ്ഞ നിലയില്‍. സര്‍വെയര്‍മാര്‍ പെരുവഴിയില്‍. പാര്‍ട്ടി നേതാക്കളുടെ ഭരണം മൂലം ജീവനക്കാര്‍ മെല്ലെപ്പോക്കില്‍. റീസര്‍വെ നടപടികള്‍ സ്വകാര്യവല്‍കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തശേഷം റീസര്‍വെ വകുപ്പിലെ സര്‍വെയര്‍മാരുടെ അശാസ്ത്രീയമായ വിനിയോഗമാണ് കാര്യങ്ങള്‍ അവതാളത്തിലായത്.

ആയിരത്തി അറുനൂറോളം സര്‍വെയര്‍മാരാണ് സര്‍വെ നടപടിക്കായുള്ളത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ റീസര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കൊട്ടിഘോഷിച്ചാണ് ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയത്. സ്വന്തം ജില്ലയില്‍ റീസര്‍വെ ആദ്യം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ സര്‍വെയര്‍മാരെ കൂട്ടത്തോടെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റുകയായിരുന്നു റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ ആദ്യം ചെയ്തത്. അതോടെ മറ്റു ജില്ലകളിലെ റീസര്‍വെ നടപടികള്‍ നിലച്ചു. കാസര്‍കോട്ട് കൂട്ടസ്ഥലംമാറ്റം നടത്തിയ വലിയൊരു ഭാഗം സര്‍വെയര്‍മാരിലും പ്രതിഷേധവുമുണ്ടായി. ഇതോടെ കാസര്‍കോടുള്ള റീസര്‍വെ നടപടികളും മന്ദഗതിയിലായി. 

രണ്ടു വര്‍ഷമെടുത്തിട്ടും ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള സര്‍വെ നടപടികള്‍ പത്ത് വില്ലേജുകളില്‍ മാത്രമാണ് പൂര്‍ത്തിയായത്. ഇതു സംബന്ധിച്ചു ഉയര്‍ന്ന പരാതികളിലും നാളിതുവരെ പരിഹാരമായിട്ടില്ല. ഇതോടെയാണ് ഗുജറാത്ത് മോഡലില്‍ സ്വകാര്യപങ്കാളിത്തതോടെ റീസര്‍വെ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനുശേഷവും സര്‍വെയര്‍മാരെക്കൊണ്ട് റീസര്‍വെ നടപടികള്‍ ചെയ്യിച്ചു. യാതൊരു പ്രയോജനമില്ലാതെയുള്ള ഈ നടപടിയിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ കഴിഞ്ഞ ജൂണ്‍ അവസാനം സര്‍വെയര്‍മാരെ കൂട്ടത്തോടെ താലൂക്ക് ഓഫീസുകളിലേക്ക്  നിയോഗിച്ചു.

അതുവരെ താലൂക്ക് ഓഫീസുകളില്‍ രണ്ട് സര്‍വെയര്‍മാര്‍ മാത്രമാണുണ്ടായിരുന്നത്. ഇവര്‍ക്ക് സഹായത്തിനായി രണ്ട് വീതം ചെയിന്‍മാന്മാരും ഉണ്ടായിരുന്നു. പുതിയ മാറ്റത്തോടെ ഓരോ താലൂക്ക് ഓഫീസിലും ശരാശരി മുപ്പതോളം സര്‍വെയര്‍മാരായി. എന്നാല്‍ ഇവര്‍ക്കുവേണ്ട യാതൊരു സൗകര്യങ്ങളും ഒരുക്കാതെയായിരുന്നു മാറ്റം. പലയിടത്തും സര്‍വെയര്‍മാരുടെ ഇരിപ്പിടം ഓഫീസിനു പുറത്ത് വരാന്തകളും മരച്ചുവടുകളുമായി. സര്‍വെ ജോലികള്‍ക്കാവശ്യമായ ഉപകരണങ്ങളും ആവശ്യമായ ഫോമുകളും ലഭ്യമാക്കുന്നതിനോ പോലും നടപടിയുണ്ടായില്ല. സര്‍വെ  നടപടികളെ സഹായിക്കാന്‍ സര്‍വെയര്‍മാര്‍ക്ക് പുറത്തുനിന്നും ചെയിന്‍മാന്മാരെ വിളിക്കാമായിരുന്നു. ഒരാള്‍ക്ക് 650 രൂപ നിരക്കില്‍ റീസര്‍വെ വകുപ്പില്‍ നിന്നും ഫണ്ടും അനുവദിച്ചിരുന്നു. അതത് റീസര്‍വെ സൂപ്രണ്ടുമാര്‍ക്കാണ് ഈ വേതനം നല്‍കാന്‍ ചുമതലയുണ്ടായിരുന്നത്. എന്നാല്‍ സര്‍വെയര്‍മാരെ  താലൂക്ക്  ഓഫീസുകളില്‍ നിയോഗിച്ചപ്പോള്‍ തഹസീല്‍ദാര്‍ ആയി മേലധികാരി. 

എന്നാല്‍ ചെയിന്‍മാന്മാര്‍ക്ക് വേതനം നല്‍കാന്‍ തഹസീല്‍ദാര്‍മാരെ ചുമതലപ്പെടുത്താനോ ഫണ്ട് നല്‍കാനോ നടപടിയുണ്ടായില്ല. ഇതോടെ സര്‍വെയര്‍മാര്‍ സ്വന്തം നിലയില്‍ കാശ് കൊടുത്ത് ചെയിന്‍മാന്‍മാരെ കൊണ്ടുപോവുകയോ അല്ലെങ്കില്‍ നാട്ടുകാരില്‍ നിന്ന് വാങ്ങി നല്‍കുകയോ ചെയ്യേണ്ട അവസ്ഥയായി. ഫലത്തില്‍ അഴിമതി നടത്താത്ത ഉദ്യോഗസ്ഥര്‍ പോലും നാട്ടുകാരില്‍ നിന്നും കാശ് ചോദിച്ചു വാങ്ങേണ്ട അവസ്ഥയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.