വെള്ളി നക്ഷത്രം

Monday 6 August 2018 4:01 am IST

നാന്‍ജിങ് (ചൈന): ഇന്ത്യയുടെ സുവര്‍ണപ്രതീക്ഷയായ പി.വി. സിന്ധുവിന് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെണ്ടേിവന്നു. ഫൈനലില്‍ നിറം മങ്ങിപ്പോയ സിന്ധുവിനെ സ്പാനിഷ് താരമായ കരോളിന മാരിന്‍ നേരിട്ടുളള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. 46 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-19, 21-10 എന്ന സ്‌കോറിനാണ് മാരിന്‍ വിജയിച്ചത്.

തുടര്‍ച്ചയായ രണ്ടാം തവണയാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ജപ്പാന്റെ നൊസോമി ഒകുരഹയാണ് സിന്ധുവിന്റെ സ്വര്‍ണമെഡല്‍ സപ്‌നം തകര്‍ത്തത്്. നിലവിലെ ഒളിമ്പിക് ചാമ്പ്യനായ മാരിന്‍ മൂന്ന് തവണ ലോക ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ വനിതാ താരമായി.

ഇരുപത്തിയഞ്ചുകാരിയായ മാരിന്‍ 2014, 2015 വര്‍ഷങ്ങളില്‍ ലോക കിരീടം നേടിയിരുന്നു. ഒളിമ്പിക്‌സിന്റെ ഫൈനലില്‍ മാരിന്‍ സിന്ധുവിനെ തോല്‍പ്പിച്ചാണ് ചാമ്പ്യനായത്.

തുടക്കത്തില്‍ പതറിപ്പോയ സിന്ധു പിന്നീട് പതിയ കളിയിലേക്ക് തിരിച്ചുവന്നു. ആദ്യ ഗെയിമില്‍ ഒരു ഘട്ടത്തില്‍ സിന്ധു 11- 8 ന് മുന്നിലെത്തി. പിന്നീട് 14-9 ന് മുന്നിട്ടുനിന്നു. എന്നാല്‍ മാരിന്‍ ശക്തമായി തിരിച്ചുവന്നു. പോയിന്റുകള്‍ ഒന്നൊന്നായി നേടി സിന്ധുവിനൊപ്പം (15-15 ) എത്തി. അവസാന നിമിഷങ്ങളിലും കളം നിറഞ്ഞു കളിച്ച മാരിന്‍ 21-19 ന് ആദ്യ ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമില്‍ നിറം മങ്ങിപ്പോയ സിന്ധുവിന്  തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറാനായില്ല. 5-0ന് മുന്നിലായ മാരിന്‍ തകര്‍പ്പന്‍ സ്മാഷും പ്ലേസിങ്ങും നടത്തി കുതിപ്പു തുടര്‍ന്നു. 11- 2ന് മുന്നിലെത്തിയ മാരിന്‍ സിന്ധുവിന് തരിച്ചുവരാന്‍ അവസരം കൊടുക്കാതെ 21-10 ന് ഗെയിമും സ്വര്‍ണമെഡലും സ്വന്തമാക്കി.

സര്‍വീസുകള്‍ക്കിടയ്ക്ക്  ഇരു താരങ്ങളും സമയം കളഞ്ഞതിനെ തുടര്‍ന്ന് റഫറിക്ക് പല തവണ ഇടപേടേണ്ടിവന്നു.

സിന്ധുവും മാരിനും ഇത് പന്ത്രണ്ടാം തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. ഏഴാം തവണയാണ് മാരിന്‍ സിന്ധുവിനെ തോല്‍പ്പിക്കുന്നത്.ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇത്് നാലാം തവണയാണ് സിന്ധു മെഡല്‍ നേടുന്നത്. 2013, 2014 വര്‍ഷങ്ങളില്‍ വെങ്കലം കരസ്ഥമാക്കിയ സിന്ധു 2017, 2018 വര്‍ഷങ്ങളില്‍ വെള്ളിയും നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.