ഹെന്‍ഡ്രിക്‌സിന് സെഞ്ചുറി;ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര

Monday 6 August 2018 3:20 am IST

പല്ലേക്കെലേ ( ശ്രീലങ്ക): അരങ്ങേറ്റത്തില്‍ തന്നെ ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി കുറിച്ച  റീസ ഹെന്‍ഡ്രിക്‌സിന്റെ സെഞ്ചുറിയുടെ മികവില്‍ മൂന്നാം ഏകദിനത്തില്‍ 78 റണ്‍സിന്റെ വിജയം നേടി ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരായ പരമ്പര സ്വന്തമാക്കി. 88 പന്തിലാണ് ഹെന്‍ഡ്രിക്‌സ് സെഞ്ചുറി കുടിച്ചത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍  ദക്ഷിണാഫ്രിക്കയ്ക്ക്  3-0 ന്റെ തകര്‍ക്കാന്‍ പറ്റാത്ത ലീഡായി.

89 പന്തില്‍ എട്ട്് ഫോറും ഒരു സിക്‌സറും അടക്കം ഹെന്‍ഡ്രിക്‌സ് നേടിയ  102 റണ്‍സിന്റെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഏഴുവിക്കറ്റിന് 363 റണ്‍സ് നേടി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 45.2 ഓവറില്‍ 285 റണ്‍സിന് പുറത്തായി. ശ്രീലങ്കയുടെ ധനഞ്ജയ ഡി സില്‍വ 84 റണ്‍്‌സ് എടുത്തു. 

ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ എന്‍ഗിഡിയും ഫെഹ്‌ലുക്കവായോയുമാണ് ശ്രീലങ്കന്‍ ബാറ്റിങ് നിര തകര്‍ത്തത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.ശ്രീലങ്കന്‍ പേസര്‍ ലാഹിരു കുമാരയുടെ പന്ത് അതിര്‍ത്തികടത്തിയാണ് ഹെന്‍ഡ്രിക്‌സ് സെഞ്ചുറി കുറിച്ചത്. അടുത്ത പന്തില്‍ പുറത്താകുകയും ചെയ്തു. അരങ്ങേറ്റ ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാനാണ് ഹെന്‍ഡ്രിക്‌സ്. കോളിന്‍ ഇന്‍ഗ്രാം, ബാവുമ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍.

ജീന്‍ പോള്‍ ഡുമിനി 70 പന്തില്‍ 92 റണ്‍സ് അടിച്ചെടുത്തു. ഹാഷിം അംല, ഡേവിഡ് മില്ലര്‍ എന്നിവരും അര്‍ധ സെഞ്ചുറി നേടി. ശ്രീലങ്കയുടെ തിസ്‌ര പെരേര 44 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.