ദുരിത ബധിതരെ അവഹേളിച്ച് പിണറായി

Monday 6 August 2018 5:00 am IST
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ മുതല്‍ പറയുന്ന കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കും എന്ന പല്ലവിയുടെ ആവര്‍ത്തനമാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിലെ പ്രധാന തീരുമാനം.

ആലപ്പുഴ: പിബി യോഗത്തിനായി ദല്‍ഹിയില്‍ പോയി... കരുണാനിധിയെ കാണാന്‍ തമിഴ്‌നാട്ടില്‍ പോയി.... ഉന്നതരുടെ വിവാഹാഘോഷങ്ങളില്‍ പങ്കെടുത്തു... പക്ഷേ, ഒരു മാസത്തോളമായി പതിനായിരക്കണക്കിന് ജനങ്ങള്‍ ദുരിതജീവിതം നയിക്കുന്ന കുട്ടനാട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനു സമയമില്ല. ഇന്നലെ ആലപ്പുഴയില്‍ അവലോകന യോഗത്തില്‍ പങ്കെടുത്ത്, കുട്ടനാട്ടിലെ ദുരിതബാധിതരെ കാണില്ലെന്ന വാശിയോടെ പിണറായി മടങ്ങി. 

അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍പ്പെട്ട വണ്ടാനം മെഡിക്കല്‍ കോളേജിന്റെ ഓഡിറ്റോറിയത്തിലായിരുന്നു അവലോകന യോഗം. ഇവിടെ നിന്ന് കേവലം പതിനഞ്ച് മിനിറ്റ് സഞ്ചരിച്ചാല്‍ മുഖ്യമന്ത്രിക്ക് കുട്ടനാട്ടിലെ ദുരിതക്കാഴ്ച നേരില്‍ കാണാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അതിനു തയാറാവാതെ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് കേള്‍ക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. 

ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ മുതല്‍ പറയുന്ന കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കും എന്ന പല്ലവിയുടെ ആവര്‍ത്തനമാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിലെ പ്രധാന തീരുമാനം. 

കൊട്ടിഘോഷിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ദുരിതബാധിതരെ അവഹേളിക്കുന്ന പ്രഹസനമായി മാറി. യോഗം ആരംഭിച്ചതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മാധ്യമപ്രവര്‍ത്തകരെ ഹാളില്‍ നിന്ന് പുറത്താക്കി. രണ്ട് മണിക്കൂര്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കാതെ മുഖ്യമന്ത്രി മടങ്ങി. വൈകിട്ട് അഞ്ചിന് എത്തുന്ന രാഷ്ട്രപതിയെ സ്വീകരിക്കണമെന്ന ന്യായം പറഞ്ഞാണ് ഉച്ചയ്ക്ക് പന്ത്രണ്ടിന് മുന്‍പ് തന്നെ പിണറായി ആലപ്പുഴ വിട്ടത്. ചാനലുകാരുടെ മൈക്ക് ശരീരത്ത് കൊണ്ടതിനാലാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്നതെന്നാണ് പിന്നീട് വന്ന വിശദീകരണം. മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗം ബഹിഷ്‌ക്കരിച്ചു. 

നേരത്തെ ആലപ്പുഴ ജില്ലയിലെ പ്രളയക്കെടുതി, കൊല്ലം കളക്‌ട്രേറ്റില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി അവലോകനം ചെയ്തത്. ജില്ലയിലെ മൂന്ന് മന്ത്രിമാരും ദുരിതമുണ്ടായ ആദ്യ നാളുകളില്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തയാറായിരുന്നില്ല. പിന്നീട് കേന്ദ്രമന്ത്രിമാര്‍ക്കൊപ്പമാണ് ജി. സുധാകരന്‍ കുട്ടനാട്ടിലെത്തിയത്. മന്ത്രി തോമസ് ഐസക്കാകട്ടെ ചാനലുകളുമായി ഏതാനും മണിക്കൂറുകള്‍ കുട്ടനാട് കണ്ട ശേഷം മടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.