ബമ്പറടിച്ച് സര്‍ക്കാര്‍

Wednesday 8 August 2018 1:00 am IST
ഒന്നാം സമ്മാനമായ 10 കോടി രൂപ ഒരാള്‍ക്കും രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേര്‍ക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേര്‍ക്കുമാണ് ലഭിക്കുക. സമാശ്വാസ സമ്മാനമായ അഞ്ച് ലക്ഷം രൂപ ഒന്‍പത് പേര്‍ക്ക് നല്‍കും. 20 പേര്‍ക്ക് ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷമാണ്. ഒരു ലക്ഷം, 5000, 3000, 2000, 1000, 500 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങള്‍

ത്ത് കോടിയുടെ ഒന്നാം സമ്മാനവുമായി ലോട്ടറി വകുപ്പ് ഓണം ബമ്പര്‍ ലോട്ടറി പുറത്തിറക്കിയപ്പോള്‍  ബമ്പറടിച്ചത് സര്‍ക്കാരിന്. ഭാഗ്യവാനെത്തേടി ഇത്തവണത്തെ ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ വിപണി കീഴടക്കുമ്പോള്‍ ലോട്ടറി വകുപ്പിന് എത്തിച്ചേരുന്നത് കോടികള്‍ തന്നെയാകും. കാരണം കഴിഞ്ഞ വര്‍ഷം 65 ലക്ഷം ടിക്കറ്റുകള്‍ വിറ്റപ്പോള്‍ ലോട്ടറി വകുപ്പിന് ലാഭം 150 കോടി രൂപയായിരുന്നു. ഇത്തവണ എണ്‍പത് ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യം പരീക്ഷിക്കാനായി ലോട്ടറി വകുപ്പ് ഇറക്കുന്നത് പത്ത് സീരിസുകളിലായി ആകെ 40 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ അച്ചടിക്കുന്നത്. ഘട്ടം ഘട്ടമായി എണ്‍പത് ലക്ഷം ടിക്കറ്റുകള്‍ വിപണിയിലെത്തിക്കാനാണ് പദ്ധതിയെന്ന് ലോട്ടറി വകുപ്പ് അധികൃതര്‍ പറയുന്നു. പരമാവധി 90 ലക്ഷം അച്ചടിക്കാനുള്ള അനുമതിയാണുള്ളത്. 250 രൂപയാണ് ടിക്കറ്റ് വില. സപ്തംബര്‍ 19-നാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം സുവര്‍ണ ജൂബിലി പ്രമാണിച്ച് കേരള ലോട്ടറി ചരിത്രത്തിലെ റെക്കോര്‍ഡ് തുകയായ 10 കോടിയായിരുന്നു ഓണം ബംമ്പര്‍ ഒന്നാം സമ്മാനം. 230 കോടി രൂപയുടെ ടിക്കറ്റാണ് സംസ്ഥാനത്തെ ഭാഗ്യാന്വേഷികള്‍ ലോട്ടറി വകുപ്പിന്റെ ഏജന്‍സികളില്‍ നിന്ന് കരസ്ഥമാക്കിയത്. 150 കോടി രൂപസര്‍ക്കാരിന് ലഭിച്ചു. ലോട്ടറി അച്ചടിച്ചെലവും പരസ്യവും കഴിഞ്ഞാണ് ഈ തുക. ഇക്കുറി 230 കോടി രൂപയുടെ ടിക്കറ്റ് വില്‍പനയാണ് ലക്ഷ്യമിടുന്നത്. പത്ത് കോടി ഒന്നാം സമ്മാനവും മറ്റ് സമ്മാനവുമെല്ലാം ചേര്‍ത്താലും അറുപത് കോടിയുടെ സമ്മാനമാണ് നല്‍കുന്നത്. ഇതില്‍ ഏറിയ പങ്കും നികുതിയായി തിരികെ സര്‍ക്കാരിലേക്കുതന്നെ വന്നു ചേരും. 

സമ്മാനങ്ങളുടെ വന്‍ വര്‍ധന

ഒന്നാം സമ്മാനമായ 10 കോടി രൂപ ഒരാള്‍ക്കും, രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേര്‍ക്കും, മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേര്‍ക്കുമാണ് ലഭിക്കുക. സമാശ്വാസ സമ്മാനമായ അഞ്ച് ലക്ഷം രൂപ ഒന്‍പത് പേര്‍ക്ക് നല്‍കും. 20 പേര്‍ക്ക് ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷമാണ്. ഒരു ലക്ഷം, 5000, 3000, 2000, 1000, 500 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങള്‍. 

