സ്വപ്നങ്ങൾ സഫലം; ഹേമന്ത് ഡോക്ടറാകും

Tuesday 7 August 2018 2:34 am IST

ജയ്പൂര്‍: ഡോക്ടറാകുക എന്നതായിരുന്നു ഹേമന്ത്കുമാര്‍ സ്വാമിയുടെ സ്വപ്‌നം. ദിവസക്കൂലിക്കാരായ താരാചന്ദ് സ്വാമിയും മന്‍രാജ് ദേവിയും മകന്റെ സ്വപ്‌നത്തിന് കൂട്ടുനിന്നു. സര്‍പഞ്ചില്‍ നിന്ന് പണം കടം വാങ്ങി ഹേമന്തിനെ കോട്ടയിലെ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ ചേര്‍ത്തു. പ്രവേശന പരീക്ഷയുടെ ഫലം വന്നപ്പോള്‍, അച്ഛന്റെ പണവും ഹേമന്തിന്റെ സ്വപ്‌നവും പാഴായില്ല. 'നീറ്റ്' റാങ്ക് ലിസ്റ്റില്‍ 16,742 ആയിരുന്നു ഹേമന്ത്. പട്ടികജാതി വിഭാഗത്തില്‍ 270 ഉം. പാന്‍സ്രോട്ടിയ ഗ്രാമത്തിനും അത് അഭിമാനാര്‍ഹമായ നേട്ടമായി. ഇവിടുത്തെ ആദ്യ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് ഹേമന്ത്. ആര്‍യുഎച്ച്എസ് മെഡിക്കല്‍ സയന്‍സസിലാണ് പ്രവേശനം ലഭിച്ചത്. ഈ മാസം ഒന്നിന് ക്ലാസ് തുടങ്ങി. 

പത്താം ക്ലാസില്‍ 82.33 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 81.2 ശതമാനവും മാര്‍ക്ക് നേടിയിരുന്നു ഹേമന്ത്. തുടര്‍ന്ന് മെഡിക്കല്‍ എഞ്ചിനീയറിങ് പരിശീലനത്തിന് പ്രസിദ്ധമായ കോട്ടയിലെ അലന്‍ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. അധ്യാപകരാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ദേശിച്ചത്. ആദ്യ തവണ പ്രവേശന പരീക്ഷയെഴുതിയപ്പോള്‍ പരാജയപ്പെട്ടെങ്കിലും അച്ഛന്റെ പ്രോത്സാഹനത്താല്‍ വീണ്ടുമെഴുതി. വിജയിച്ചു. 

ഹേമന്തിന്റെ കുടുംബസാഹചര്യങ്ങള്‍ മനസ്സിലാക്കിയ അലന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫീസിളവും നല്‍കിയിരുന്നു. ഹേമന്തിനെപ്പോലെ ദരിദ്ര സാഹചര്യങ്ങളില്‍ വരുന്ന മിടുക്കരായ കുട്ടികള്‍ക്ക് പഠിക്കാന്‍ ഇനിയും സാഹചര്യങ്ങളൊരുക്കുമെന്ന് ഡയറക്ടര്‍ നവീന്‍ മഹേശ്വരി പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.