ഓര്‍മയില്‍ കടല്‍ കൊലക്കേസ്; ആശങ്കയുടെ നിഴലില്‍ മത്സ്യബന്ധന തൊഴിലാളികള്‍

Wednesday 8 August 2018 1:21 am IST
2012 ഫെബ്രുവരി 15ന് നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയവരാണ് ഇവര്‍. എന്റിക ലെക്സി എന്ന ഇറ്റാലിയന്‍ കപ്പലില്‍ നിന്നുമാണ് വെടിയേറ്റത്. കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് കപ്പലിലെ സുരക്ഷാഭടന്മാര്‍ വെടിവച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

കൊല്ലം: തൊഴിലിനിടെ കടലില്‍ ജീവന്‍ തന്നെ നഷ്ടപ്പെടുമെന്ന മത്സ്യതൊഴിലാളികളുടെ ആശങ്ക ഒരുവശത്ത്. ജീവനെടുക്കുന്ന കപ്പലുകളുടെ ഭീഷണി മറുവശത്തും. കൊല്ലത്ത് 2012 ഫെബ്രുവരിയില്‍ രണ്ട് മത്സ്യബന്ധനതൊഴിലാളികളെയാണ് ഇറ്റാലിയന്‍ കപ്പലില്‍ നിന്നും വെടിവച്ച് കൊലപ്പെടുത്തിയത്. കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ ജലസ്റ്റിന്‍, തമിഴ്നാട് കന്യാകുമാരിയിലെ ഇരയിമ്മന്‍തുറ കോവില്‍വിളാകത്ത് അജീഷ് പിങ്കു എന്നിവരുടെ ജീവനെടുത്തത് വന്‍കോളിളക്കമാണ് സൃഷ്ടിച്ചത്. ഇറ്റാലിയന്‍ നാവികരായ മാസിമിലിയാനൊ ലെത്തോറെ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരായിരുന്നു കേസില്‍ പ്രതികള്‍.

2012 ഫെബ്രുവരി 15ന് നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയവരാണ് ഇവര്‍. എന്റിക ലെക്സി എന്ന ഇറ്റാലിയന്‍ കപ്പലില്‍ നിന്നുമാണ് വെടിയേറ്റത്. കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് കപ്പലിലെ സുരക്ഷാഭടന്മാര്‍ വെടിവച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ സെന്റ് ആന്റണീസ് മത്സ്യബന്ധന ബോട്ടാണ് ഇറ്റാലിയന്‍ നാവികര്‍ കടല്‍ക്കൊള്ളക്കാരുടേതെന്ന് തെറ്റിദ്ധരിച്ചത്. ആകെ 11 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. സംഭവസമയത്ത് ഉണര്‍ന്നിരുന്ന രണ്ടുപേരാണ് വെടിയേറ്റു മരിച്ചത്. ഡോള്‍ഫിന്‍ ചേംബേഴ്സ് എന്ന ഇറ്റാലിയന്‍ കമ്പനിയാണ് കപ്പല്‍ ഉടമകള്‍. 

പത്തൊന്‍പത് ഇന്ത്യക്കാര്‍ കപ്പലിലെ ജീവനക്കാരായി ഉണ്ട്. സിംഗപ്പൂരില്‍ നിന്നും ഈജിപ്തിലേക്ക് പോകുകയായിരുന്നു കപ്പല്‍. ജലസ്റ്റിന്റെ നെറ്റിയിലും അജീഷിന്റെ നെഞ്ചിലുമാണ് വെടിയേറ്റത്.

പിന്നീട് കൊലപാതക കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി നല്‍കിയ ഹര്‍ജി പരിഗണിച്ച്, ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി 2013ല്‍ വിധിച്ചു. 12 നോട്ടിക്കല്‍ ദൂരപരിധിക്കുള്ളില്‍ മാത്രമേ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നിയമനടപടി സ്വീകരിക്കാന്‍ സാധിക്കുകയുള്ളുവെന്നും അതിനാല്‍ ഐപിസി പ്രകാരം ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കാന്‍ ആവില്ലെന്നും ഇന്ത്യന്‍ മാരിടൈം നിയമപ്രകാരമാണ് നാവികര്‍ക്കെതിരെ കേസെടുക്കേണ്ടതെന്നുമായിരുന്നു കോടതി വിധി. 

പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോകാന്‍ മാസിമിലിയാനൊ ലെത്തോറയ്ക്ക് 2016ല്‍ കോടതി അനുമതി നല്‍കിയിരുന്നു. കേസിലെ മറ്റൊരു പ്രതി സാല്‍വത്തോറ ജിറോണിന് ഇറ്റലിയിലേക്ക് മടങ്ങാന്‍ സുപ്രീംകോടതി നേരത്തേ അനുമതി നല്‍കിയിരുന്നു. അന്താരാഷ്ട്ര മധ്യസ്ഥ കോടതിയുടെ പരിഗണനയിലുള്ള കേസ് തീര്‍പ്പാകുന്നതുവരെ ജിറോണിന് ഇറ്റലിയില്‍ കഴിയാം. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിക്കാനും എല്ലാമാസവും കോടതി നിര്‍ദേശിക്കുന്ന ഇറ്റലിയിലെ പോലിസ് സ്റ്റേഷനില്‍ ഹാജരാകാനും ജിറോണിനോട് ആവശ്യപ്പെട്ടിരുന്നു. 

ഏറ്റവുമൊടുവില്‍ 2016 ഡിസംബറില്‍ കൊല്ലം നീണ്ടകരയില്‍ നിന്നുപോയ മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ച് ഒരു തൊഴിലാളി മരിക്കുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.