ജസ്റ്റിസ് കെ.എം ജോസഫ് ജൂനിയർ തന്നെ

Tuesday 7 August 2018 2:50 am IST

ന്യൂദല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി നിയമനം ലഭിച്ച ജസ്റ്റിസ് കെ. എം ജോസഫ് ജൂനിയര്‍ ജഡ്ജി തന്നെയാണെന്ന് രേഖകള്‍. അനാവശ്യ വിവാദങ്ങള്‍ക്ക് പിന്നില്‍ ചീഫ് ജസ്റ്റിസിനെതിരെ വിമത പ്രവര്‍ത്തനം നടത്തി പ്രതിഷേധിച്ച ജഡ്ജിമാരാണെന്നും വ്യക്തം. 

ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കെ. എം ജോസഫ് നിയമിതനാകുന്നത് 2004 ഒക്ടോബര്‍ 14ന് മാത്രമാണ്. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി 2002 ഫെബ്രുവരി 5നും ജസ്റ്റിസ് വിനീത് സരണ്‍ 2002 ഫെബ്രുവരി 14നും ഹൈക്കോടതി ജഡ്ജിമാരായിരുന്നു. എന്നാല്‍ ഇരുവരും ചീഫ് ജസ്റ്റിസ് പദവിയിലെത്താന്‍ കാലതാമസമെടുത്തു. കെ. എം. ജോസഫ് 2014ല്‍ ചീഫ് ജസ്റ്റിസ് ആയപ്പോള്‍ ഇന്ദിരാ ബാനര്‍ജി 2017ലും വിനീത് സരണ്‍ 2016ലും മാത്രമാണ് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയത്.

 ജഡ്ജിമാര്‍ ഹൈക്കോടതി ജഡ്ജി പദവിയിലെത്തിയതു മാത്രമാണ് നിയമ മന്ത്രാലയം സീനിയോറിറ്റിയുടെ മാനദണ്ഡമായി പരിഗണിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നേരത്തെ എത്തിയത് സീനിയോറിറ്റിയുടെ മാനദണ്ഡമല്ല. ഇതറിഞ്ഞിട്ടും വിമത ജഡ്ജിമാര്‍ പ്രതിഷേധ നാടകം നടത്തുന്നത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ നീക്കങ്ങളുടെ ഭാഗമാണ്. 

പ്രായത്തിലും ജസ്റ്റിസ് കെ. എം ജോസഫിനെക്കാള്‍ മുതിര്‍ന്ന ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി 2022 സപ്തംബര്‍ 23ന് വിരമിക്കും. ജസ്റ്റിസ് വിനീത് സരണ്‍ 2022 മെയ് 10നാണ് വിരമിക്കുന്നത്. എന്നാല്‍ ജൂനിയറായ കെ. എം ജോസഫ് 2023 ജൂണ്‍ 16വരെ സുപ്രീംകോടതി ജഡ്ജിയുടെ പദവിയിലുണ്ടാകും. ജൂനിയറായ കെ. എം ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്ന ആവശ്യമാണ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള വിമത ജഡ്ജിമാരുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം പരിഗണിക്കാനിടയില്ല.

സ്വന്തം ലേഖകന്‍ 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.