വനിതാ കമ്മീഷനും ജില്ലാ പൊലീസ് മേധാവിക്കും പരാതി പാര്‍ട്ടി ഭരണത്തിലുളള വനിതാ സഹകരണ സംഘത്തിന്റെ സെക്രട്ടറിയുടെ 50 ലക്ഷം രൂപ വിലയുള്ള സ്വത്ത് സിപിഎം പ്രാദേശിക നേതൃത്വം തട്ടിയെടുത്തു

Monday 6 August 2018 4:17 pm IST

 

മട്ടന്നൂര്‍: സിപിഎം ഭരിക്കുന്ന വനിതാ സഹകരണ സംഘത്തിന്റെ സെക്രട്ടറിയെ പുറത്താക്കി സെക്രട്ടറിയുടെ 50 ലക്ഷം രൂപ വിലയുള്ള സ്വത്ത് സിപിഎം പ്രാദേശിക നേതൃത്വം തട്ടിയെടുത്തതായി വനിതാ കമ്മീഷനും ജില്ലാ പൊലീസ് മേധാവിക്കും പരാതി. എടയന്നൂര്‍ വനിതാ സഹകരണ സംഘം സെക്രട്ടറിയായിരുന്ന എടയന്നൂര്‍ ആലക്കല്‍ വീട്ടില്‍ കെ.വി.ഉഷാകുമാരിയാണ് ഇത് സംബന്ധിച്ചു വനിതാ കമ്മിഷനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. 

ജോലി നഷ്ടപ്പെട്ട ഉഷാകുമാരി ഇപ്പോള്‍ മട്ടന്നൂര്‍ നഗരത്തില്‍ തൂപ്പുകാരിയായാണ് ജീവിതം തള്ളി നീക്കുന്നത്. സ്വത്ത് നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ അമ്മയ്ക്കു മാനസികനില തെറ്റുകയും മരണപ്പെടുകയും ചെയ്തു. 

സഹകരണ സംഘത്തില്‍ സെക്രട്ടറിയായിരിക്കെ ആറു ലക്ഷം രൂപയുടെ ബാധ്യത വരുത്തിവച്ചു വെന്ന് ആരോപിച്ച് പുറത്താക്കുകയും ബാധ്യത തിരികെ അടപ്പിക്കാന്‍ ഉഷാകുമാരിയുടെ 30 സെന്റ് ഭൂമി സംഘം പ്രസിഡന്റിന്റെ പേരില്‍ എഴുതി വാങ്ങുകയും ചെയ്തിരുന്നു. സിപിഎം പ്രാദേശിക നേതൃത്വം ഭീഷണിപ്പെടുത്തിയാണ് സ്വത്ത് കൈക്കലാക്കിയതെന്നു പറയുന്നു. സഹകരണ സംഘത്തിന്റെ പേരില്‍ ഭൂമി റജിസ്റ്റ്ര്‍ ചെയ്യാതെ അന്നത്തെ പ്രസിഡന്റിന്റെ പേരിലാണ് റജിസ്‌ട്രേഷന്‍ നടത്തിയത്. സ്വത്ത് വിറ്റു ബാധ്യത തീര്‍ത്ത ശേഷം ബാക്കി തുക തിരികെ നല്‍കാനാണ് സംഘത്തിന്റെ പേരില്‍ സ്ഥലം ഏറ്റെടുക്കാതെ വ്യക്തിയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്തതെന്നാണ് സംഘം ഭാരവാഹികളുടെ വിശദീകരണം. ബാധ്യത തീര്‍ക്കാന്‍ ഭൂമി ജപ്തി ചെയ്യുന്നതിനുള്ള നടപടിയൊന്നും എടുക്കാതെ പാര്‍ട്ടിക്കാര്‍ ഭീഷണിപ്പെടുത്തി സൊസൈറ്റി പ്രസിഡന്റിന്റെ പേരില്‍ ഭൂമി എഴുതി വാങ്ങുകയായിരുന്നു. എന്നാല്‍ ആറു വര്‍ഷം കഴിഞ്ഞിട്ടും ബാധ്യത തീര്‍ത്ത് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തയാറായിട്ടില്ല. പലതവണ മധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്താന്‍ സിപിഎം നേതൃത്വം തയാറാകുന്നില്ലെന്നു പറയുന്നു.

ഭൂമി മറിച്ചു വിറ്റ് ബാധ്യത തീര്‍ക്കുകയോ തവണകളായി അടച്ചു തീര്‍ക്കാനുള്ള സാവകാശം അനുവദിക്കുകയോ ചെയ്യണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വം അംഗീകരിച്ചില്ലെന്ന് ഉഷാകുമാരി പറയുന്നു. സെക്രട്ടറിയായി 1999 ലാണ് 750 രൂപ ശംബളത്തില്‍ ജോലിയില്‍ ചേര്‍ന്നത്. 2003ല്‍ സംഘത്തിന്റെ കീഴില്‍ പ്രന്റിങ് പ്രസ് ആരംഭിച്ചു. പ്രസ്സിന്റെ ആവശ്യങ്ങള്‍ക്കു വേണ്ടി സംഘത്തില്‍ നിന്നു പലതവണ പണം പിന്‍വലിച്ചിരുന്നു. അതിനു വൗച്ചറൊന്നും ഹാജരാക്കിയിരുന്നില്ല. അത് ചോദ്യം ചെയ്തപ്പോള്‍ പ്രസ്സിന്റെ ചുമതലയുള്ള ആളെ നിയമിച്ച ശേഷം കൈകാര്യം ചെയ്യുമെന്നായിരുന്നുവത്രെ ഭരണ സമിതിയുടെ മറുപടി. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനമായതിനാല്‍ നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത്. സഹകരണ നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ വകുപ്പു തലത്തി നടപടിയൊന്നും എടുക്കാതെ പാര്‍ട്ടി തീരുമാന പ്രകാരം സ്വത്ത് കൈക്കലാക്കി തന്നെ തൊഴില്‍ രഹിതയാക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നു കാണിച്ചാണ് വനിതാ കമ്മിഷനു പരാതി നല്‍കിയത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.