സീതാദേവിയുടെ തീരുമാനം

Monday 6 August 2018 9:32 pm IST

അഭിഷേകവിഘ്‌നം സംഭവിച്ചതറിയാതെ സീതാദേവി അത്യാകാംക്ഷയോടെയും ഏറെ പ്രതീക്ഷയോടെയും രാമനെ കാത്തിരിക്കുകയായിരുന്നു. രാമന്‍ അന്തഃപുരത്തില്‍ പ്രവേശിക്കുമ്പോള്‍ അവിടം ഭംഗിയായി അലങ്കരിച്ചിരിക്കയും ആഹ്‌ളാദഭരിതരായ സേവകരെക്കൊണ്ട് നിറഞ്ഞുമിരുന്നു. രാമന്‍ ദുഃഖിതനായിരുന്നു.  ആ ദുഃഖം പ്രകടമായിരുന്നുതാനും.

ദുഃഖം നിയന്ത്രിക്കാനാകാതെ വിളറി വിയര്‍ത്ത രാമനോട് സീതാദേവി ചോദിച്ചു 'ഇതെന്താണ് ഇങ്ങനെ. അഭിഷേകത്തിനുള്ള മുഹൂര്‍ത്തമായല്ലോ. അങ്ങെന്താണ് സന്തോഷമില്ലാതെയിരിക്കുന്നത്?' രാമന്റെ മറുപടി ഇപ്രകാരമായിരുന്നു  'ജനകപുത്രീ, ഉത്തമകുലത്തില്‍ ജനിച്ച നിനക്ക് രാജ്യഭരണത്തിലെ ശരികളും തെറ്റുകളും മനസ്സിലാവുമെന്നത് വലിയ കാര്യമാണ്. സംഭവിച്ച കാര്യങ്ങള്‍ ക്രമത്തില്‍ കേട്ടുകൊള്ളൂ. പിതാവ് എന്നെ വനത്തിലേക്ക് നിഷ്‌കാസിതനാക്കുകയാണ്. എന്റെ പിതാവ് മാതാവായ കൈകേയിക്ക് രണ്ടു വരങ്ങള്‍ കൊടുത്തിരുന്നു. അഭിഷേകത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോള്‍, സത്യം ചെയ്യിച്ചു വാങ്ങിയ ആ വരങ്ങള്‍ മാതാവ് ആവശ്യപ്പെട്ടു. എന്നെ ദണ്ഡകാരണ്യത്തിലേക്ക് നിഷ്‌കാസനം ചെയ്യുകയും ഭരതനെ അഭിഷേകം ചെയ്യുകയും വേണം എന്നാണ് ആ വരങ്ങളായി മാതാവ് ആവശ്യപ്പെട്ടത്. വനത്തിലേക്കുള്ള യാത്രാമദ്ധ്യേ ഞാന്‍ നിന്നെ കാണാന്‍ വന്നതത്രേ. ഭരതന്റെ മുമ്പില്‍ വച്ചോ നിന്റെ സഖിമാരുടെ മുമ്പില്‍വച്ചോ നീ എന്നെ പ്രശംസിക്കരുത്. അധികാരത്തിലിരിക്കുന്നവര്‍ മറ്റുള്ളവരുടെ പ്രശംസ ഇഷ്ടപ്പെടുകയില്ല. അതുകൊണ്ട് ഭരതന് സംതൃപ്തിയുണ്ടാകുന്നതുപോലെ പെരുമാറുക. ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യുമ്പോള്‍ അവന്‍ ഭാവിയില്‍ രാജാവാകും എന്നുകൂടി ഓര്‍ക്കുക'.

ഞാന്‍ ഇന്നുതന്നെ വനത്തിലേക്കു പുറപ്പെടുന്നതാണ്. എല്ലാ പ്രവൃത്തികളും ശാസ്ത്രവിധിപ്രകാരം ചെയ്യുക. പ്രഭാതത്തില്‍ ഈശ്വരാര്‍ച്ചനക്കുശേഷം പിതാവിനെ നമസ്‌കരിക്കണം. എന്റെ മാതാക്കളേയും ആദരിക്കേണം. ഭരതനേയും ശത്രുഘ്‌നനേയും നിന്റെ സഹോദരന്മാരെന്നോ പുത്രന്മാരെന്നോ കരുതി സ്‌നേഹിക്കൂ. ആരേയും സ്വന്തം പ്രവൃത്തിയാല്‍ വേദനിപ്പിക്കാതെ ശ്രദ്ധിക്കണം. ഞാന്‍ ഉടനെതന്നെ വനത്തിലേക്കു പുറപ്പെടുകയാണ്.

സീതാദേവിയുടെ പ്രതികരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. തന്നെ ഇത്ര ചെറുതായിക്കണ്ട് ഈ ഉപദേശത്തിന്റെ സാംഗത്യമെന്താണെന്നാണ് സീതാദേവിയുടെ സംശയം. 'പിതാവും മാതാവും സഹോദരങ്ങളും എല്ലാം മുജ്ജന്മകൃതമായ കര്‍മമാണനുഭവിക്കുന്നത്. എന്നാല്‍ പത്‌നിയാകട്ടെ ഭര്‍ത്താവിന്റെ അനുഭവം പങ്കുവെക്കുകയാണു ചെയ്യുന്നത്. ഇതേ കാരണത്താല്‍ ഞാനും അങ്ങയോടൊപ്പം വനത്തിലേക്കു യാത്രയാകണമെന്നാണ് പിതാവിന്റേയും മാതാവിന്റേയും തീരുമാനം. പത്‌നിക്ക് ഏകാശ്രയം ഭര്‍ത്താവുതന്നെ, അല്ലാതെ മാതാപിതാക്കളോ സഖികളോ ആരുമല്ലതന്നെ. അങ്ങ് ഇന്നുതന്നെ വനത്തിലേക്കു യാത്രയായാല്‍ മുമ്പില്‍ ഞാനുണ്ടാകും, കുശപ്പുല്ലുകളും മുള്ളുകളും ചവുട്ടിയില്ലാതാക്കിക്കൊണ്ട്. എന്നെ കൂടെ കൊണ്ടുപോകാം, എന്നില്‍ പാപമില്ലത്രേ'.

വിഎൻഎസ് പിള്ള

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.