'വസ്തു വാങ്ങാൻ വിലക്ക് വകുപ്പ്'; കശ്മീരിൽ സംഘർഷാവസ്ഥ

Tuesday 7 August 2018 2:35 am IST

ന്യൂദല്‍ഹി: ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഭരണഘടനയിലെ 35 എ വകുപ്പിനെച്ചൊല്ലി കശ്മീരില്‍ സംഘര്‍ഷ അന്തരീക്ഷം. ജമ്മു കശ്മീരുകാരല്ലാത്തവര്‍ ഇവിടെ ഭൂമി വാങ്ങുന്നത് വിലക്കുന്ന വകുപ്പാണിത്. ഇതിനെതിരായ കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്ന വേളയിലാണ് ഒരുവിഭാഗം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാരെ നിര്‍വചിക്കാന്‍ അവിടുത്തെ നിയമസഭയ്ക്ക് ഈ വകുപ്പ് അധികാരം നല്‍കുന്നു. അവര്‍ക്കുള്ള പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും നിയമസഭയ്ക്ക് നിശ്ചയിക്കാം. അന്നത്തെ ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ അനുമതിയോടെ 1954ല്‍ രാഷ്ട്രപതിയുടെ ഉത്തരവു പ്രകാരം കൂട്ടിച്ചേര്‍ത്തതാണ് ഈ വകുപ്പ്. സ്ഥിരം താമസ നിയമം എന്നും ഇതിനെ വിളിക്കാറുണ്ട്. 

ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാരല്ലാത്ത, ഇതര സ്ഥലങ്ങളിലുള്ളവര്‍ ഇവിടെ വസ്തു വാങ്ങുന്നത് വിലക്കുന്ന നിയമത്തില്‍ ഇവര്‍ സംസ്ഥാന സര്‍ക്കാരില്‍ ജോലി നേടുന്നതും സ്‌കോര്‍ളഷിപ്പുകള്‍ വാങ്ങുന്നതും വരെ തടയുന്നു. വിവേചനപരമായ ഈ വ്യവസ്ഥ സ്ത്രീവിരുദ്ധവുമാണ്. ഇതര സംസ്ഥാനക്കാരെ വിവാഹം കഴിച്ചാല്‍ ആ സ്ത്രീക്ക് പിന്നെ ജമ്മു കശ്മീരില്‍ സ്ഥിരതാമസത്തിന് അര്‍ഹതയില്ല. പക്ഷേ പിന്നീട് ഈ വ്യവസ്ഥ ജമ്മു കശ്മീര്‍ ഹൈക്കോടതി റദ്ദാക്കി. എങ്കിലും ഇവരുടെ കുട്ടികള്‍ക്ക്  ഇവിടെ സ്ഥിരതാമസത്തിന് അര്‍ഹതയില്ല.

ഈ വകുപ്പ് രാഷ്ട്രപതിയുടെ ഉത്തരവു പ്രകാരമാണ് ഭരണഘടനയില്‍ ചേര്‍ത്തതെന്നും പാര്‍ലമെന്റ് ഇത്തരം നിയമം പാസാക്കിയിട്ടില്ലെന്നും അതിനാല്‍ ഇത് അസാധുവാണെന്നും ഇത് നീക്കണമെന്നും ആവശ്യപ്പെട്ട് വീ ദ സിറ്റിസണ്‍സ് എന്ന സര്‍ക്കാരിതര സംഘടന സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ ചില വനിതകളും കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസില്‍ 2017 ജൂലൈയില്‍ സുപ്രീംകോടതി കേന്ദ്രത്തിനും ജമ്മു കശ്മീരിനും നോട്ടീസയച്ചിരുന്നു. വിപുലമായ ചര്‍ച്ച വേണ്ടതാണ് ഈ വകുപ്പെന്ന് നിയമജ്ഞര്‍ കോടതിയോട് പറഞ്ഞിരുന്നു. ജനങ്ങളെ ഒറ്റപ്പെടുത്തുകയും അകറ്റുകയും ചെയ്യുന്നതാണ് വകുപ്പ് എന്നാണ് ബിജെപിയുടെ നിലപാട്. ജമ്മു കശ്മീരും ഇതര സംസ്ഥാനങ്ങളും തമ്മില്‍ വലിയ തോതില്‍ ഇത് ഭിന്നത വളര്‍ത്തുമെന്നും വകുപ്പ് ഭരണഘനാപരമായ തെറ്റാണെന്നും ഇത് നീക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം. 

ഈ വകുപ്പ് നീക്കിയാല്‍ അത് ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരങ്ങളെ ബാധിക്കുമെന്നും സ്വയംഭരണം നഷ്ടപ്പെടുമെന്നും മുസ്ലിം ഭൂരിപക്ഷം ക്രമേണ കുറയ്ക്കുമെന്നുമാണ് ഒരുവിഭാഗം പറയുന്നത്. ഹിന്ദുക്കള്‍ കശ്മീര്‍ താഴ്‌വരയില്‍ കടന്നുകയറി തങ്ങളുടെ മുന്‍തൂക്കം ഇല്ലാതാക്കുമെന്നാണ് വിഘടനവാദികളും മതമൗലികവാദികളും കരുതുന്നത്. നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും അടക്കമുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതേ നിലപാടാണ്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി പിന്‍വലിച്ചാല്‍ ഇവിടെ ത്രിവര്‍ണപതാകയേന്താന്‍ ആരുമുണ്ടാവില്ലെന്നാണ് മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറയുന്നത്. 35 എ വകുപ്പ് കോടതിയില്‍ എത്തിയതിന്റെ പേരില്‍ ഞായറാഴ്ച വിഘടന വാദികള്‍ ഹര്‍ത്താലാചരിച്ചിരുന്നു.

ഹർജി മാറ്റിവച്ചു

ന്യൂദല്‍ഹി: ഭരണഘടനയുടെ 35എ വകുപ്പുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു.  ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന് തീരുമാനിക്കേണ്ടതുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖാല്‍വില്‍ക്കര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ബഞ്ച് പറഞ്ഞു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ തുടങ്ങിയതിനാല്‍ ഹര്‍ജി മാറ്റിവയ്ക്കണമെന്ന് കേന്ദ്രവും സംസ്ഥാനവും കോടതിയോട് അഭ്യര്‍ഥിച്ചു. കേസ് ഭരണഘടനാ ബെഞ്ചിനു വിടണമോയെന്ന കാര്യത്തില്‍ ആഗസ്റ്റ് 27ന്  വാദം കേള്‍ക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.