ഇന്ദുലേഖ പറയട്ടെ

Wednesday 8 August 2018 1:05 am IST
അഡ്വ. ഇന്ദുലേഖാ ജോസഫ് വര്‍ഷങ്ങളായി പോരാട്ടത്തിലാണ്. ക്രൈസ്തവ സഭകളിലെ അനീതികള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ കുരിശുയുദ്ധം തന്നെയാണ് ഈ യുവതി നടത്തുന്നത്. ഇക്കാര്യത്തില്‍ തിരിച്ചടികള്‍ അവരെ ഒട്ടും അധീരയാക്കുന്നില്ല. ഈയടുത്ത കാലത്ത് ഓര്‍ത്തഡോക്‌സ് സഭയിലും കത്തോലിക്കാ സഭയിലും ഉണ്ടായ പീഡനപരമ്പരകളില്‍ ഇരകളായ കന്യാസ്ത്രീക്കും വീട്ടമ്മയ്ക്കുംവേണ്ടി ഇന്ദുലേഖ ശക്തമായി രംഗത്തുവരികയുണ്ടായി. അവരുടെ വാക്കുകളിലൂടെ...

-കത്തോലിക്കാ സഭയില്‍ ബിഷപ്പ് ഫ്രാന്‍കോയുടെ പീഡനത്തിനിരയായ കന്യാസ്ത്രീ പലതവണ സഭക്കുള്ളില്‍ത്തന്നെയുള്ള അധികാരികളെ തനിക്കു നേരിട്ട പീഡനങ്ങള്‍ അറിയിച്ചിട്ടും അവരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടായില്ല. അവര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നെങ്കില്‍ അവരുടെ സ്ഥാനം മഠത്തിനു പുറത്തായേനെ. മഠത്തില്‍നിന്ന് പുറത്താകുന്ന കന്യാസ്ത്രീകളെ സമൂഹം ദുര്‍നടപ്പുകാരായാണ് കാണുന്നത്. മാത്രമല്ല, പലപ്പോഴും അവരെ അവരുടെ കുടുംബവും സ്വീകരിക്കില്ല. ഒരുപാടു സഹിച്ചശേഷമാണ് കന്യാസ്ത്രീ പരാതിപ്പെട്ടത്. അല്ലെങ്കില്‍ അവര്‍ക്ക് അഭയയുടെ ഗതി വന്നേനെ. കുറഞ്ഞപക്ഷം അവരെ ഒരു ഭ്രാന്തിയെങ്കിലും ആക്കിത്തീര്‍ത്തേനെ. ഒരു സ്ത്രീ കന്യാസ്ത്രീ ആവുന്നതോടെ അവളുടെ സ്വതന്ത്ര ചിന്ത അനുസരണം എന്ന വ്രതത്തിനുവേണ്ടി പരിത്യജിക്കപ്പെടുന്നു.  

-ഇനി വീട്ടമ്മയുടെ കാര്യമെടുത്താല്‍ കുമ്പസാരം വഴി ചൂഷണത്തിന് വിധേയയായ അവര്‍ തന്റെ കുടുംബജീവിതം തകര്‍ന്നുപോകാതിരിക്കാനാണ് ഇത്രയും കാലം പുറത്തുപറയാതിരുന്നത്. ഇതെല്ലം പോട്ടെ, ഇപ്പോള്‍ ഇരകള്‍ തങ്ങള്‍ക്കു നേരിട്ട പീഡനങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ അവരെ വേശ്യകളായി  ചിത്രീകരിച്ചു താറടിക്കാനാണ് സമൂഹം ശ്രമിക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭയിലെ വിവാഹിതരായ പുരോഹിതന്മാരാണ് ഈ നെറികേടിനു കൂട്ടുനിന്നതെന്ന് ആലോചിക്കുമ്പോള്‍ മൂല്യബോധം പൂര്‍ണ്ണമായിത്തന്നെ നശിച്ചു എന്ന് പറയാതെ വയ്യ.