പത്ത് കോടി രൂപ സമ്മാനം ലഭിക്കുന്നയാള്‍ മുപ്പത് ശതമാനം ആദായ നികുതിയായ മൂന്നു കോടി രൂപ സര്‍ക്കാരിന് നല്‍കണം. ഇതുകൂടാതെ ലോട്ടറി തുക ഒരു കോടിയില്‍ അധികമായാലുള്ള 15 ശതമാനം സര്‍ചാര്‍ജും (45 ലക്ഷം - നികുതി തുകയുടെ പതിനഞ്ചു ശതമാനം), ഒപ്പം വിദ്യാഭ്യാസ സെസ് മൂന്നു ശതമാനവും (നികുതി തുകയായ 3.45 കോടിയുടെ മൂന്നു ശതമാനം 10.5 ലക്ഷം) ഉള്‍പ്പെടെ ഏകദേശം 3.55 കോടി രൂപ സര്‍ക്കാരിലേക്ക് നല്‍കണം. ഇതോടെ സമ്മാനാര്‍ഹന് ലഭിക്കുക ആറര കോടിയായിരിക്കും. 

സംസ്ഥാന ഖജനാവിലെ ഏറ്റവും പ്രധാനപ്പെട്ട വരുമാനങ്ങളില്‍ ഒന്നാണ് ലോട്ടറി വില്‍പനയിലൂടെ ലഭിക്കുന്നത്. ടിക്കറ്റു വില്‍പനയിലൂടെ 12 ശതമാനമാണ് ജിഎസ്ടി വഴി സര്‍ക്കാരിലെത്തുക. ഇതില്‍ പകുതി കേന്ദ്രസര്‍ക്കാരിനും ലഭിക്കും.

അറുപത്തഞ്ച് കോടിയുടെ സമ്മാനങ്ങള്‍

കഴിഞ്ഞ വര്‍ഷം ലാഭകരമായതിനെത്തുടര്‍ന്നാണ് ഇക്കുറിയും ബമ്പര്‍ സമ്മാനത്തുക പത്തുകോടിയാക്കിയത്. അറുപത്തിയഞ്ച് കോടി പതിനൊന്നര ലക്ഷം രൂപയാണ് ഇത്തവണത്തെ  മൊത്തം സമ്മാനത്തുക. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം മന്ത്രി ജി.സുധാകരന്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍.ജയപ്രകാശിന് നല്‍കിയാണ് നിര്‍വഹിച്ചത്. 

സര്‍ക്കാരിന് 1696 കോടി രൂപയോളം നികുതിയിതര വരുമാനം നേടിത്തരുന്നതില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രി പറയുകയുണ്ടായി. ഇത്തവണ വില്‍പ്പനയുടെ പുരോഗതി വിലയിരുത്തി പത്ത് പരമ്പരകളിലായി 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചതെന്ന്  പി.ആര്‍. ജയപ്രകാശ് പറയുമ്പോള്‍ സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള പ്രതീക്ഷ എത്രയെന്ന് വ്യക്തം.

ഇത്തവണ ലക്ഷ്യം റെക്കോഡ് വില്‍പ്പന

കഴിഞ്ഞ വര്‍ഷം ഓണം ബമ്പര്‍ ലോറി മൊത്ത വ്യാപാരമായി  ഒരു ലക്ഷത്തിലധികം ടിക്കറ്റാണ്  വിറ്റഴിച്ചതെന്ന് ലോട്ടറി മൊത്ത വ്യാപാരി മുഹമ്മദ് റാഫി 'ജന്മഭൂമി'യോടു പറഞ്ഞു. മൊത്ത വ്യാപാരം എന്ന നിലയില്‍ ഒരു ടിക്കറ്റിന് 80 പൈസയാണ് ലഭിക്കുക. ഇത്തവണ ഇതുവരെ 15,000 രൂപയുടെ ടിക്കറ്റ് വിറ്റുപോയി. ഈ വര്‍ഷം വില്‍പ്പനയില്‍ വന്‍ വര്‍ധന ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് റാഫി പറഞ്ഞു. ഇപ്പോള്‍ 60 സബ് ഏജന്‍സികളും, 400-ല്‍ ഏറെ വില്‍പ്പനക്കാരുമാണ് ലോട്ടറി കച്ചവടത്തില്‍  ഒരു മൊത്തവ്യാപാര ഏജന്‍സിവഴി ലോട്ടറി വിറ്റഴിക്കുക.

കൂടുതല്‍ വരുമാനം ഓണക്കാലത്ത്

വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ഓണം ബമ്പര്‍ ടിക്കറ്റിലൂടെയാണെന്ന് സബ്  ഏജന്റായ തിരുവനന്തപുരം അനന്തപുരി ലക്കി സെന്റര്‍ ഉടമ എം. മുജീബ് പറയുന്നത് ഈ രംഗത്തെ മറ്റ് പലരുടെയും അഭിപ്രായമാണ്. 

