ഭരണസമിതിയില്‍ സാങ്കേതിക വിദഗ്ധര്‍ക്ക് പകരം യൂണിയന്‍ നേതാക്കള്‍

Monday 6 August 2018 7:00 am IST
ഇടതുഭരണത്തില്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ തകര്‍ച്ചയിലേക്ക് മൂക്കുകുത്തുന്നു. കെല്‍ട്രോണിന്റെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആസ്തി പിന്‍വാതില്‍ നീക്കങ്ങളിലൂടെ സ്വകാര്യ കമ്പനിക്ക് കൈമാറിയത് ജന്മഭൂമി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിരുവനന്തപുരം: ഇടതുഭരണത്തില്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ തകര്‍ച്ചയിലേക്ക് മൂക്കുകുത്തുന്നു. കെല്‍ട്രോണിന്റെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആസ്തി പിന്‍വാതില്‍ നീക്കങ്ങളിലൂടെ സ്വകാര്യ കമ്പനിക്ക് കൈമാറിയത് ജന്മഭൂമി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാങ്കേതിക വിദഗ്ധരെ മാറ്റി ഭരണം തൊഴിലാളി യൂണിയന്‍ നേതാക്കളെ ഏല്‍പ്പിച്ചതാണ് പ്രധാനകാരണങ്ങൡല്‍ ഒന്ന്. കെല്‍ട്രോണിന്റെ ഒരു യൂണിറ്റ് സമരം ചെയ്ത് അടച്ച് പൂട്ടിക്കാന്‍ മുന്‍കൈ എടുത്ത ആളും ഭരണസമിതിയിലുണ്ട്. 

1973ലാണ് കേരള ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍) സ്ഥാപിച്ചത്. ഇലക്ട്രോണിക്‌സ് രംഗത്തെ മാന്ത്രികന്‍ എന്ന് വിശേഷിപ്പിക്കുന്ന കെ.പി.പി. നമ്പ്യാരായിരുന്നു ആദ്യ ചെയര്‍മാന്‍. വലിയ നേട്ടങ്ങളാണ് അന്ന് കെല്‍ട്രോണിന് ഉണ്ടായത്. കെല്‍ട്രോണ്‍ സംസ്ഥാനത്തെങ്ങും ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ തുറന്നു.

അഞ്ചംഗ ഭരണസമിതിയാണ് കെല്‍ട്രോണിന്. വ്യവസായ സെക്രട്ടറി സഞ്ജയ് കൗള്‍, എംഡി ടി.ആര്‍. ഹേമലത, ധനകാര്യ ഡെപ്യൂട്ടി സെക്രട്ടറി ശ്രീകല എസ്. പണിക്കര്‍, സര്‍ക്കാര്‍ നിയമിച്ച വി. ജയപ്രകാശും വി. നാരായണനും. കണ്ണൂരിലെ കര്‍ഷകസംഘം നേതാവായിരുന്നു വി. നാരായണന്‍. കെല്‍ട്രോണിന്റെ സബ് സെന്ററായിരുന്ന ശ്രീകാര്യത്തെ  കൗണ്ടേഴ്‌സ് സെന്ററിലെ ജീവനക്കാരനും സിഐടിയു യൂണിയന്‍ നേതാവുമായിരുന്നു ജയപ്രകാശ്. ഭരണസമിതിയില്‍ എംഡി ഒഴികെ സാങ്കേതിക വിദഗ്ധരില്ല. സിഐടിയുവിന്റെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് നഷ്ടക്കണക്ക് പറഞ്ഞ് ശ്രീകാര്യത്തെ സ്ഥാപനം അടച്ചുപൂട്ടി. ജയപ്രകാശായിരുന്നു സമരനേതാവ്.

 സാങ്കേതിക വിദ്യ മാറുന്നതനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പരിജ്ഞാനമുള്ള ജീവനക്കാര്‍ കെല്‍ട്രോണില്‍ ഇല്ല. രണ്ടായിരത്തോളം സ്ഥിരം ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇന്ന് അതിന്റെ പത്ത് ശതമാനം മാത്രം. വിരമിക്കുന്നവര്‍ക്ക് പകരം നിയമിക്കുന്നത് താല്‍കാലിക ജീവനക്കാരെ. സാങ്കേതിക വിദഗ്ധരുടെ നിയമനമേ നിര്‍ത്തിവച്ചു. 

രണ്ടു വര്‍ഷം കഴിയുമ്പോള്‍ നിലവിലെ പത്ത് ശതമാനം ജീവനക്കാര്‍ കൂടി വിരമിക്കും. ഇതോടെ താല്‍ക്കാലിക ജീവനക്കാരുടെ കേന്ദ്രമാകും കെല്‍ട്രോണ്‍. സംസ്ഥാന സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കെല്‍ട്രോണിന്റെ മണ്‍വിളയിലുള്ള കോടികളുടെ സ്ഥലം സ്വകാര്യകമ്പനികള്‍ക്ക് തീറെഴുതിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.