കോൺഗ്രസ് പ്രവർത്തകർ ആർഎസ്എസിൽ നിന്ന് അച്ചടക്കം പഠിക്കണം

Tuesday 7 August 2018 11:44 am IST
വിദിഷയിൽ നടന്ന പാർട്ടി പരിപാടിക്കിടെ പ്രവർത്തകർ തമ്മിൽ ഇരിപ്പിടത്തെച്ചൊല്ലിയുള്ള തർക്കം അവസാനിപ്പിച്ചാണ് കോൺഗ്രസ് നേതാവിൻ്റെ ഈ ഉപദേശം.

ഭോപ്പാൽ: പാർട്ടി പ്രവർത്തകർ ആർഎസ് എസിൽ നിന്ന് അച്ചടക്കം പഠിക്കണമെന്ന് കോൺഗ്രസ് നേതാവ്. മധ്യപ്രദേശ് കോൺഗ്രസിൻ്റെ അധികാര ചുമതലയുള്ള ദീപക് ബാബരിയായാണ് പാർട്ടി പ്രവർത്തകർക്ക് ഈ നിർദ്ദേശം നൽകിയത്. വിദിഷയിൽ നടന്ന പാർട്ടി പരിപാടിക്കിടെ പ്രവർത്തകർ തമ്മിൽ ഇരിപ്പിടത്തെച്ചൊല്ലിയുള്ള തർക്കം അവസാനിപ്പിച്ചാണ് കോൺഗ്രസ് നേതാവിൻ്റെ ഈ ഉപദേശം.

വിദിഷയിൽ നടന്ന കോൺഗ്രസ് പാർട്ടി യോഗത്തിൽ എല്ലാ ജില്ലാ നേതാക്കളെയും ക്ഷണിച്ചിരുന്നു. ഇവർക്ക് കൃത്യമായ ഇരിപ്പിടവും ഒരുക്കിയിരുന്നു. എന്നാൽ മധ്യപ്രദേശിലെ രാജകുടുംബാഗമായ സിന്ധു വിക്രം സിങ് ഭവാർ ബാനയ്ക്ക് ഇരിപ്പിടം ഒരുക്കിയിരുന്നില്ല. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് ആവശ്യപ്പെട്ട നേതാവായിരുന്നു വിക്രം സിങ്. വിക്രം സിങിന് ഇരിപ്പിടം ഒരുക്കാത്തത് മറ്റൊരു കോൺഗ്രസ് നേതാവായ മെഹ്മൂദ് കാമിലിനെ ചൊടിപ്പിക്കുകയും ഇയാളുടെ സഹപ്രവർത്തകർ ഇതിനെച്ചൊല്ലി ബഹളം വയ്ക്കുകയുമായിരുന്നു.

തുടർന്ന് ഇവരുടെ ബഹളത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ച മറ്റ് കോൺഗ്രസ് പ്രവർത്തകരുമായി ഉന്തും തള്ളും ഒടുവിൽ കൈയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. വഴക്ക് ഗുരുതരമായതോടെ ദീപക് ബാബരി പ്രവർത്തകരെ ശാന്തരാക്കുകയും ആർഎസ് എസിൻ്റെ അച്ചടക്കം ഓരോ പ്രവർത്തകനും പഠിച്ചിരിക്കണമെന്ന് ഉപദേശിക്കുകയായിരുന്നു. ഏതെങ്കിലും ഒരു സംഘടനയിൽ നല്ലഗുണങ്ങൾ ഉണ്ടെങ്കിൽ അതിനെ തീർച്ചയായും പ്രശംസിക്കുന്നതിന് യാതൊരു തെറ്റുമില്ലെന്നും ദീപക് ബാബരി വ്യക്തമാക്കി. ഇന്ത്യ-ചൈന യുദ്ധത്തിനിടെ നെഹ്‌റു ആർഎസ്എസിനെ പുകഴ്ത്തിയത് അവരുടെ ഈ ഗുണങ്ങൾ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.