വാക്കും മനസ്സും പ്രാണനുമായ വേദങ്ങള്‍

Tuesday 7 August 2018 3:11 am IST

വാക്ക്, മനസ്സ്, പ്രാണന്‍ എന്നിവയെ ആധിഭൗതികമായി എങ്ങനെയൊക്കെ അറിയണമന്ന് ഇനി പറയുന്നു.

ത്രയോ ലോകാ ഏത ഏവ; വാഗേ വായം ലോക:മനോളന്തരിക്ഷ ലോക: പ്രാണോളസൗ ലോക:

ഭൂ: ഭുവ, സ്വ: എന്നീ മൂന്ന് ലോകങ്ങള്‍ വാക്ക്, മനസ്സ്, പ്രാണന്‍ എന്നിവയാണ്. ഭൂലോകം വാക്ക് ആണ്. അന്തരീക്ഷമായ ഭൂവര്‍ലോകം മനസ്സാണ്. സ്വര്‍ലോകം പ്രാണനാണ്.

 ത്രയോ വേദാ ഏത ഏവ വാഗേവര്‍ഗ്വേദ: മനോ യജുര്‍വേദ: പ്രാണ: സാമവേദ:

മൂന്ന് വേദങ്ങള്‍ വാക്കും മനസും പ്രാണങ്ങളുമാണ്. ഋഗ്വേദം വാക്കും യജുര്‍വേദം മനസ്സും സാമവേദം പ്രാണനുമാണ്.

 ദേവാ: പിതരോ മനുഷ്യാ ഏത ഏവ; വാഗേവ ദേവാ: മന:പിതര: പ്രാണോ മനുഷ്യാ:

ദേവന്‍മാര്‍ പിതൃക്കള്‍ മനുഷ്യര്‍ എന്നിവര്‍ വാക്കും മനസ്സും പ്രാണനുമാണ്. ദേവന്‍മാര്‍  വാക്കും പിതൃക്കള്‍ മനസ്സും മനുഷ്യര്‍ പ്രാണനുമാണ്.

പിതാ മാതാ പ്രജൈത ഏവ; മന ഏവ പിതാ, 

വാങ് മാതാപ്രാണ: പ്രജാ

അച്ഛനും അമ്മയും കുട്ടിയും മനസ്സും വാക്കും പ്രാണനാണ്. അച്ഛന്‍ മനസ്സും അമ്മ വാക്കും കുട്ടി പ്രാണനുമാണ്.

വിജ്ഞാതം വിജിജ്ഞാസ്യ മ വിജ്ഞാതമേവ ഏവ; യത് കിഞ്ച വിജ്ഞാതം വാചസ്ത്രദ്രൂപം, വാഗ്ഘി വിജാതാ, വാഗേനം തദ്ഭൂത്വാവതി.

അറിഞ്ഞതും അറിയാനാഗ്രഹിക്കുന്നതും അറിയാത്തതും വാക്ക്, മനസ്സ് പ്രാണന്‍ എന്നിവയാണ്. അറിഞ്ഞത് വാക്ക് ആണ് .അറിഞ്ഞതിനെ വാക്കു കൊണ്ടാണ് പ്രകാശിപ്പിക്കുന്നത്. ഈ വാഗ് വിശേഷത്തെ അറിയുന്നയാളെ വാക്ക് തന്നെ വിജ്ഞാനമായിത്തീര്‍ന്ന് രക്ഷിക്കും.

യത് കിഞ്ച വിജിജ്ഞാസ്യം മനസ സ്തദ്രൂപം 

മനോ ഹി വിജിജ്ഞാസ്യം, മന ഏനം തദ്ഭൂത്വാവതി 

അറിപ്പെടാനാഗ്രഹിക്കുന്നതേതോ അതെല്ലാം മനസ്സിന്റെ രൂപമാണ്. മനസ്സ് സംശയ വിഷയമായ സ്വഭാവത്തോടെയിരിക്കുന്നതാല്‍ അറിയുവാന്‍ ആഗ്രഹിക്കുന്നതാണ്. മനസ്സിന്റെ ഈ ഭാവം അറിയുന്നയാളെ അറിയാനാഗ്രഹിക്കുന്ന വസ്തുവായിത്തീര്‍ന്ന് മനസ്സ് രക്ഷിക്കുന്നു. അറിയാനാഗ്രഹിക്കുന്നതിന്റെ രൂപത്തില്‍ അന്നമായിത്തീരുന്നുവെന്നറിയണം.

യത് കിഞ്ചാ വിജ്ഞാതം പ്രാണസ്യ തദ്രൂപം; പ്രാണോ 

ഹ്യവിജ്ഞാത: പ്രാണ: ഏനം തദ്ഭൂത്വാവതി

അറിയപ്പെടാത്തത് പ്രാണന്റെ രൂപമാണ്. എന്തെന്നാല്‍ പ്രാണന്‍ അറിയപ്പെടാത്ത സ്വരൂപത്തോടു കൂടിയതാണ്. പ്രാണന്റെ ഈ ഭാവത്തെ അറിയുന്നയാളെ അറിയപ്പെടാത്ത സ്വരൂപമായിത്തീര്‍ന്ന് രക്ഷിക്കുന്നു. അറിയപ്പെടാത്ത രൂപത്തില്‍ അന്നമായിത്തീരുന്നു.

വാക്ക്, മനസ്സ്, പ്രാണന്‍ എന്നിവയുടെ  ആധിഭൗതിക ഭേദങ്ങളാണ്  വിവരിച്ചത്. ഇനി ആധിദൈവികമായ ഭാവത്തെ പറയുന്നു.

തസൈ്യ വാച: പൃഥിവീ ശരീരം, ജ്യോ തിരൂപമയമഗ്‌നി: 

തദ്യാവത്യേവ വാക്, താവതീ പൃഥിവീ, താവാനയമഗ്‌നി:

ആ വാക്കിന് പൃഥിവി ശരീരമാണ്. അഗ്‌നി പ്രകാശാത്മക രൂപമാണ്. അതില്‍ വാക്ക് എത്രത്തോളമുണ്ടോ അത്രയും പൃഥിവിയും അഗ്‌നിയുമുണ്ട്.

 വാക്കിന് ആധിദൈവീകമായി രണ്ട് രൂപങ്ങള്‍ കാര്യവും കാരണവും. കാര്യമെന്നത് ആധാരവും പ്രകാശിതമല്ലാത്തതുമായ പൃഥിവിയാണ്. കാരണമായിരിക്കുന്നത് ആധേയവും പ്രകാശിതവുമായ അഗ്‌നിയാണ്. വാക്കിനെപ്പോലെ മാറ്റത്തോടുകൂടിയതാണ് പൃഥിവിയും അഗ്‌നിയും എന്നറിയണം.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.