കൊച്ചി: മുനമ്പത്ത് നിന്നും പോയ മത്സ്യബന്ധന ബോട്ടിലിടിച്ച് അപകടമുണ്ടാക്കിയത് ഇന്ത്യന്‍ കപ്പലാണെന്ന് തിരിച്ചറിഞ്ഞു. എംവി ദേശശക്തി എന്ന കപ്പലാണ് അപകടം ഉണ്ടാക്കിയത്. ചെന്നൈയില്‍ നിന്നും ഇറാഖിലേക്ക് പോവുകയായിരുന്നു കപ്പല്‍.
കപ്പല്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. ഒസ്യാന എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ചേറ്റുവ അഴിക്ക് പടിഞ്ഞാറ് പുറംകടലിലാണ് അപകടമുണ്ടായത്. മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലിലാണ് അപകടം. പി.വി ശിവന് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇത്.
അപകടത്തിന് ശേഷം കപ്പല്‍ നിര്‍ത്താതെ പോയി. ബോട്ട് പൂര്‍ണമായും മുങ്ങിപ്പോയി. അപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പതിനാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ മലയാളിയും ബാക്കിയുള്ളവര്‍ കുളച്ചല്‍ സ്വദേശിയുമാണ്. രണ്ടു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മൂന്നു പേരെ കുറിച്ച് വിവരമൊന്നുമില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: