സൗന്ദര്യത്തിന് കടലമാവ്

Wednesday 8 August 2018 1:04 am IST

നമ്മുടെ മുതുമുത്തശ്ശിമാരുടെ കാലം മുതലുളള സൗന്ദര്യസംരക്ഷണ വഴിയില്‍ കടലമാവിനുമുണ്ട് ചെറുതല്ലാത്ത ഒരു സ്ഥാനം. പല ചര്‍മപ്രശ്നങ്ങള്‍ക്കുമായി പല തരത്തിലുളള ഫേസ് പായ്ക്കുകള്‍ കടലമാവ് ഉപയോഗിച്ചുണ്ടാക്കാം. തികച്ചും സ്വാഭാവിക വഴിയായതുകൊണ്ടുതന്നെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല.  വെളുക്കാനും സണ്‍ടാന്‍ മാറ്റാനുമടക്കമുള്ള പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് കടലമാവ്.

സണ്‍ടാന്‍ മാറ്റാനുള്ള സ്വാഭാവിക പരിഹാരമാണ് കടലമാവ്. 4 ടീസ്പൂണ്‍ കടലമാവ്, 1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തൈര്, ഒരു നുള്ളു മഞ്ഞള്‍ എന്നിവ കലര്‍ത്തി പേസ്റ്റാക്കുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. വെയിലത്തു പോയി വന്ന് ഇതു ചെയ്താല്‍ കരുവാളിച്ച ചര്‍മത്തിന്റെ നിറം തിരിച്ചുവരും.

 ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ കടലമാവ്, പാല്‍, ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പുരട്ടിയാല്‍ മതിയാകും. നാലു ടീസ്പൂണ്‍ കടലമാവ്, 1 ടീസ്പൂണ്‍ തിളപ്പിക്കാത്ത പാല്‍, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും.

 എണ്ണമയമുള്ള ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധികൂടിയാണ് കടലമാവ് ഉപയോഗിച്ചുള്ള ഫേസ് പായ്ക്ക്. കടലമാവും പാലും കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് എണ്ണമയം നീക്കാന്‍ ഏറെ നല്ലതാണ്. 

മുഖക്കുരു പാടുകള്‍ക്കുള്ള പ്രതിവിധി കൂടിയാണ് കടലമാവ്. 2 ടീസ്പൂണ്‍ കടലമാവ്, 2 ടീസ്പൂണ്‍ ചന്ദനപ്പൊടി, 1 ടീസ്പൂണ്‍ പാല്‍, ഒരു നുള്ളു മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തിടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. 

കൈകളിലേയും കാലുകളിലേയും കറുപ്പു നിറം മാറ്റാനും കടലമാവുകൊണ്ട് ഫേസ് പായ്ക്കുണ്ട്. കടലമാവ്, തൈര്, ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതം പുരട്ടിയാല്‍ മതിയാകും. ഉണങ്ങുമ്പോള്‍ കഴുകി കളയാം. 

 മുഖരോമങ്ങള്‍ അകറ്റാനും മികച്ചൊരു വഴിയാണ് കടലമാവ് ഫേസ്പായ്ക്ക്. കടലമാവ്, ഉലുവാപ്പൊടി എന്നിവ കലര്‍ത്തി രോമമുള്ളിടത്തിടുക. അല്‍പം കഴിയുമ്പോള്‍ പതിയെ സ്‌ക്രബ് ചെയ്തു കഴുകിക്കളയാം. കടലമാവ്, ചെറുനാരങ്ങാനീര്, പാല്‍പ്പാട, ചന്ദനപ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതം പുരട്ടുന്നതും ഏറെ നല്ലതാണ്.

 മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാനും ഏറെ നല്ലതാണ് കടലമാവ് മിശ്രിതം. 1 ടേബിള്‍ സ്പൂണ്‍ കടലമാവ്, കാല്‍ ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒന്നര ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ കലര്‍ത്തി മുഖത്തിടുക. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്താല്‍ ഗുണമുണ്ടാകും.

ബ്ലാക്ക് ഹെഡ്സ് അകറ്റാനും കടലമാവ് മിശ്രിതം ഏറെ നല്ലതാണ്. 4 ടേബിള്‍ സ്പൂണ്‍ കടലമാവ്, 2 ടീസ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 2 ടീസ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതു ഗുണം നല്‍കും. ഇതു പുരട്ടി 20 മിനിറ്റു കഴിഞ്ഞാല്‍ പതുക്കെ നനച്ചു സ്‌ക്രബ് ചെയ്ത് ഇളംചൂടുവെളളം കൊണ്ടു കഴുകാം. 

കടലമാവ്, ബദാം പൊടിച്ചത്, പാല്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി പുരട്ടുന്നത് മുഖത്തിനു നിറം നല്‍കാനും പാടുകള്‍ നീക്കാനും ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്യുക. 

കടലമാവ്, മഞ്ഞള്‍, പാല്‍പ്പാട എന്നിവ കലര്‍ത്തി പുരട്ടുന്നത് വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് സ്വാഭാവികമായ എണ്ണമയം നല്‍കും. 

 കടലമാവ് പുരട്ടി കഴുകിയ ശേഷം മുഖത്ത് മോയിസ്ചറൈസര്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് ചര്‍മം കൂടുതല്‍ വരളാതിരിക്കാന്‍ സഹായിക്കും. എന്നാല്‍ പാല്‍പ്പാട ചേര്‍ത്ത ഫേസ് പായ്ക്കുകള്‍ക്ക് ഇതിന്റെ ആവശ്യമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.