യുവതിയുടെ തിരോധാനം: അന്വേഷണം വഴിമുട്ടി

Tuesday 7 August 2018 2:57 am IST

ആലപ്പുഴ: യുവതിയുടെ തിരോധാന കേസില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ പോലീസ്. കടക്കരപ്പള്ളി സ്വദേശിനി പത്മാലയത്തില്‍ ബിന്ദു പത്മനാഭന്‍ ജീവനോടെയുണ്ടോ എന്നു പോലും സ്ഥീരീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. യുവതിയെ കൊലപ്പെടുത്തിയതാകാമെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. 

  ബിന്ദുവിന്റെ പേരില്‍ വ്യാജമുക്ത്യാര്‍ ചമച്ച് വസ്തു തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പള്ളിപ്പുറം സ്വദേശി സി.എം. സെബാസ്റ്റ്യന്‍ ജയില്‍ മോചിതനായതോടെ അന്വേഷണസംഘം വെട്ടിലായി.  നാല് കേസുകളിലും കോടതി ജാമ്യം അനുവദിച്ചതോടെയാണ്  മോചിതനായത്. ബിന്ദുവിന്റെ പേരില്‍ വ്യാജ ഡ്രൈവിങ് ലൈസന്‍സ്, എസ്എസ്എല്‍സി ബുക്ക് എന്നിവ നിര്‍മിച്ചത്, അനധികൃത പണമിടപാട് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

എറണാകുളം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ കഴിഞ്ഞ മാസം ഏഴിനാണ് സെബാസ്റ്റ്യനെ പോലീസ് പിടികൂടിയത്. ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനെ നുണപരിശോധനയ്ക്ക് വിധേയനാക്കാനും ഇയാളുടെ വീടും പരിസരവും പരിശോധിക്കുന്നതിനും പോലീസ് നീക്കം നടത്തിയിരുന്നെങ്കിലും നടപടിയായിട്ടില്ല.

 2002 സപ്തംബറില്‍ ബിന്ദുവിന്റെ മാതാവ് അംബികയും നവംബറില്‍ പിതാവ് പത്മനാഭനും മരണമടഞ്ഞു. ഇരുവരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ബിന്ദു എത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മാതാപിതാക്കളുടെ മരണശേഷം തിരുവല്ലയിലെ ബന്ധുവീട്ടിലേക്ക് പോയ ബിന്ദുവിനെ കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. സഹോദരന്‍ പ്രവീണിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് ബിന്ദുവിനായി അന്വേഷണം തുടങ്ങിയത്.

  2013 ആഗസ്റ്റ് മുതലാണ് ബിന്ദുവിനെ കാണാതായതെന്ന നിഗമനത്തിലാണ് അന്വേഷണം നടക്കുന്നത്. കാണാതാകുന്നതിന് തൊട്ട് സെബാസ്റ്റ്യനോടൊപ്പം അമ്പലപ്പുഴയിലുള്ള അമ്മാവനെ സന്ദര്‍ശിച്ചിരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇത്തരം നിഗമനത്തിലെത്തിയത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായിട്ടില്ല. ബിന്ദുവിന്റെ തിരോധാനത്തിന്റെ അന്വേഷണ ചുമതല നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി നസീമിനാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.