ഇടതു, വലതു മുന്നണികള്‍ ദയനീയമായി പരാജയപ്പെട്ടു: അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള

Tuesday 7 August 2018 2:30 am IST

കാസര്‍കോട്: നാലുപതിറ്റാണ്ടായി മാറിമാറി കേരളത്തെ പരീക്ഷണശാലയാക്കിയ ഇടതു, വലതു മുന്നണികള്‍ ദയനീയമായി പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള. വികസനം, കൃഷി, ഉല്‍പാദനം, വ്യവസായം, കയറ്റുമതി തുടങ്ങിയവ മാനദണ്ഡമാക്കിയാല്‍ കേരളം ഇന്ന് ഏറ്റവും പിന്നിലാണ്, കാസര്‍കോട് പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കീഴാറ്റൂര്‍ സമരത്തില്‍  കേന്ദ്രസംഘം വരുന്നതിനെയെന്തിന് സിപിഎം ഭയപ്പെടുന്നു? ശ്രീധരന്‍ പിള്ള ചോദിച്ചു. 

സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ ഇന്ത്യന്‍ ഭരണ ഘടന പാര്‍ട്ടി ഭരണഘടനയ്ക്ക് താഴെയാണെന്ന് പറയുന്നത് സ്റ്റാലിനിസ്റ്റ് ചിന്താഗതിയാണ്. രാഷ്ട്രീയത്തില്‍ എപ്പോഴും പോസിറ്റീവ് എനര്‍ജിയാണ് നല്‍കേണ്ടത്. സിപിഎം എപ്പോഴും നെഗറ്റീവ് എനര്‍ജിയാണ് പ്രചരിപ്പിക്കുന്നത്. കീഴാറ്റൂരില്‍ ഉള്‍പ്പെടെ സിപിഎമ്മിന് തിരിച്ചടി നേരിട്ടത് അതുകൊണ്ടാണ്. കീഴാറ്റൂര്‍ പോലുള്ള സംഭവങ്ങളില്‍ ജനങ്ങളുടെ ആശങ്ക അകറ്റേണ്ട ബാധ്യത പണം മുടക്കുന്ന കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

എയിംസ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ സമര്‍പ്പിച്ചാല്‍ അന്ന് ബിജെപി അഭിപ്രായം പറയാം. ഐഎഎസുകാരുടെ ദാരിദ്ര്യമാണോ അതോ മുന്നണിക്കുള്ളിലെ ആഭ്യന്തര കുഴപ്പമാണോ ഒരു മാസത്തിലധികമായി കാസര്‍കോട് ജില്ലയില്‍ കളക്ടറെ നിയമിക്കാത്തതിന് പിന്നിലെന്ന് ശ്രീധരന്‍പിള്ള ചോദിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്തും പങ്കെടുത്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.എ.ഷാഫി അധ്യക്ഷത വഹിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.