അഭിമന്യുവിൻ്റെ കാര്യത്തിൽ വരമ്പത്ത് കൂലിക്കാർ എവിടെ

Tuesday 7 August 2018 3:03 am IST

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കുത്തിക്കൊന്നിട്ട് ഒരു മാസവും ഒരാഴ്ചയും പിന്നിടുന്നു. ഇരുപത് പ്രതികളാണ് ഉള്ളതെന്ന് പോലീസ് പറയുന്നു. 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഭിമന്യുവിനെ കുത്തിയ ആളുള്‍പ്പെടെ നാലുപേരെ ഇനിയും പിടികൂടിയിട്ടില്ല. കുത്തിയ കത്തിയും കണ്ടെത്തിയില്ല.

പകരത്തിന് പകരമെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ എതിരാളികളെ മണിക്കൂറുകള്‍ക്കകം വെട്ടിവീഴ്ത്തുന്ന സിപിഎം നേതൃത്വം അഭിമന്യുവിന്റെ കൊലപാതകത്തില്‍ കാണിക്കുന്ന പിന്മാറ്റ മനോഭാവത്തില്‍ പാര്‍ട്ടി അണികള്‍ക്കുള്ളില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്. 'പാടത്ത് പണിക്ക് വരമ്പത്ത് കൂലി'യെന്ന പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ സിപിഎം നേതൃത്വം.

എസ്എഫ്ഐയുടെ കോട്ടയെന്ന് അവകാശപ്പെടുന്ന മഹാരാജാസില്‍ അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കുത്തി മലര്‍ത്തിയിട്ട് തിരിച്ചടിച്ചില്ലെന്ന് മാത്രമല്ല മുഖ്യ പ്രതികളെപ്പോലും പിടികൂടാനായിട്ടില്ല. പാര്‍ട്ടിയിലെ ഹിന്ദു സഖാക്കള്‍ക്കിടയില്‍ ഇതിനെതിരെ അമര്‍ഷം ശക്തമാവുകയാണ്.

2016 ജൂലൈയില്‍ പയ്യന്നൂരില്‍ ധനരാജ് കൊല്ലപ്പെട്ട് മണിക്കുറുകള്‍ക്കുള്ളില്‍ ബിഎംഎസ് പ്രവര്‍ത്തകന്‍ രാമചന്ദ്രനെ സിപിമ്മുകാര്‍ കൊന്നു. ഇതേത്തുടര്‍ന്നായിരുന്നു 'പാടത്ത് പണിക്ക് വരമ്പത്ത് കൂലി'യെന്ന കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസ്താവന.

ആര്‍എസ്എസ്സും സിപിഎമ്മുമായി സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും ഓഫീസുകളും ആക്രമിക്കുന്നവര്‍ കലാലയത്തിനുള്ളില്‍ ഒരു പ്രവര്‍ത്തകനെ അരുംകൊല ചെയ്തിട്ടും പാര്‍ട്ടിയും യുവജന സംഘടനകളും നിശബ്ദരായി. സംസ്ഥാനത്ത് ഒരിടത്തും അഭിമന്യുവിന്റെ വധത്തിന് ശേഷം പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ ഒരു പ്രതിഷേധവും ഉണ്ടായില്ല. 

എസ്എഫ്ഐയ്ക്ക് ഉച്ചത്തില്‍ പ്രതിഷേധിക്കാന്‍ പോലുമായില്ല. പയ്യന്നൂരില്‍ ധനരാജ് കൊല്ലപ്പെട്ടതിന്റെ വാര്‍ഷികത്തില്‍ സിപിഎം ആക്രമണങ്ങളെ തുടര്‍ന്ന് രാഷ്ട്രീയ അഭയാര്‍ഥി ക്യാമ്പ് വരെ തുറക്കേണ്ടിവന്നു. കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ് സിപിഎം നേതൃത്വം പലപ്രാവശ്യം പോലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തി. 

യഥാര്‍ഥ പ്രതികളെ പിടികൂടിയിട്ടും സിപിഎം ചൂണ്ടികാട്ടിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. എന്നാല്‍ അഭിമന്യു വധത്തിലെ മുഖ്യപ്രതികളെ പിടികൂടാത്തതിനെതിരെ പ്രസ്താവന പോലും ഇറക്കാന്‍ നേതൃത്വത്തിനാകുന്നില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് സിപിഎം പൂര്‍ണമായും മതതീവ്രവാദികള്‍ക്ക് കീഴടങ്ങിയെന്നാണ്.

കെ.എസ്.ഉണ്ണികൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.