കൊട്ടിയൂര്‍ വൈദിക പീഡനം: ശാസ്ത്രിയ തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷന്‍

Monday 6 August 2018 4:36 pm IST

 

തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ശാസ്ത്രീയ തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷന്‍. തലശ്ശേരി പോക്‌സോ കോടതിയില്‍ ഇന്നലെ പേരാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരടക്കം നാല് സാക്ഷികളെയാണ്  പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. അസിസ്റ്റന്റ് സര്‍ജന്‍മാരായ ഡോക്ടര്‍ നിഷി, ഡോ.മിര്‍ഷാദ് എന്നിവരെ 10, 11, സാക്ഷികളായാണ് വിസ്തരിക്കുക. ഡിഎന്‍എ പരിശോധനക്കായി കുറ്റാരോപിതന്റെയും നവജാത ശിശുവിന്റെയും രക്തസാമ്പിളുകള്‍ എടുത്ത് നല്‍കിയെന്നതിനാണ് ഡോക്ടര്‍മാര്‍ സാക്ഷി പട്ടികയിലിടം നേടിയത്. 

 പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും കുട്ടിയുടെ മാതാപിതാക്കളും കൂറ് മാറിയ പശ്ചാത്തലത്തിലുണ്ടായ തിരിച്ചടിയെ മറികടക്കാന്‍ ശാസ്ത്രിയ തെളിവുകള്‍ നിരത്തി വാദിക്കാനാവും ഇനി മുതല്‍ പ്രോസിക്യൂഷന്റെ നീക്കം. ഇതിനെ ഖണ്ഡിക്കാന്‍ പ്രതിഭാഗം അഭിഭാഷകരും അടവുകള്‍ ഇറക്കുന്നതോടെ വരും ദിവസങ്ങളില്‍ കൊട്ടിയൂര്‍ പീഡനക്കേസിന്റെ ചീഫ് വിസ്താരവും ക്രോസും കോടതിയില്‍ തീപാറുന്ന പ്രതീതി സൃഷ്ടിച്ചേക്കും. കഴിഞ്ഞ വര്‍ഷം ഫിബ്രവരി ഏഴിന് രാവിലെ തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപത്രിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവവും നവജാത ശിശുവിനെ പ്രസവം നടന്ന ദിവസം രാത്രിയില്‍ തന്നെ വയനാട് വൈത്തിരിയിലെ അനാഥാലയത്തിലെത്തിച്ചതും പുറം ലോകമറിഞ്ഞതിനെ തുടര്‍ന്നാണ് പ്രമാദമായ കൊട്ടിയൂര്‍ പീഡനക്കേസിന്റെ ആവിര്‍ഭാവമുണ്ടായത്. 

എട്ടിന് രാവിലെ ചോരക്കുഞ്ഞിനെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചതായാണ് രേഖകളിലുണ്ടായിരുന്നത്. ഇത്തരം ഒരു കുട്ടിയെ കിട്ടിയ വിവരമറിഞ്ഞിട്ടും അത് ശിശുക്ഷേമസമിതിയില്‍ നിന്നും മറച്ചുവെച്ചു എന്ന കുറ്റമാണ് ചെയര്‍മാന്‍ അഡ്വ.ഫാ.തോമസ് ജോസഫ് തേരകത്തെയും ശിശുക്ഷേമസമിതി അംഗം ഡോ.സിസ്റ്റര്‍ ബെറ്റിയെയും കേസില്‍ പ്രതിസ്ഥാനത്തെത്തിച്ചത്. ഫിബ്രവരി 26 ന് കേസെടുത്ത പേരാവൂര്‍ പോലിസ് 27 ന് മുഖ്യ പ്രതിയായി കണ്ടെത്തിയ വൈദികന്‍ ഫാ.റോബിന്‍ വടക്കുംചേരിയെ അറസ്റ്റ് ചെയ്തിരുന്നു. 

ഏറെ കരുതലോടെയും ജാഗ്രതയോടെയും നീങ്ങിയ പേരാവൂര്‍ പോലിസ് പിന്നീട് ഡോക്ടര്‍മാരും കന്യാസ്ത്രികളും ഉള്‍പെടെ 9 പേരെയും പ്രതിചേര്‍ത്ത് നിയമനടപടിക്ക് വിധേയമാക്കി. തലശ്ശേരി വനിതാ ജഡ്ജ് വി.വിനിത മുന്‍പാകെ പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഹാജരാക്കിയ പോലിസ് സിആര്‍പിസി 164 പ്രകാരം രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ കേസിന്റെ വിചാരണ തലശ്ശേരി കോടതിയില്‍ തുടങ്ങാനിരിക്കെ പെണ്‍കുട്ടി പ്രസവിച്ച കൂത്തുപറമ്പ് തൊക്കിലങ്ങാടി ആശുപത്രിയിലുള്ള ഗൈനോക്കോളജിസ്റ്റ് ഡോക്ടര്‍ സിസ്റ്റര്‍ ടെസി ജോസ്, പീഡിയാട്രീഷ്യന്‍ ഡോ.ഹൈദരലി, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, വൈത്തിരി സിഡബ്ല്യൂസി ചെയര്‍മാര്‍ ഫാ.തോമസ് ജോസഫ് തേരകം, സമിതിയംഗം സിസ്റ്റര്‍ ബെറ്റി എന്നിവര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നപേക്ഷിച്ച് സുപ്രീം കോടതിയിലെത്തിയിരുന്നു. 

ഹരജിക്കാരില്‍ ഡോക്ടര്‍മാരെയും ആശുപത്രി അഡ്മിനിസ്‌ട്രേറ്ററെയും വിചാരണയില്‍ നിന്ന് ഒഴിവാക്കിയ സുപ്രീം കോടതി ശിശുക്ഷേമസമിതി ചെയര്‍മാനും സമിതി അംഗവും വിചാരണ നേരിടണമെന്ന് ഉത്തരവിട്ടതും കൊട്ടിയൂര്‍ കേസിന്റെ നാള്‍വഴികളില്‍ ശ്രദ്ധേയമായി. പ്രോസിക്യൂഷന്‍ ഭാഗത്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ബി.പി.ശശീന്ദ്രന്‍, സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ബീന കാളിയത്ത്, അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ.പ്ലീഡര്‍ അഡ്വ.സി.കെ.രാമചന്ദ്രന്‍ എന്നിവര്‍ ഹാജരായി. പ്രതിഭാഗത്ത് അഭിഭാഷകരായ പി.വി.ഗിരി, എം.അശോകന്‍, ഗ്രേഷ്യസ് കുര്യാക്കോസ്, ജോണ്‍ സെബാസ്റ്റ്യന്‍, പി.രാജന്‍ എന്നിവരാണ് മറുവാദത്തിനായി ഹാജരാവുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.