പുതുവൈപ്പില്‍ പുലിമുട്ട് അടക്കം അധികസുരക്ഷ

Wednesday 8 August 2018 1:14 am IST
ചെന്നൈക്ക് 30 കിലോമീറ്റര്‍ അകലെ എന്നൂരിലെ എല്‍പിജി ഫാക്ടറിയും പുതുവൈപ്പിന് സമാനമായ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. ഒരുവശത്ത് വ്യവസായ എസ്റ്റേറ്റും മറുവശത്ത് സ്‌കൂളടക്കം 1500 ഓളം കുടുംബങ്ങളും തിങ്ങിപ്പാര്‍ക്കുകയും ചെയ്യുന്ന പ്രദേശമാണിത്.

ചെന്നൈ: കൊച്ചിക്ക് സമീപം പുതുവൈപ്പിലെ നിര്‍ദിഷ്ട പാചകവാതക ടെര്‍മിനല്‍ നിര്‍മാണം സ്ഥാപിത താല്‍പ്പര്യക്കാരുടെയും ചില തീവ്രവാദസംഘടനകളുടെയും പിടിവാശിയില്‍ മുടങ്ങിക്കിടക്കെ ചെന്നൈക്ക് സമീപം എന്നൂരിലെ ജനവാസമേഖലയില്‍ ഇരട്ടിശേഷിയുള്ള ഐഒസിയുടെ വാതക പ്ലാന്റ് ആറ് വര്‍ഷമായി ഒരു ഭീതിയും സൃഷ്ടിക്കാതെ പ്രവര്‍ത്തനം തുടരുന്നു. പുതുവൈപ്പില്‍ ചില സംഘടനകള്‍ ഉയര്‍ത്തിയ സുരക്ഷാ ഭീഷണിയെയും അക്രമാസക്തമായ പ്രതിഷേധങ്ങളെയും തുടര്‍ന്ന് പദ്ധതി 10 മാസമായി മുടങ്ങിക്കിടക്കുകയാണ്. 

ചെന്നൈക്ക് 30 കിലോമീറ്റര്‍ അകലെ എന്നൂരിലെ എല്‍പിജി ഫാക്ടറിയും പുതുവൈപ്പിന് സമാനമായ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. ഒരുവശത്ത് വ്യവസായ എസ്റ്റേറ്റും മറുവശത്ത് സ്‌കൂളടക്കം 1500 ഓളം കുടുംബങ്ങളും തിങ്ങിപ്പാര്‍ക്കുകയും ചെയ്യുന്ന പ്രദേശമാണിത്. 

മംഗലാപുരത്ത് നിന്ന് ബുള്ളറ്റ് ടാങ്കറുകളില്‍ എല്‍പിജി എത്തിക്കുന്നത് ഒഴിവാക്കാനാണ് എന്നൂരില്‍ ടെര്‍മിനല്‍ നിര്‍മിച്ചത്. 2010ല്‍ തുറമുഖത്ത് ഇറക്കുമതി ടെര്‍മിനലും ആറുകിലോമീറ്റര്‍ അകല അത്തിപ്പെട്ടിയില്‍ ഭൂമിക്ക് മുകളില്‍ 2012ല്‍ 15,000 ടണ്‍ വീതം ശേഷിയുള്ള രണ്ട് സംഭരണികളും സ്ഥാപിച്ചു. തുറമുഖത്തു നിന്ന് സംഭരണികളിലേക്കും അവിടെനിന്ന് സമീപത്തെ ഐഒസിയുടെ മെഗാ ബോട്ട്‌ലിങ് പ്ലാന്റിലേക്കും ഭൂമിക്ക് മുകളിലൂടെയുള്ള പൈപ്പ് വഴി വാതകം നല്‍കുന്നു. എന്നാല്‍ പുതുവൈപ്പില്‍ പൈപ്പുകളും സംഭരണികളുമെല്ലാം ഭൂമിക്കടിയിലാണ്. 

വേലിയേറ്റ തിരകളുടെ ആഘാതം കുറയ്ക്കാന്‍ തീരത്ത് അഞ്ചു കിലോമീറ്ററില്‍ 100 മീറ്റര്‍ ഇടവിട്ട് 50 മീറ്റര്‍ നീളമുള്ള പുലിമുട്ടുകളും സ്ഥാപിക്കും. ചെന്നൈ ഐഐടിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുലിമുട്ട് നിര്‍മാണം. ആകെ 720 കോടി രൂപയാണ് പുതുവൈപ്പ് പദ്ധതിച്ചെലവ്. അതിന്റെ മൂന്നിലൊന്നും സുരക്ഷയ്ക്ക് വേണ്ടിയാണ് നീക്കിവച്ചിരിക്കുന്നതെന്ന് ഐഒസി പുതുവൈപ്പ് പദ്ധതി ജനറല്‍ മാനേജര്‍ എസ്. ധനപാണ്ഡ്യന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. തമിഴ്നാട്ടിലെ പാചകവാതക ആവശ്യത്തിന്റെ ഗണ്യമായ പങ്കുവഹിക്കുന്നത് എന്നൂരിലെ ടെര്‍മിനലാണ്. പുതുച്ചേരി, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ ബോട്ട്ലിങ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ദശലക്ഷക്കണക്കിന് വീടുകളിലേക്ക് എല്‍പിജി സിലിണ്ടര്‍ എത്തുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു. 

110 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന എന്നൂര്‍ പ്ലാന്റില്‍ കരാര്‍ തൊഴിലാളികളടക്കം നാല്‍പ്പത്തഞ്ചോളം പേര്‍ മാത്രമാണുള്ളത്. കണ്‍ട്രോള്‍ റൂമിലെ കമ്പ്യൂട്ടര്‍ സംവിധാനം വഴിയാണ് നിയന്ത്രണങ്ങളെല്ലാം. ഒറ്റ മൗസ്‌ക്ലിക്കില്‍ പ്ലാന്റിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്താം. ഭൂകമ്പത്തിനു പോലും തകര്‍ക്കാന്‍ പറ്റാത്ത വിധത്തിലാണ് പ്ലാന്റുകളുടെയെല്ലാം നിര്‍മാണം. 

ദേശീയ ഹരിത ട്രിബ്യൂണലിന്റേതടക്കം എല്ലാ അനുമതിയും പുതുവൈപ്പ് പദ്ധതിക്കുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അനുകൂല ഉത്തരവ് കൂടി കിട്ടിയാല്‍ ജോലികള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് ഐഒസിയുടെ പ്രതീക്ഷ. പദ്ധതിക്കെതിരെ പ്രാദേശികമായി കലാപമുണ്ടായ സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷമാണ് ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. പ്രതിസന്ധി നീങ്ങിയാല്‍ രണ്ടുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ധനപാണ്ഡ്യന്‍ പറഞ്ഞു. 1,000 കോടി രൂപയാണ് തമിഴ്നാടിന് പ്രതിവര്‍ഷം എന്നൂര്‍ ടെര്‍മിനല്‍ വഴി കിട്ടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.