ധാക്കയില്‍ യുഎസ് നയതന്ത്ര പ്രതിനിധിയുടെ വാഹനത്തിനു നേരെ ആക്രമണം

Monday 6 August 2018 11:19 am IST

ധാക്ക: ബംഗ്ലാദേശില്‍ യുഎസ് നയതന്ത്രപ്രതിനിധിയുടെ വാഹനത്തിനു നേരെ ആക്രമണം. ആക്രമണത്തില്‍ വാഹനത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും നയതന്ത്ര പ്രതിനിധി മറീക്ക ബെര്‍ണിക്കറ്റ് സുരക്ഷിതയാണെന്ന് നയതന്ത്രകാര്യാലയം ഫേസ്ബുക്കിലൂടെ അറിയിച്ചു. 

റോഡുകളുടെ മോശം അവസ്ഥയെ തുടര്‍ന്ന് ട്രാഫിക് അപകടങ്ങളില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അഞ്ചു ദിവസമായി പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന പ്രതിഷേധത്തിനിടയിലേക്ക് എത്തിയതോടെയാണ് നയതന്ത്ര പ്രതിനിധിയുടെ വാഹനത്തിനു നേരെയും ആക്രമണമുണ്ടായത്.

റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളും ഒരുകൂട്ടം നാട്ടുകാരും പ്രതിഷേധത്തിനു ഞായറാഴ്ച തുടക്കമിട്ടത്.  പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. ഇതില്‍ 50ഓളം പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. പ്രമുഖ ഫോട്ടോജേര്‍ണലിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഷാഹിദുള്‍ ആലത്തിനെ പ്രതിഷേധക്കാര്‍ക്ക് പിന്തുണയര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

യുഎസ് നയതന്ത്രപ്രതിനിധി മറീക്ക ബെര്‍ണിക്കറ്റ് പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കിയാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. 'അവരുടെ ജനാധിപത്യ അവകാശങ്ങള്‍ സമാധാനപൂര്‍വം പ്രയോഗിക്കുന്ന ആയിരക്കണക്കിന് ചെറുപ്പക്കാര്‍ക്കെതിരെയുള്ള ക്രൂരമായ ആക്രമണങ്ങളെയും അക്രമങ്ങളെയും ന്യായീകരിക്കാനാവില്ലെന്ന് പോസ്റ്റില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.