വില്‍പ്പനയുടെ തുടക്കത്തില്‍ത്തന്നെ റെക്കോഡ് വില്‍പ്പനയാണ്  നടന്നത്. പൗര്‍ണമി, വിന്‍വിന്‍, സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിര്‍മ്മല്‍, കാരുണ്യ എന്നീ ലോട്ടറികള്‍ യഥാക്രമം ഞായര്‍ മുതല്‍ ശനിവരെ നറുക്കെടുപ്പ് നടന്നുവരുന്നു. ഇതിലും ഓണക്കാലത്ത്  കച്ചവടം പൊടിപൊടിക്കുകയാണെന്നും മുജീബ് പറയുന്നത് ഏറെ സന്തോഷത്തോടെയാണ്.

കേരള ലോട്ടറി ഇതുവരെ

മലയാളിയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ നറുക്കെടുപ്പുകള്‍, കേരള സംസ്ഥാന ലോട്ടറി അരനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 

ഇന്ത്യയിലാദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം കേരളമാണ്. 1967-ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞു സാഹിബിന്റെ നേതൃത്വത്തിലാണ് ലോട്ടറി ആരംഭിച്ചത്. അന്ന് സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന എല്ലാ സ്വകാര്യ ലോട്ടറികളും നിരോധിച്ചശേഷമായിരുന്നു കേരള ഭാഗ്യക്കുറി തുടങ്ങിയത്. സെപ്തംബര്‍ ഒന്നിന് ഭാഗ്യക്കുറി വകുപ്പ് നിലവില്‍ വന്നു. എന്നാല്‍ ആദ്യമായി വില്‍പ്പന ആരംഭിച്ചത് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനും ആദ്യത്തെ നറുക്കെടുപ്പ് നടന്നത് 1968 ജനുവരി 26 നും. മാവേലി, കൈരളി, പെരിയാര്‍ എന്നീ പേരുകളിലുള്ള ടിക്കറ്റുകളാണ് തുടക്കത്തില്‍ വില്‍പ്പന നടത്തിയത്. ഒരു രൂപയായിരുന്നു ടിക്കറ്റ് വില. ഒന്നാം സമ്മാനം 50,000 രൂപയും. കേരള ലോട്ടറിയുടെ ചുവടുപിടിച്ചാണ് മറ്റ് സംസ്ഥാനങ്ങളും ലോട്ടറി ആരംഭിച്ചത്.

പി.കെ. സെയ്ദ് മുഹമ്മദായിരുന്നു കേരള ലോട്ടറിയുടെ സ്ഥാപക ഡയറക്ടര്‍. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തില്‍ ഇതുവരെ നഷ്ടമുണ്ടായിട്ടില്ല. നൂറു രൂപ മുതല്‍ 10 കോടി രൂപയുടെ ബംപര്‍ സമ്മാനം വരെയുണ്ടിപ്പോള്‍. ഇക്കുറി അടിച്ചില്ലെങ്കില്‍ അടുത്ത നറുക്കെടുപ്പില്‍ സമ്മാനം ഉറപ്പ് എന്ന ശുഭപ്രതീക്ഷയിലാണ് മലയാളികള്‍ വാശിയോടെ ടിക്കറ്റെടുക്കുന്നത്. 

കേരളത്തിലിപ്പോള്‍ നിലവിലുള്ള ടിക്കറ്റുകളുടെ പേരുവിവരമിങ്ങനെ:

പൗര്‍ണമി- ഞായറാഴ്ചകളില്‍ നറുക്കെടുക്കുന്ന പൗര്‍ണമിയുടെ വില 30രൂപയും ഒന്നാം സമ്മാനം 65 ലക്ഷം രൂപയും ആണ്. 2011 ഒക്‌ടോബര്‍ മൂന്നിന് ഈ ഭാഗ്യക്കുറിയുടെ വില്‍പ്പന ആരംഭിക്കുമ്പോള്‍ ടിക്കറ്റ് വില 20 രൂപയും ഒന്നാം സമ്മാനം 51 ലക്ഷം രൂപയും ആയിരുന്നു. 

