കനേഡിയന്‍ അംബാസിഡറെ സൗദി പുറത്താക്കി

Monday 6 August 2018 3:41 pm IST
സൗദിയില്‍ മനുഷ്യാവകാശങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി പ്രചാരണം നടത്തിയ ബ്ലോഗര്‍ റാഫി ബദാവിയുടെ സഹോദരി സമര്‍ ബദാവി, നസാമ അല്‍- സദ എന്നീ മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് കഴിഞ്ഞ ബുധനാഴ്ച സൗദി അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചത്. ഇവരെ വിട്ടയയ്ക്കണമെന്നാണ് കാനഡ ആവശ്യപ്പെട്ടത്.

റിയാദ്: ജയിലിടച്ച ആക്ടിവിസ്റ്റുകളെ മോചിപ്പിക്കണമെന്ന് സൗദി അറേബ്യയോട് കാനഡ ആവശ്യപ്പെട്ടതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. കാനഡയുടെ അംബാസിഡറെ സൗദി അറേബ്യ പുറത്താക്കി. കാനഡയിലുള്ള തങ്ങളുടെ അംബാസിഡറെ സൗദി തിരിച്ചു വിളിച്ചിട്ടുമുണ്ട്.

സൗദിയില്‍ മനുഷ്യാവകാശങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി പ്രചാരണം നടത്തിയ ബ്ലോഗര്‍ റാഫി ബദാവിയുടെ സഹോദരി സമര്‍ ബദാവി, നസാമ അല്‍- സദ എന്നീ മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് കഴിഞ്ഞ ബുധനാഴ്ച സൗദി അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചത്. ഇവരെ വിട്ടയയ്ക്കണമെന്നാണ് കാനഡ ആവശ്യപ്പെട്ടത്.

കനേഡിയന്‍ വിദേശകാര്യ മന്ത്രാലയമാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഇത് സൗദി അറേബ്യയുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവിച്ചു. സൗദിയുടെ ആഭ്യന്തര കാര്യത്തിലുള്ള ഒരു ബാഹ്യ ഇടപെടലും അനുവദിക്കില്ല. മറ്റൊരു രാജ്യവും സൗദിയോട് ആജ്ഞാപിക്കുന്നത് അംഗീകരിക്കാനുമാവില്ല, സൗദി വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. 

മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ സൗദി ഇടപെടാറില്ല. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ അംഗീകരിക്കുന്ന നിലപാടാണ് സൗദി എന്നും സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ കാനഡയുടെ ഇടപെടല്‍ ന്യായീകരിക്കാവുന്നതല്ല, ട്വീറ്റില്‍ തുടരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.