നടപ്പാതകള്‍ കച്ചവടക്കാര്‍ കൈയടക്കുന്നു

Tuesday 7 August 2018 3:10 am IST

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ റോഡുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് നടന്നു പോകാനുള്ള നടപ്പാതകള്‍ പോലുമില്ല. നടപ്പാതകള്‍ പലതും കച്ചവടക്കാര്‍ കയ്യടക്കിയിരിക്കുകയാണ്. ഫുട്പാത്തിന് മുകളിലും റോഡരികിലും വഴിയോര കച്ചവടം സ്ഥാനം പിടിച്ചതോടെ റോഡരികിലൂടെ നടന്നു പോകാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ് പലയിടത്തുമുള്ളത്. 

സംസ്ഥാനത്തെ നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുമെന്ന് അധികാരികള്‍ ഉറപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും നടപടികള്‍ എങ്ങും എത്തിയിട്ടില്ല. പതിവായി ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന നഗരങ്ങളില്‍ കാല്‍നട യാത്രക്കാരുടെ കാര്യം ആരും ഗൗനിക്കുന്നില്ല. റോഡിലൂടെ നടന്നു പോകുമ്പോള്‍ വാഹനം ഇടിച്ച് വഴിയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവാണ്.

നടപ്പാതയിലും മറ്റുമുള്ള പൊട്ടിയ സ്ലാബുകള്‍ മാറ്റാത്തതിനാല്‍ വഴിയാത്രക്കാര്‍ ഓവുചാലില്‍ വീണ് പരിക്കേല്‍ക്കുന്നതും പലയിടങ്ങളിലും കാണുവാന്‍ കഴിയും. റോഡിന് വീതി വര്‍ദ്ധിക്കും തോറും റോഡരികില്‍ അനധികൃത വാഹന പാര്‍ക്കിങും വര്‍ധിക്കുകയാണ്. ചില റോഡുകളില്‍ ഇരുഭാഗങ്ങളിലും വാഹനങ്ങള്‍ ഫുട്പാത്ത് കയ്യേറി നിര്‍ത്തിയിടുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ റോഡിലൂടെ നടക്കേണ്ട സ്ഥിതിയാണ്. സ്വന്തമായി കടമുറികളുള്ള കച്ചവടക്കാര്‍ തന്നെ കടമുറികളിലെ സാധനങ്ങള്‍ ഫുട്പാത്തില്‍ നിരത്തി വച്ച് വില്‍പന നടത്തുന്നുണ്ട്. നടപ്പാതകള്‍ കൈയ്യേറിയുള്ള കച്ചവടങ്ങള്‍ അവസാനിപ്പിക്കുവാന്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും കര്‍ശന ഇടപെടലുകള്‍ ഉണ്ടാകണം.

വിനോദ്

പത്തനംതിട്ട

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.