കോഹ്‌ലി നമ്പര്‍ വണ്‍

Monday 6 August 2018 4:00 am IST

ദുബായ്: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇന്റര്‍ നാണഷല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ  ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ഓസീസിന്റെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് കോഹ്‌ലി ഒന്നാം റാങ്ക് നേടിയത്്. ഏകദിന ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങിലും കോഹ്‌ലിക്കാണ് ഒന്നാം സ്ഥാനം. 

എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ മിന്നും പ്രകടനമാണ് കോഹ്‌ലിയെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്. രണ്ട് ഇന്നിങ്ങ്‌സിലായി 200 റണ്‍സ് നേടി. പക്ഷെ ടെസ്റ്റില്‍ ഇന്ത്യ തോറ്റു.

ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കു ശേഷം ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോഹ്‌ലി. 2011 ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഐസിസി ടെസ്റ്റ് ബാസ്റ്റ്മാന്മാരുടെ റാങ്കില്‍ ആദ്യ സ്ഥാനം നേടിയിരുന്നു.

എഡ്ജ്ബാസ്റ്റണില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 149 റണ്‍സ് നേടിയ കോഹ്‌ലി ടെസ്്റ്റ് ക്രിക്കറ്റിലെ തന്റെ 22-ാം സെഞ്ചുറി കുറിച്ചു. രണ്ടാം ഇന്നിങ്ങ്‌സില്‍ 51 റണ്‍സും നേടി. ഈ മികച്ച പ്രകടനം ടെസ്റ്റ് റാങ്കിങ്ങില്‍ 934 പോയിന്റ് നേടിക്കൊടുത്തു. ഇതാദ്യമായാണ് കോഹ്‌ലിക്ക് ഇത്രയും പോയിന്റ് ലഭിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഓസീസിന്റെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് 929 പോയിന്റാണുളളത്.

റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് കോഹ്‌ലി. സുനില്‍ ഗവാസ്‌ക്കറിന് 916 പോയിന്റ് ലഭിച്ചിരുന്നു. ഓസ്‌ട്രേലിയയുടെ ഡോണ്‍ ബ്രാഡ്മാണാണ് ഏറ്റവും കൂടുതല്‍ റാങ്കിങ്ങ് പോയിന്റ് നേടിയ ബാറ്റ്‌സ്മാന്‍-961 പോയിന്റ്്.

സച്ചിന്‍, കോഹ്‌ലി, ഗവാസ്‌ക്കര്‍ എന്നിവര്‍ക്ക് പുറമെ ദിലിപ് വെംഗ്‌സര്‍ക്കാര്‍, രാഹുല്‍ ദ്രാവിഡ്, വീരേന്ദ്രര്‍ സെവാംഗ്, ഗൗതം ഗംഭീര്‍ എന്നി ഇന്ത്യന്‍ താരങ്ങളും ഐസിസി ടെസ്റ്റ്് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ നിറം മങ്ങിയ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ റാങ്കിങ്ങില്‍ പിന്നാക്കംപോയി. കെ.എല്‍. രാഹുല്‍ (19) ഒരു സ്ഥാനവും അജിങ്ക്യ രഹാനെ (22) രണ്ട് സ്ഥാവും പിന്നോട്ടുപോയി. മുരളി വിജയും രണ്ട് സ്ഥാനവും ശിഖര്‍ ധവാന്‍ ഒരു സ്ഥാനവും പിന്നിലായി.

അതേസമയം ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ നാലു സ്ഥാനം മുന്നോട്ടുകയറി 12-ാം റാങ്കിലെത്തി. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ബെയര്‍സ്‌റ്റോ ആദ്യ ഇന്നിങ്ങ്‌സില്‍ 70 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 28 റണ്‍സുംനേടി.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ രവിചന്ദ്രന്‍ അശ്വിന്‍ അഞ്ചാം റാങ്കിലെത്തി. എഡജ്ബാസ്റ്റണില്‍ ഒന്നാം ഇന്നിങ്ങ്‌സില്‍ 62 റണ്‍സിന് നാലു വിക്കറ്റും രണ്ടാം ഇന്നിങ്ങ്‌സില്‍ 59 റണ്‍സിന് മൂന്ന് വിക്കറ്റും വീഴ്ത്തിയ അശ്വിന് പോയിന്റ് ലഭിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.