കോൺഗ്രസ് സഖ്യം വേണ്ടെന്ന് ജെഡിഎസ്; മമതയെ പിന്തുണച്ച് ദേവഗൗഡ

Tuesday 7 August 2018 2:39 am IST

ബെംഗളൂരു: ബിജെപിക്ക് എതിരെ പ്രതിപക്ഷ ഐക്യത്തിന്   തുടക്കം കുറിച്ച കര്‍ണാടകയില്‍ നിന്ന് തന്നെ കോണ്‍ഗ്രസ്സിന് ആദ്യതിരിച്ചടി.  നഗര മേഖലകളിലെ 105 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് ജനതാദള്‍ ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ സഖ്യസര്‍ക്കാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി തകരുമെന്ന സൂചനയും പുറത്തു വരുന്നു. 

മന്ത്രിസഭാ രൂപീകരണം മുതല്‍ ആരംഭിച്ച ജെഡിഎസ്-കോണ്‍ഗ്രസ് തര്‍ക്കം ഇതോടെ കൂടുതല്‍ മൂര്‍ച്ഛിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇരുപാര്‍ട്ടികളുടെയും പ്രാദേശിക നേതാക്കള്‍ സഖ്യം വേണ്ടെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറായിരുന്നില്ല. 

രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം കാത്തിരിക്കുകയായിരുന്നു നേതാക്കള്‍. ഇതു സംബന്ധിച്ച് രാഹുല്‍ ഗാന്ധി ദേവഗൗഡയുമായി ചര്‍ച്ച നടത്താനിരിക്കെയാണ് സഖ്യം വേണ്ടന്ന് എച്ച്.ഡി. ദേവഗൗഡ പ്രഖ്യാപിച്ചത്.  ഇത് കോണ്‍ഗ്രസ്സിന് കനത്ത അടിയായി. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുലിനെ അംഗീകരിക്കില്ലെന്ന സൂചന നേരത്തെ ദേവഗൗഡ നല്‍കിയിരുന്നു. ഇപ്പോള്‍ ഒരു പടികൂടി കടന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തി കാണിക്കണമെന്ന് ദേവഗൗഡ പറഞ്ഞു. ഇത് പ്രധാനമന്ത്രിപദം സ്വപ്‌നം കാണുന്ന രാഹുലിന് ഇരട്ട ആഘാതമായി. 

ഒരു മാസം മുന്‍പും ദേവഗൗഡ സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കര്‍ണാടകത്തില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കേണ്ടെന്നും മൂന്നാം മുന്നണിയാകും ഫലപ്രദമെന്നും ദേവഗൗഡ പറഞ്ഞിരുന്നു. 

ജനതാദള്‍ നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത അമര്‍ഷത്തിലാണ്. കോണ്‍ഗ്രസ്സിന്റെ സംസ്ഥാനത്തെ ഭൂരിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും താല്‍പ്പര്യമില്ലായിരുന്ന സഖ്യം ഹൈക്കമാന്‍ഡ് അടിച്ചേല്‍പ്പിക്കുകയായിരുന്നു. 

അടുത്ത പ്രധാനമന്ത്രിയാകാന്‍ സ്വപ്‌നം കാണുന്ന രാഹുല്‍ ഗാന്ധിക്കുവേണ്ടിയായിരുന്നു സഖ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിലൂടെ കര്‍ണാടകയില്‍ കൂടുതല്‍ സീറ്റുകളില്‍ ജയിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് കണക്കു കൂട്ടല്‍. 

സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനേറ്റ തോല്‍വിയുടെ ആഘാതത്തിന് പിന്നാലെ എത്തിയ ഹൈക്കമാന്‍ഡ് നിര്‍ദേശം അംഗീകരിക്കുകയല്ലാതെ സംസ്ഥാന നേതൃത്വത്തിന് മറ്റൊരു മാര്‍ഗമില്ലായിരുന്നു. എന്നാല്‍ പിന്നീട് മന്ത്രിസഭാ രൂപീകരണം മുതല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ അവഗണിച്ച് ദേവഗൗഡയും മകനും മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊള്ളുകയായിരുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നിര്‍ത്തിയായിരുന്നു ജെഡിഎസ് വിലപേശല്‍. ബജറ്റില്‍ ജെഡിഎസ് ശക്തികേന്ദ്രങ്ങളില്‍ കോടികളുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തിയിരുന്ന മേഖലകളെ അവഗണിച്ചു. ഇതോടെ പ്രവര്‍ത്തകരും ജനങ്ങളുമെല്ലാം കോണ്‍ഗ്രസ്സിന് എതിരായി. 

ഇപ്പോള്‍ സഖ്യത്തിന്റെ ഭാവികൂടി അനിശ്ചിതത്വത്തിലായതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. 

പി.എന്‍. സതീഷ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.