-കുമ്പസാരം ഉയര്‍ത്തുന്ന സാമൂഹികപ്രശ്‌നങ്ങള്‍ ്യൂഞാന്‍ ഒരുവര്‍ഷം മുന്‍പുതന്നെ ഉന്നയിച്ചതാണ്. അന്ന് കുമ്പസാര ചൂഷണവുമായി ബന്ധപ്പെട്ട് ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. വര്‍ദ്ധിച്ചുവരുന്ന പുരോഹിത പീഡനങ്ങളുടെ വെളിച്ചത്തില്‍ കുമ്പസാരം എന്ന കൂദാശ പുരോഹിതന്മാര്‍ എങ്ങനെ ചെയ്യും എന്നതായിരുന്നു അന്ന് ഞങ്ങള്‍ ഉന്നയിച്ച ചോദ്യം. ഇന്നിതാ ഞങ്ങളുടെ വാദഗതികള്‍ ശരിവച്ചുകൊണ്ട് കുമ്പസാര പീഡനങ്ങള്‍ മറ നീക്കി വരുന്നു.

-ഒരാളുടെ മാനസിക വ്യഥകള്‍ ദൈവത്തെ ഉണര്‍ത്തിക്കുന്നതിന് ഒരു മദ്ധ്യസ്ഥന്റെ ആവശ്യമില്ല. എന്നാല്‍ മറ്റൊരു വ്യക്തിയുമായി പങ്കുവയ്ക്കുമ്പോള്‍ മനസ്സിന് ഒരു സ്വസ്ഥത ലഭിക്കുന്ന ആളുകള്‍ ഏറെയാണ്. അത്തരം സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭയലേശെമന്യേ തങ്ങളുടെ കൂദാശകള്‍ അനുഷ്ഠിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കുക, വിദേശരാജ്യങ്ങളിലെപ്പോലെ സ്വന്തം വ്യക്തിത്വം വ്യക്തമാക്കാതെയുള്ള കുമ്പസാരം കൊണ്ടുവരുക, ക്രിസ്തീയ സഭയില്‍ നിലനിന്നിരുന്ന പിഴമൂളല്‍ (കൂട്ടകുമ്പസാരം) തിരികെ കൊണ്ടുവരുക എന്നിങ്ങനെയുള്ള നടപടികള്‍ സഭാ നേതൃത്വത്തിനു സ്വീകരിക്കാവുന്നതാണ്. നിപ്പവൈറസ് വന്നപ്പോള്‍ കോഴിക്കോട്ടെ ആരാധനാക്രമങ്ങള്‍ നിയന്ത്രിച്ചതു പോലെ കാലോചിതമായ മാറ്റം കുമ്പസാരത്തിലും അനിവാര്യമാണ്.

-സമ്പത്തു കുമിഞ്ഞുകൂടിയ സഭയെന്ന കോര്‍പ്പറേറ്റ് ഭീമന് അധികം ദീര്‍ഘിപ്പിക്കാതെ കടിഞ്ഞാണിട്ടില്ലെങ്കില്‍ അത് ചുറ്റുവട്ടത്തുള്ളതിനെ എല്ലാം മുച്ചൂടും നശിപ്പിക്കും എന്നതിന് യാതൊരുവിധ സംശയവുമില്ല. വി.ആര്‍.കൃഷ്ണയ്യര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ചര്‍ച്ച് ബില്‍ നടപ്പാക്കുക. അതുവഴി ക്രിസ്ത്യന്‍ സഭകളുടെ കണക്കില്ലാത്ത സ്വത്തിനു കണക്കുണ്ടാക്കുക.  ഏകീകൃത സിവില്‍കോഡ് കൊണ്ടുവരുക. എല്ലാവരെയും നിയമത്തിനു മുമ്പില്‍ സമന്മാരാക്കുക. ഇങ്ങനെ സദുദ്ദേശ്യപരമായ തിരുത്തല്‍ കൊണ്ട് മാത്രമേ കത്തോലിക്കാ സഭയെ നവീകരിക്കാന്‍ കഴിയുകയുള്ളൂ. നവീകരണത്തിനായി ക്രിസ്ത്യന്‍ സമുദായവും സമൂഹവും അക്ഷീണം പരിശ്രമിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.