പ്രതീക്ഷ- തിങ്കളാഴ്ചകളില്‍ നറുക്കെടുക്കുന്ന ഈ ഭാഗ്യക്കുറിയുടെ വില 40രൂപയും ഒന്നാം സമ്മാനം 75 ലക്ഷം രൂപയും ആയിരുന്നു.  ഇപ്പോള്‍ തിങ്കളാഴ്ചകളില്‍ നറുക്കെടുക്കുന്ന ഭാഗ്യക്കുറി വിന്‍-വിന്‍ ആണ്. ടിക്കറ്റ് വില 30 രൂപയും ഒന്നാം സമ്മാനം 65 ലക്ഷം രൂപയും ആണ്. 

ധനശ്രീ- ചൊവ്വാഴ്ചകളില്‍ നറുക്കെടുക്കുന്ന ഭാഗ്യക്കുറി ധനശ്രീയുടെ വില 40 രൂപയും ഒന്നാം സമ്മാനം 60 ലക്ഷം രൂപയും മാരുതി സിഫ്റ്റ് ഡിസയര്‍ കാറുമാണ്. 2011 ഒക്‌ടോബര്‍ 11 ന് ഈ ഭാഗ്യക്കുറിയുടെ വില്‍പന ആരംഭിച്ചു. 

വിന്‍വിന്‍- ബുധനാഴ്ചകളില്‍ നറുക്കെടുക്കുന്ന വിന്‍വിന്റെ വില 20രൂപയും ഒന്നാം സമ്മാനം 40ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും ആണ്. 

അക്ഷയ- വ്യാഴാഴ്ചകളില്‍ നറുക്കെടുക്കുന്ന അക്ഷയയുടെ വില 20 രൂപയും ഒന്നാം സമ്മാനം 20 ലക്ഷം രൂപയുമാണ്. 

ഭാഗ്യനിധി- വെള്ളിയാഴ്ചകളില്‍ നറുക്കെടുക്കുന്ന ഭാഗ്യനിധിയുടെ വില 20 രൂപയും ഒന്നാം സമ്മാനം 40 ലക്ഷം രൂപയും ഇന്നോവ കാറും. 

കാരുണ്യ- മാരക രോഗങ്ങളാല്‍ ദുരിതം അനുഭവിക്കുന്ന രോഗികള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭാഗ്യക്കുറിയാണ് കാരുണ്യ. ശനിയാഴ്ചകളില്‍ നറുക്കെടുക്കുന്ന  കാരുണ്യയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ടിക്കറ്റ് വില 50 രൂപയും.

ഒരു കാലത്ത് കൈകൊണ്ട് കറക്കുന്ന യന്ത്രംകൊണ്ടായിരുന്നു നറുക്കെടുപ്പ്. എന്നാല്‍ അടുത്തിടെ യന്ത്രവല്‍കൃതമാക്കി. യന്ത്രത്തിന്റെ സ്വിച്ച് അമര്‍ത്തുന്നത് നറുക്കെടുപ്പിനെത്തുന്ന ജഡ്ജിമാരോ കാണികളോ ആയിരിക്കുമെന്ന പ്രത്യേകത ഈ സംവിധാനത്തിനുണ്ട്. നറുക്കെടുപ്പ് ദിവസം മണിക്കൂറുകള്‍ നീളുന്ന കാത്തിരിപ്പും ഒഴിവാക്കാം. ലോട്ടറി നറുക്കെടുപ്പ് തത്സമയം  ടിവിയില്‍ സംപ്രേക്ഷണം ചെയ്താനും വെബ് കാസ്റ്റിങ് നടത്താനും നേരത്തെ തീരുമാനിച്ചിരുന്നു. വ്യാജടിക്കറ്റുകളുടെ പ്രചാരണം തടയാന്‍ 2008 മുതല്‍ ടിക്കറ്റില്‍ ബാര്‍ കോഡും പ്രിന്റ് ചെയ്യുന്നുണ്ട്. കേരള ബുക്‌സ് ആന്റ് പബ്ലിഷിങ് സൊസൈറ്റിയാണ് സര്‍ക്കാരിനുവേണ്ടി ലോട്ടറി ടിക്കറ്റുകള്‍ പ്രിന്റ് ചെയ്യുന്നത്.

കേരള ലോട്ടറി വകുപ്പിന് പതിനാല് ജില്ലാ തലസ്ഥാനങ്ങളിലുള്ള ഓഫീസുകള്‍ക്ക് പുറമെ റീജിയണല്‍ ഓഫീസുകളുമുണ്ട്. നിലവില്‍ നാല്‍പ്പതിനായിരത്തോളം അംഗീകൃത ഏജന്റുമാരും ഒരു ലക്ഷത്തിലധികം റീട്ടെയില്‍ കച്ചവടക്കാരും പ്രവര്‍ത്തിക്കുന്നു. അംഗീകാരമില്ലാത്ത വില്‍പ്പനക്കാരെയും കേരളത്തിലുടനീളം കാണാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.