വെനസ്വെല പ്രസിഡന്റിന് നേരെ ഡ്രോണ്‍ ആക്രമണം

Sunday 5 August 2018 10:09 pm IST
ശനിയാഴ്ച തലസ്ഥാന നഗരമായ കരാകസില്‍ സൈന്യത്തിന്റെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു നിക്കൊളാസിനു നേരെ വധശ്രമമുണ്ടായത്. ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രസിഡന്റ് സംസാരിച്ചുകൊണ്ടിരുന്ന വേദിക്കു സമീപത്തുനിന്ന് വലിയ സ്‌ഫോടനം കേട്ടപ്പോഴാണ് ആക്രമണത്തെക്കുറിച്ച് സൂചന കിട്ടിയത്.

കരാകസ്: വെനസ്വെല പ്രസിഡന്റ് നിക്കൊളാസ് മഡുറോയ്ക്കു ഡ്രോണ്‍ ഉപയോഗിച്ചുണ്ടായ വധശ്രമത്തിന്റെ ഉത്തരവാദിത്തം നാഷണല്‍ മൂവ്‌മെന്റ് ഓഫ് സോള്‍ജിയേഴ്‌സ് ഇന്‍ ടി ഷര്‍ട്‌സ് എന്ന രഹസ്യ സംഘടന ഏറ്റെടുത്തായി റിപ്പോര്‍ട്ട്. 

ശനിയാഴ്ച തലസ്ഥാന നഗരമായ കരാകസില്‍ സൈന്യത്തിന്റെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു നിക്കൊളാസിനു നേരെ വധശ്രമമുണ്ടായത്. ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രസിഡന്റ് സംസാരിച്ചുകൊണ്ടിരുന്ന വേദിക്കു സമീപത്തുനിന്ന് വലിയ സ്‌ഫോടനം കേട്ടപ്പോഴാണ് ആക്രമണത്തെക്കുറിച്ച് സൂചന കിട്ടിയത്. നിക്കൊളാസിന്റെ അടുത്ത് ഭാര്യയുമുണ്ടായിരുന്നു. പെട്ടെന്ന് ഇരുവര്‍ക്കും സൈന്യം സുരക്ഷയൊരുക്കി. 

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വേദിക്കു സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. ഏഴു സൈനികര്‍ക്കു പരിക്കേറ്റു. നാഷണല്‍ ഗാര്‍ഡുകളുടെ സൈനിക പരേഡില്‍ കാണികളായെത്തിയ ജനങ്ങള്‍ ചിതറിയോടി. രണ്ടു തവണ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. തലയില്‍ നിന്നു ചോരയൊലിക്കുന്ന നിലയില്‍ സൈനികരെ ആശുപത്രിയിലേക്കു മാറ്റുന്ന ദൃശ്യങ്ങള്‍ ഔദ്യോഗിക ടെലിവിഷന്‍ പുറത്തു വിട്ടു. പ്രസിഡന്റിനെ ലക്ഷ്യമാക്കി വന്ന ഡ്രോണുകള്‍ സൈന്യം വെടിവച്ചു വീഴ്ത്തിയതാണോ സ്വയം പൊട്ടിത്തെറിച്ചതാണോ എന്നു വ്യക്തമല്ല. 

കൊളംബിയയാണു വധശ്രമത്തിനു പിന്നിലെന്ന് നിക്കൊളാസ് പിന്നീടു പ്രതികരിച്ചു. വെനസ്വെലയില്‍ നിന്നുള്ള നിരവധി പേര്‍ അഭയം തേടിയിരിക്കുന്ന യുഎസ് സംസ്ഥാനമായ ഫ്‌ളോറിഡ കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നതിന്റെ സൂചന കിട്ടിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ആരോപണം അസംബന്ധമാണെന്നു കൊളംബിയ പ്രതികരിച്ചു. 

2013ല്‍ ഹ്യൂഗോ ഷാവേസിന്റെ മരണത്തിനു ശേഷമാണ് നിക്കൊളാസ് അധികാരത്തില്‍ എത്തിയത്. തൊട്ടടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങിയ സംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത നാഷണല്‍ മൂവ്‌മെന്റ് ഓഫ് സോള്‍ജിയേഴ്‌സ് ഇന്‍ ടി ഷര്‍ട്‌സ്. അത്രയൊന്നും അറിയപ്പെടുന്ന സംഘടനയല്ല ഇത്. എന്നാല്‍ നിക്കൊളാസിനു നേരെയുണ്ടായ വധശ്രമത്തിനു പിന്നാലെ അവര്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി സന്ദേശങ്ങള്‍ നല്‍കി. 

പ്രസിഡന്റിന്റെ സുരക്ഷ എത്രത്തോളം എന്ന് അറിയാനുള്ള ശ്രമമാണ് നടത്തിയത്. അടുത്തതവണയാണ് യഥാര്‍ഥ ആക്രമണം എന്നാണ് പ്രധാന സന്ദേശം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.