നടനത്തിന്റെ ആധാരം

Monday 6 August 2018 6:30 am IST
നാടകത്തിന്റെ അച്ചടക്ക നടനത്തില്‍ നിന്നാണ് മുരളിയിലെ നടന്‍ സെല്ലുലോയ്ഡിലെത്തുന്നത്. റീ ടേക്കുകളില്ലാത്ത നാടകത്തിന്റെ പിന്‍ബലം മുരളിക്ക് സിനിമയില്‍ പെട്ടെന്നുളള വഴക്കമായി. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹവുമായി മുരളി സഹകരിച്ചിരുന്നു.

ചിലര്‍ വിടപറഞ്ഞാലും മനസില്‍നിന്നും ഇറങ്ങിപ്പോകാതിരിക്കാന്‍ ഓര്‍മ വാതില്‍ക്കല്‍ നമ്മളിരിക്കും. നടനഭാഷയ്ക്ക് പുതിയ വ്യാകരണം നല്‍കിയ മുരളി യാത്രയായിട്ട് ഇന്നേയ്ക്ക് ഒന്‍പതുവര്‍ഷം. കാണികളുടെ കൂടെയിരുന്ന് സിനിമ കാണുംപോലൊരു പ്രതീതി ജനിപ്പിക്കാന്‍ നടന്‍ മുരളിക്കു കഴിഞ്ഞതുകൊണ്ടാണ് ഇന്നും ഓര്‍മവാതില്‍ക്കല്‍ അദ്ദേഹം നില്‍ക്കുന്നത്. പഞ്ചാഗ്നിയിലൂടെ കണ്ടപ്പോള്‍ നടനത്തിന്റെ അഗ്നി പരീക്ഷകള്‍ കഴിഞ്ഞെത്തിയ ഒരുപക്വത കാഴ്ചക്കാര്‍ മുരളിയില്‍ കണ്ടിരുന്നു. അദ്ദേഹത്തിന്റെ ശരീരഭാഷയും ശബ്ദഗാംഭീര്യവും എംടി തിരിച്ചറിഞ്ഞതാണ് ആ സിനിമയിലേക്കു കാല്‍ച്ചുവടായത്. അതിനു മുന്‍പ് ഗോപിയുടെ ഞാറ്റടിയിലെ മുരളിയുടെ സാന്നിധ്യം പ്രേക്ഷകന്‍ അറിയാന്‍ ആ സിനിമ റിലീസായില്ല.

നാടകത്തിന്റെ അച്ചടക്ക നടനത്തില്‍ നിന്നാണ് മുരളിയിലെ നടന്‍ സെല്ലുലോയ്ഡിലെത്തുന്നത്. റീ ടേക്കുകളില്ലാത്ത നാടകത്തിന്റെ പിന്‍ബലം മുരളിക്ക് സിനിമയില്‍ പെട്ടെന്നുളള  വഴക്കമായി. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹവുമായി മുരളി സഹകരിച്ചിരുന്നു. അമേച്വര്‍ നാടകത്തിലെ വിവിധ കഥാപാത്രങ്ങളും സി.എന്‍ ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മിയിലെ രാവണന്‍ തുടങ്ങിയ അസാധാരണ വേഷങ്ങളും സഹജാവ ബോധത്തിനൊപ്പം ശരീര ഭാവ പെരുമാറ്റങ്ങള്‍ക്ക് ഈ നടന് കൂടുതല്‍ ശിക്ഷണം നല്‍കിയതായിക്കാണാം. 

ആധാരം എന്ന ചിത്രം മുരളിക്ക് സിനിമയില്‍ ഒരു ആധാരം ഉണ്ടാക്കിക്കൊടുത്തു. ലോഹിതദാസിന്റെ രചനയില്‍ ജോര്‍ജ് കിത്തു സംവിധാനം ചെയ്ത ഈ ചിത്രമാണ് മുരളിക്ക് നടനലോകത്ത് സ്വന്തം കസേര വലിച്ചിട്ടിരിക്കാന്‍ തന്റേടമാക്കിയത്. അതിലെ വേഷത്തിന് സംസ്ഥാന അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. അതിഭാവുകത്വമോ നാടകിയതയോ ഇല്ലാത്ത തന്മയായിരുന്നു മുരളിയുടെ വേഷങ്ങള്‍. നായകനും വില്ലനും തുടങ്ങി ഏതു വേഷവും ആ ശരീരത്തിലും മുഖത്തും ശബ്ദത്തിലുമൊക്കെ ഭദ്രമായിരുന്നു. 

പൗരുഷത്തിന്റേയും നിസഹായതയുടേയും വിവിധഭാവങ്ങള്‍ തിരയിളക്കിയ മുരളീരസങ്ങള്‍ക്കു തന്നെയുണ്ടായിരുന്നു മലയാളത്തില്‍ ഒത്തിരി ആരാധകര്‍. അഭിനയത്തിനുപകരം പെരുമാറുന്നതാണ് മുരളിയുടെ കഥാപാത്രങ്ങളില്‍ കണ്ടത്. ഒരു വേഷവും മോശമല്ലെന്ന അംഗീകാരം കിട്ടിയ മലയാളത്തിലെ ആപൂര്‍വം നടന്‍മാരില്‍ ഒരാളാണ് മുരളി.

അഭിനയത്തിലോ താരപ്രഭയിലോ മാത്രം സുരക്ഷിതത്വം കണ്ടെത്തുന്ന നമ്മുടെ സിനിമാക്കാര്‍ക്കിടയില്‍ വായനയും ചിന്തയും എഴുത്തുംകൊണ്ട് വേറിട്ട് വ്യക്തിത്വം പുലര്‍ത്തിയ നടനാണ്് മുരളി. അഞ്ച് പുസ്തകങ്ങള്‍  അദ്ദേഹത്തിന്റേതായുണ്ട്. മഞ്ചാടിക്കുരുവരെ മലയാളവും തമിഴും തെലുങ്കുമായി 170 ചിത്രങ്ങള്‍. നെയ്ത്തുകാരനിലൂടെ ദേശീയ പുരസ്‌ക്കാരം. അഞ്ചു തവണ സംസ്ഥാന അവാര്‍ഡുള്‍പ്പെടെ നിരവധി അംഗീകാരമാണ് മുരളിയെത്തേടി വന്നത്. 

1954 മെയ് 25ന് കൊല്ലത്തു ജനിച്ച മുരളി 2009 ആഗസ്റ്റ് 6ന് അന്‍പത്തഞ്ചാം വയസില്‍ തിരുവനന്തപുരത്ത് അന്തരിച്ചു. മുരളി ആടിത്തിമിര്‍ത്ത വേഷങ്ങള്‍ ഇപ്പോഴും പ്രേക്ഷകനോട് ജീവിതത്തിന്റെ ഭാഷയില്‍ സംവദിച്ചുകൊണ്ടിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.