ന്യൂദല്‍ഹി: അസമിലെ പൗരത്വ കണക്കെടുപ്പിന് പിന്നാലെ വിക്കിപീഡിയയില്‍ ത്രിപുര മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ ദേവിന്റെ വിവരങ്ങളില്‍ വ്യാപക തിരുത്തല്‍. ബംഗ്ലാദേശി കുടിയേറ്റക്കാരെ അനുകൂലിക്കുന്ന എഡിറ്റര്‍മാര്‍ വിപ്ലവ് ജനിച്ചത് ബംഗ്ലാദേശിലാണെന്ന് തിരുത്തി. മറ്റൊരു വിഭാഗം എഡിറ്റര്‍മാര്‍ ഇതിനെതിരെ രംഗത്തുവന്ന് ജനനസ്ഥലം ത്രിപുരയാണെന്ന് തിരുത്തി. ഇതോടെ വിക്കിപീഡിയയില്‍ തിരുത്തല്‍ യുദ്ധം തന്നെ നടന്നു. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ 37 തവണ തിരുത്തലുണ്ടായി. ഇതോടെ വിശദീകരണവുമായി വിപ്ലവ് ദേവും രംഗത്തെത്തി. ജനിച്ചത് ത്രിപുരയില്‍ തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും വിപ്ലവ് ബംഗ്ലാദേശിലാണ് ജനിച്ചതെന്ന പ്രചാരണം സിപിഎം ഉള്‍പ്പെടെയുള്ളവര്‍ നടത്തിയിരുന്നു. ബംഗ്ലാദേശ് രൂപീകരണത്തിന് മുന്‍പ് മുസ്ലിം മതവിഭാഗത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് കിഴക്കന്‍ പാക്കിസ്ഥാനില്‍നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരാണ് വിപ്ലവിന്റെ മാതാപിതാക്കള്‍. 1971ല്‍ ത്രിപുരയിലെ ഉദയ്പൂരിലാണ് വിപ്ലവ് ജനിച്ചത്. 1955ലെ ഇന്ത്യന്‍ പൗരത്വ നിയമമനുസരിച്ച് വിപ്ലവിന്റെ അഛന് ഹരധന്‍ ദേബ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് മിശ്ര വ്യക്തമാക്കി.
1971 മാര്‍ച്ച് 24ന് ശേഷം അസമിലെത്തിയവരുടെ രേഖകളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ബിജെപിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായിരുന്നു വിക്കിയിലെ തിരുത്തല്‍. ബംഗ്ലാദേശില്‍ ജനിച്ചതിന് ശേഷം വിപ്ലവ് അനധികൃതമായി ഇന്ത്യയിലേക്ക് കടന്നു എന്നുവരെ പൗരത്വ പരിശോധനയെ എതിര്‍ക്കുന്നവര്‍ എഴുതിച്ചേര്‍ത്തു. ഏറ്റവുമൊടുവില്‍ ത്രിപുരയാണ് ജനനസ്ഥലമായി കൊടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: