ഇമ്രാന്റെ വിജയം ഈ 'ആപ്പി'ലൂടെ

Monday 6 August 2018 12:25 pm IST

ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്‌രിക് ഇ ഇന്‍സാഫിനെ (പിടി ഐ) അപ്രതീക്ഷിത വിജയത്തിലേക്ക് നയിച്ചത് ഒരു ഫോണ്‍ ആപ്പും 50 ദശലക്ഷം വരുന്ന വോട്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങളും. സൈന്യത്തിന്റെ പിന്തുണയോടെയാണ് തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുമ്പോഴും 'ആപ്പി'ന് കടപ്പെട്ടിരിക്കുകയാണ് ഇമ്രാന്‍ ഖാനും പിടിഐയും. 

കണ്‍സ്റ്റിറ്റിയുവന്‍സി മാനേജ്‌മെന്റ് സിസ്റ്റം (സിഎംഎസ്) എന്ന പേരില്‍ വോട്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ആപ്പുമായി ഏകോപിപ്പിച്ചായിരുന്നു പ്രചാരണം. എതിരാളികള്‍ ചോര്‍ത്തുമെന്ന ഭയത്താല്‍ ഇതിന്റെ സാങ്കേതികവിദ്യ പാര്‍ട്ടി പ്രവര്‍ത്തകര്‍ അതീവ രഹസ്യമായി സൂക്ഷിച്ചു. പോളിങ്ങ് നടക്കുന്ന സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ സര്‍ക്കാരിന്റെ ടെലിഫോണ്‍ സേവനങ്ങള്‍ നിഷ്‌ക്രിയമായപ്പോള്‍ അതിനെ വോട്ടാക്കി മാറ്റാനും പിടിഐയ്ക്ക് ആപ് സഹായകമായി. 

ഓരോ നിയോജക മണ്ഡലത്തിലും സിഎംഎസ് യൂണിറ്റുകളുണ്ടാക്കി വോട്ടുകളോരോന്നും 'ഉറപ്പിക്കാന്‍' പിടിഐയ്ക്കു കഴിഞ്ഞു. ആഴ്ചകളെടുത്തു ചെയ്യേണ്ട പ്രചാരണമാണ് ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കുള്ളില്‍ ആപ് വഴി പൂര്‍ത്തിയാക്കിയത്. 

അതേസമയം തീര്‍ത്തും അസ്ഥിരമായിരുന്നു ഭരണകക്ഷിയായിരുന്ന പാക്കിസ്ഥാന്‍ മുസ്ലിംലീഗ് നവാസ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍. പാര്‍ട്ടിയിലെ വിഭാഗീയതും നേതാക്കളെ അയോഗ്യരാക്കിയതും നവാസ് ഷെരീഫിനെയും മകളെയും ജയിലിലടച്ചതും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പിന്നോട്ടു നയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.