കണ്ണൂര്‍ സര്‍വ്വകലാശാല പഠന ബോര്‍ഡുകള്‍ പുതുക്കാനുളള അപേക്ഷയിലെ പിടിപ്പുകേട് : അധ്യാപക സമൂഹത്തിന് നാണക്കേടെന്ന്

Monday 6 August 2018 5:21 pm IST

 

കണ്ണൂര്‍: പഠന ബോര്‍ഡുകള്‍ കാലഹരണപ്പെട്ട കാര്യം നോക്കാതെ ഇടതുപക്ഷക്കാരെ തിരുകിക്കയറ്റുന്ന യൂണിവേഴ്‌സിറ്റി അധികൃതര്‍ ആ പ്രവൃത്തിയില്‍ മാത്രം മുഴുകുമ്പോള്‍ ഇരുട്ടിലാകുന്നത് വിദ്യാര്‍ഥി സമൂഹമാണെന്നും അതിന്റെ കുറ്റവും പഴിയും ജീവിതം മുഴുവന്‍ ഏറ്റു വാങ്ങേണ്ടത് അധ്യാപക സമൂഹവുമാണെന്നതും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് കെപിസിടിഎ. കണ്ണൂര്‍ ജില്ല ഘടകം സൂചിപ്പിച്ചു. ഇതേ പ്രശ്‌നത്തില്‍ ബോര്‍ഡ് പുതുക്കാനുള്ള അപേക്ഷ പട്ടികയോടൊപ്പം ഗവര്‍ണ്ണര്‍ക്ക് തിരക്കിട്ട് സമര്‍പ്പിച്ചുവെന്ന് യൂനിവേഴ്‌സിറ്റി പറയുന്നിടത്ത് അബദ്ധങ്ങള്‍ മാത്രമേ ഉള്ളൂ. പല പേരുകളും തിരുകി കയറ്റിയപ്പോള്‍ ആവര്‍ത്തനം സംഭവിക്കുകയും, വകുപ്പുകളുടെ പേരുകള്‍ മാറിപ്പോകുകയും, അക്ഷരതെറ്റുകള്‍ സംഭവിച്ച് മനസ്സിലാക്കാന്‍ തന്നെ പറ്റാതാകുകയും ചെയ്തു. യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ മേലൊപ്പോടുകൂടി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുന്ന ഒരു പ്രധാന കത്തിടപാടില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഈ പിഴവുകള്‍ പോലും ഇപ്പോഴത്തെ യൂനിവേഴ്‌സിറ്റി നേതൃത്ത്വത്തിന്റെ നേരമ്പോക്ക് നയം തന്നെയാണ് വെളിവാക്കുന്നതെന്നും യോഗം ആരോപിച്ചു. ഈ കാര്യത്തില്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കാനാണ് ഗവര്‍ണ്ണര്‍ ഉത്തരവിട്ടിട്ടുള്ളത് എന്നത് തികച്ചും ശോചനീയമായ അവസ്ഥ തന്നെയാണ്. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ബദ്ധ ശത്രുക്കളാക്കാന്‍ ഉതകുന്ന ഇത്തരം നയങ്ങളെ വെച്ചു പൊറുപ്പിക്കാന്‍ കഴിയില്ല എന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളും സമരവും സംഘടിപ്പിക്കുമെന്നും യോഗം താക്കീത് നല്‍കി. ജില്ല പ്രസിഡന്റ് ഡോ. പ്രേമചന്ദ്രന്‍ കീഴോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. ആര്‍.കെ. ബിജു, ഡോ.ജി.പ്രേംകുമാര്‍, ഡോ. മോഹനന്‍ വി.ടി.വി, പ്രൊഫ.പി.ടി.മുരളീധരന്‍, പ്രൊഫ.പ്രജു കെ.പോള്‍ എന്നിവര്‍ സംസാരിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.