കമ്പകക്കാനം കൂട്ടക്കൊലപാതകം: മുഖ്യപ്രതിയുടെ സഹായി അറസ്റ്റില്‍

Tuesday 7 August 2018 2:31 am IST

തൊടുപുഴ: വണ്ണപ്പുറം മുണ്ടന്‍മുടിയിലെ നാലംഗ കുടുബത്തെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി അടിമാലി കൊരങ്ങാട്ടി സ്വദേശി അനീഷിന്റെ സഹായി തൊടുപുഴ കാരിക്കോട് സാലിഭവനില്‍ ലിബീഷ് (28) ആണ് അറസ്റ്റിലായത്. അനീഷ് പോലീസ് കസ്റ്റഡിയിലുള്ളതായാണ് വിവരം. കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരാണ് 29ന് രാത്രി അതിദാരുണമായി കൊല്ലപ്പെട്ടത്. ക്രൂരകൃത്യം നടത്തിയത് കൊല്ലപ്പെട്ട കൃഷ്ണന്റെ പൂജാ-മന്ത്രവാദ സിദ്ധികള്‍ തട്ടിയെടുക്കാനാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഏറെക്കാലം കൃഷ്ണന്റെ ശിഷ്യനായിരുന്നു അനീഷ്. 

കേസ് സംബന്ധിച്ച് ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.പി. വേണുഗോപാല്‍ നല്‍കുന്ന വിവരം ഇങ്ങനെ: കൃഷ്ണനെപോലെ പൂജയും മന്ത്രവാദവും നടത്തിയിരുന്ന ആളാണ് അനീഷ്. രണ്ട് വര്‍ഷത്തിലധികം കൃഷ്ണന്റെ കൂടെനിന്ന് പൂജകള്‍ പഠിച്ചശേഷം കേരളത്തിലും തമിഴ്‌നാട്ടിലും ഇരുവരും മന്ത്രവാദങ്ങള്‍ നടത്തിയിരുന്നു. മറ്റൊരു പൂജാരിയില്‍നിന്നും ഇയാള്‍ പൂജകള്‍ പഠിച്ചു.

കുറച്ച് കാലമായി ചെയ്യുന്ന പൂജകള്‍ ഫലിക്കുന്നില്ല. ഇതില്‍ നടത്തിയ അന്വേഷണത്തില്‍ തന്റെ സിദ്ധികള്‍ കൃഷ്ണന്‍ കവര്‍ന്നു എന്നാണ് അനീഷ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഇവര്‍ അകലുകയും എങ്ങനെയും ഇവയെല്ലാം സ്വായക്തമാക്കണം എന്ന ചിന്തയും അനീഷിനുണ്ടായി.

ആറ് മാസം മുമ്പ് തുടങ്ങിയ തയാറെടുപ്പാണ് അരുംകൊലയിലെത്തിയത്. ഇവരുടെ ഭാഷയില്‍ 300 മൂര്‍ത്തികളുടെ സിദ്ധിയുണ്ടായിരുന്ന കൃഷ്ണന്റെ പക്കല്‍ നിരവധി താളിയോല ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു. ഇത് അപഹരിക്കുന്നതിനാണ് ഇത്തരമൊരു കൊലപാതകം ആസൂത്രണം ചെയ്തത്. 

നൂറ് കണക്കിന് ആളുകളെ കബളിപ്പിച്ച് കൃഷ്ണന്‍ പണം തട്ടിയതായും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. റൈസ് പുള്ളര്‍, നിധി കണ്ടെത്തല്‍ എന്നിവയുമായി ഇയാള്‍ തമിഴ്‌നാട്ടിലടക്കം നിരവധി ഇടങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ആദ്യം ഇത്തരം തട്ടിപ്പുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിച്ചതെങ്കിലും പിന്നീട് കേസ് വഴിത്തിരിവിലെത്തുകയായിരുന്നു. പ്രതികള്‍ കവര്‍ന്ന 20 പവന്റെ സ്വര്‍ണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഉച്ചകഴിഞ്ഞ് കര്‍ശന സുരക്ഷയില്‍ പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. നിരവധി ആളുകളാണ് പ്രതിയെ എത്തിക്കുന്നതറിഞ്ഞ് കൂക്കി വിളിച്ച് തടിച്ച് കൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

നിര്‍ണായകമായത് ഫോണ്‍ കോള്‍ വിവരം

തൊടുപുഴ: കൂട്ടകൊലപാതകത്തില്‍ നിര്‍ണായകമായത് അനീഷിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍. അതിബുദ്ധി കാട്ടി ഫോണ്‍ എടുക്കാതെ കൊലപാതകം നടന്ന സ്ഥലത്ത് ഇരുവരും എത്തിയെങ്കിലും സംശയത്തിന്റെ പേരില്‍ നടന്ന അന്വേഷണം പ്രതികളിലേക്ക് പോലീസിനെ എത്തിക്കുകയായിരുന്നു. 

കൃഷ്ണന്റെ ബന്ധുക്കള്‍ ഇരുവരും അടുത്ത ചങ്ങാതികളായിട്ടും കൊലപാതകശേഷം സംസ്‌കാര ചടങ്ങിന് പോലും അനീഷ് എത്താതിരുന്ന വിവരം പോലീസിനോട് പറഞ്ഞിരുന്നു. ആളുടെ പേരോ സ്ഥലമോ കൃത്യമായി ലഭിക്കാത്തത് ആദ്യം അന്വേഷണം ഇഴയുന്നതിന് കാരണമായി. ആളെ കണ്ടെത്തി പോലീസ് പല തവണ ഫോണില്‍ വിളിച്ചെങ്കിലും അനീഷ് എടുത്തില്ല. ഇതിനിടെ അനീഷിന് കൈയ്ക്ക് പരിക്കേറ്റതായും പോലീസ് കണ്ടെത്തി. സംശയം ബലപ്പെട്ടതോടെ പിന്നീട് ഫോണ്‍ കോള്‍ പരിശോധിച്ചു. ഇതില്‍ തൊടുപുഴയിലെ ഒരാളെ നിരവധിതവണ വിളിച്ചതായി കണ്ടെത്തി. പിന്നീട് വേഷം മാറി പോലീസ് സ്ഥലത്തെത്തുകയും ലിബീഷിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.