വയല്‍ക്കിളികളെ വീണ്ടും അവഹേളിച്ച് സിപിഎം മുഖപത്രം

Monday 6 August 2018 5:22 pm IST

 

കണ്ണൂര്‍: കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളികൂടായ്മയെ അവഹേളിച്ച് വീണ്ടും സിപിഎം മുഖപത്രം. വയല്‍ക്കിളികള്‍ വെട്ടുകിളികളാണെന്നാണ് ഇന്നലെ പാര്‍ട്ടി മുഖപത്രത്തില്‍ വിശേഷിപ്പിച്ചത്. വയല്‍ക്കിളികളെ കുറിച്ച് സിപിഎം നേതാക്കളും ജി.സുധാകരന്‍ ഉള്‍പ്പെടെയുളള  മന്ത്രിമാരും വയല്‍ക്കിളികളേ കുറിച്ച് വളരെ മോശമായ പരാമര്‍ശം കഴിഞ്ഞ നാളുകളില്‍ നടത്തുകയുണ്ടായി. എരണ്ടപക്ഷികളെന്നും വികസന വിരോധികളെന്നും തീവ്രവാദികളെന്നും തുടങ്ങി അതിനിന്ദ്യമായ അധിക്ഷേപങ്ങള്‍ സിപിമ്മിന്റെ ഭാഗത്തു നിന്നും നടത്തുകയുണ്ടായി. 

   ഇന്നലെവരെ പാര്‍ട്ടിമെമ്പര്‍മാരായിരുന്ന വയല്‍ക്കിളികളെ അത്യന്തം നിന്ദ്യമായ രീതിയില്‍ അധിക്ഷേപിച്ച പാര്‍ട്ടി നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരം പ്രതിഷേധങ്ങള്‍ക്കിടയിലാണ് ബിജെപിയുടെ താളത്തിനൊത്തു തുളളുന്ന വെട്ടുകിളികളെന്നും മറ്റും പാര്‍ട്ടിപത്രം വയല്‍ക്കിളി കൂട്ടായ്മയെ വിശേഷിപ്പിച്ചത്. ത്രീഡി നോട്ടിഫിക്കേഷന് ശേഷം സിപിഎം നേതൃത്വവും പാര്‍ട്ടി മുഖപത്രവും വിജയാഹഌദം നടത്തി വരുന്നതിനിടയില്‍ ബിജെപി നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് നോട്ടിഫിക്കേഷന്‍ മരവിപ്പിക്കുകയും കഴിഞ്ഞ ദിവസം അലൈന്റ്‌മെന്റ് പുനപരിശോധിക്കാന്‍ വിദഗ്ദ സമിതിയെ നിയമിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രി  നേരിട്ട് ഉത്തരവിടുകയും ചെയ്തതോടെ പരിഹാസ്യരായ പാര്‍ട്ടി നേതൃത്വവും മുഖപത്രവും മനോവിഭ്രാന്തി പിടിപെട്ട അവസ്ഥയിലാണ്. ഇതിന്റെ തുടര്‍ച്ചയാണ് വയല്‍ക്കിളികള്‍ക്ക് നേരേയുളള മോശമായ പരാമര്‍ശം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.