ചുമര്‍ചിത്രകാരന്‍ കെ.കെ.വാരിയര്‍ അന്തരിച്ചു

Monday 6 August 2018 1:14 pm IST
39 വര്‍ഷം ചിത്രകലാധ്യാപകനായിരുന്നു. മൂന്ന് തവണ കേരള ലളിതകലാ അക്കാദമി പുരസ്‌കാരം, ലളിതകലാ പുരസ്‌കാരം, ദേശീയ അധ്യാപക പുരസ്‌കാരം, കേന്ദ്രസര്‍ക്കാര്‍ സീനിയര്‍ ഫെലോഷിപ്, ജന്മാഷ്ടമി പുരസ്‌കാരം, വര്‍ണകുലപതി, കലാപ്രവീണ്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തൃശൂര്‍: ചുമര്‍ചിത്രകല രംഗത്ത് ശ്രദ്ധേയനായ കെ.കെ വാരിയര്‍ എന്ന കിഴക്കേടത്ത് കുഞ്ഞിരാമന്‍ വാരിയര്‍ (84) അന്തരിച്ചു. 1979 ല്‍ രുക്മിണി കല്യാണമണ്ഡപത്തില്‍ രുക്മിണി സ്വയംവരം കഥ ചിത്രീകരിച്ചാണ് വാരിയര്‍ ഗുരുവായൂരില്‍ ചുമര്‍ചിത്ര രചനയാരംഭിച്ചത്.

മുപ്പത്തിയൊന്‍പതു വര്‍ഷം ചുമര്‍ചിത്രകലാധ്യാപകനായിരുന്നു. മൂന്ന് തവണ കേരള ലളിത കല അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. കൂടാതെ ലളിതകലാ പുരസ്‌കാരം, ദേശീയ അധ്യാപക പുരസ്‌കാരം, കേന്ദ്രസര്‍ക്കാര്‍ സീനിയര്‍ ഫെലോഷിപ്, ജന്മാഷ്ടമി പുരസ്‌കാരം, വര്‍ണകുലപതി, കലാപ്രവീണ്‍ പുരസ്‌കാരങ്ങള്‍ എന്നിവയും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്  ഒന്‍പതു ക്ഷേത്രങ്ങളില്‍ ചുമര്‍ചിത്രങ്ങള്‍ പുനരാലേഖനം ചെയ്യുകയും പുതിയതായി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇരുപത്തിയെട്ട് വര്‍ഷത്തിനിടയില്‍ ഇദ്ദേഹം 98 ഓളം ചുമര്‍ചിത്രങ്ങള്‍ ക്ഷേത്രചുവരുകളില്‍ നിന്ന് കണ്ടെത്തി സംരക്ഷിച്ചിട്ടുണ്ട്. 'സംരക്ഷിത ചുമര്‍ചിത്രങ്ങള്‍' എന്ന കൃതി പ്രശസ്തമാണ്. 1970ലെ അഗ്‌നിബാധയില്‍ നശിച്ചുപോയ ഗുരുവായൂരിലെ ചുമര്‍ചിത്രങ്ങള്‍ 1986ല്‍ പുനരാലേഖനം ചെയ്തപ്പോള്‍ ഒരു വശത്തെ ചിത്രങ്ങള്‍ ഇദ്ദേഹം പുനര്‍രചിക്കുകയും ചെയ്തു. എറണാകുളത്ത് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്സ്, ഗുരുവായൂരില്‍ ചിത്രഗേഹം എന്നീ കലാസ്ഥാപനങ്ങളുടെ സ്ഥാപകനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.