വിയോജിപ്പുകളെ അക്രമത്തിലൂടെ നേരിടരുത്: രാഷ്ട്രപതി

Tuesday 7 August 2018 3:00 am IST
"കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിയമസഭാ വളപ്പില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചെങ്കുറിഞ്ഞി വൃക്ഷത്തിന്റെ തൈ നടുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം എന്നിവര്‍ സമീപം"

തിരുവനന്തപുരം: പരസ്പര ബഹുമാനത്തിനും സഹവര്‍ത്തിത്വത്തിനും പേരുകേട്ട കേരളത്തില്‍ വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും അക്രമത്തിലൂടെ നേരിടുന്നത് ശരിയല്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല. സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കേരളത്തെ പിന്നിലേക്ക് നയിക്കുന്നു. അക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനായി രാഷ്ട്രീയക്കൂട്ടായ്മകളും ബോധമുള്ള പൗരന്മാരും പരമാവധി ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ എല്ലാ വിഭാഗം ആളുകളും ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ജനാധിപത്യത്തിന്റെ ഉത്സവം' ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.

കേരളത്തിലെ മാനവവിഭവശേഷി ലോകത്തിനു തന്നെ മാതൃകയാണ്. അധ്വാന ശീലമുള്ളവരാണ് കേരളീയര്‍. അധ്യാപകരായും ആരോഗ്യസേവന ദാതാക്കളായും, സാങ്കേതിക വിദഗ്ധരായും, ക്ഷീണമറിയാതെ ജോലി ചെയ്യുന്ന നിര്‍മാണത്തൊഴിലാളികളായും അവര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും സേവനം അനുഷ്ഠിക്കുന്നു. എന്നാല്‍ കേരളത്തിലെ യുവാക്കള്‍ക്കു സ്വന്തം നാട്ടില്‍ത്തന്നെ നല്ല അവസരങ്ങള്‍ ലഭ്യമാക്കുക എന്നതായിരിക്കണം 'കേരളമാതൃകയുടെ' അടുത്ത ഘട്ടം. 

സമൂഹത്തില്‍ അവഗണിക്കപ്പെട്ട പട്ടികജാതി, വര്‍ഗ സമുദായങ്ങളെ ശാക്തീകരിക്കാനും സ്ത്രീകളുടേയും കുട്ടികളുടേയും പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനും സംഘടിപ്പിക്കുന്ന ദേശീയ സെമിനാറുകള്‍ ഏറെ ശ്രദ്ധേയമാണ്. അയ്യങ്കാളി, ആദി ശങ്കരാചാര്യന്‍, ശ്രീനാരായണഗുരു തുടങ്ങിയവര്‍ കേരളത്തിന്റെ സാമൂഹ്യനവോത്ഥാനത്തിന് നിസ്തുല സംഭാവനകള്‍ നല്‍കി. സംസ്ഥാനം ഭരിച്ച നിരവധി മുഖ്യമന്ത്രിമാരുടെയും ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെയും പ്രവര്‍ത്തനമികവിന്റെ ഉദാഹരണംകൂടിയാണ് വജ്രജൂബിലി ആഘോഷമെന്നും രാഷ്ട്രപതി പറഞ്ഞു.

ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്ന തരത്തിലുള്ള ഭരണം നടത്താന്‍ നിയമസഭാ സാമാജികര്‍ക്കു കഴിയണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. മതേതരത്വമില്ലെങ്കില്‍ ജനാധിപത്യമില്ലെന്നും ജനാധിപത്യമില്ലെങ്കില്‍ സ്വാതന്ത്ര്യമില്ലെന്നും ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി എ.കെ. ബാലന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി എന്നിവരും സംസാരിച്ചു.

സ്വന്തം ലേഖകൻ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.