ദുരൂഹ സാഹചര്യത്തില്‍ തീപ്പിടിച്ച കട നവീകരിച്ചത് നഗരസഭയെ വെല്ലുവിളിച്ചുകൊണ്ട്

Monday 6 August 2018 4:44 pm IST

 

തലശ്ശേരി: നഗരമധ്യത്തിലെ ഒവി റോഡില്‍ രണ്ടാഴ്ച മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ തീപ്പിടിച്ച കട നവീകരിച്ചത് നഗരസഭയെ ധിക്കരിച്ചെന്ന് പരാതി. തീ പടര്‍ന്ന് നാശനഷ്ടം പറ്റിയ കടയുടെ മുകളില്‍ സ്ഥാപിച്ച ഷീറ്റ് റോഡിലേക്ക് നീട്ടിക്കെട്ടിയതാണ് ആക്ഷേപമുയര്‍ത്തിയത്. വിവരം ലഭിച്ച് സ്ഥലത്തെത്തിയ നഗരസഭാ ഉദ്യോഗസ്ഥര്‍ വിലക്കിയിട്ടും പ്രവൃത്തി നിര്‍ത്തിയില്ലെന്നറിയുന്നു. 

ഇതോടെ ഉടമക്ക് നോട്ടിസ് നല്‍കാനുള്ള തീരുമാനത്തിലാണ് നഗരസഭാ ഉദ്യോഗസ്ഥരുള്ളത്. ഇക്കഴിഞ്ഞ ജൂലൈ 23നാണ് ഒ.വി.റോഡ് പഴയ ബസ് സ്റ്റാന്റ് ജംഗ്ഷനിലുള്ള കിടക്ക, തറപ്പായ, തലയണ, ഉന്നം തുടങ്ങിയവ വില്‍കുന്ന മൊത്ത, ചില്ലറ, സംഭരണശാലയായ പരവതാനിക്ക് തീപ്പിടിച്ചിരുന്നത്. ലക്ഷങ്ങളുടെ നാശനഷ്ടം നേരിട്ടിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപിടുത്തത്തിന് ഇടയാക്കിയതെന്നായിരുന്നു പ്രാഥമിക നിഗമനങ്ങളെങ്കിലും വിശദമായ പരിരോധനയില്‍ ഇതിന്റെ തെളിവുകളൊന്നും കണ്ടെത്തിയിരുന്നില്ല. 

ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ സ്ഥിരീകരിച്ച വിവരങ്ങളും പുറത്ത് വന്നിട്ടില്ല. ഇതിനിടയിലാണ് കത്തിയ കട ധൃതി വച്ച് നവീകരിച്ചത്. റോഡ് വികസനത്തിന് വേണ്ടി അക്വയര്‍ ചെയ്യാനിരിക്കെയാണ് ഇടുങ്ങിയ റോഡിന്റെ മേല്‍ ഭാഗത്ത് കൈയ്യേറ്റമെന്ന നിലയില്‍ മഴത്താങ്ങി നീട്ടിക്കെട്ടി മറ്റൊരു വിവാദത്തിന് വഴിയൊരുക്കിയത്. പരവതാനിയുടെ കൈയ്യേറ്റക്കാര്യം സമീപത്തെ കച്ചവടക്കാരും അനുകരിച്ചാല്‍ ഒ.വി.റോഡിന്റെ നിയന്ത്രണം തന്നെ നഗരസഭക്ക് കൈവിട്ടു പോകുമെന്ന കാര്യത്തില്‍ സംശയമില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.