ദുരന്തം കാണാത്ത മുഖ്യമന്ത്രി വള്ളംകളി കാണാനെത്തും

Wednesday 8 August 2018 1:25 am IST
വള്ളം തുഴയേണ്ടവരാണ് വീടും കിടപ്പാടവും വരുമാനമാര്‍ഗവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ നിന്ന് കുട്ടനാട്ടുകാര്‍ ഇതുവരെ മോചിതരായിട്ടില്ല. കഴുത്തറ്റം വെള്ളത്തിലാണ് ആയിരങ്ങള്‍ ഇപ്പോഴും കഴിയുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ആലപ്പുഴ ജില്ലയില്‍ മാത്രം പ്രളയക്കെടുതിക്കിരയായത്.

ആലപ്പുഴ: വെള്ളപ്പൊക്കത്തില്‍ സര്‍വതും നഷ്ടപ്പെട്ട ജനങ്ങളുടെ കണ്ണീരൊപ്പാന്‍ തയാറാകാത്ത മുഖ്യമന്ത്രി ഓളപ്പരപ്പിലെ ആഘോഷം ആസ്വദിക്കാനെത്തും. വിളിപ്പാടകലെ അമ്പലപ്പുഴയിലെത്തിയിട്ടും നരകജീവിതം നയിക്കുന്ന കുട്ടനാട്ടുകാരെ ആശ്വസിപ്പിക്കാന്‍ കൂട്ടാക്കാതിരുന്ന പിണറായി വിജയന്‍ 11ന് പുന്നമടയില്‍ നെഹ്റുട്രോഫി ജലോത്സവം ആഘോഷിക്കാനെത്തുന്നത് വിവാദമാകുന്നു. 

വള്ളം തുഴയേണ്ടവരാണ് വീടും കിടപ്പാടവും വരുമാനമാര്‍ഗവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ നിന്ന് കുട്ടനാട്ടുകാര്‍ ഇതുവരെ മോചിതരായിട്ടില്ല. കഴുത്തറ്റം വെള്ളത്തിലാണ് ആയിരങ്ങള്‍ ഇപ്പോഴും കഴിയുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ആലപ്പുഴ ജില്ലയില്‍ മാത്രം പ്രളയക്കെടുതിക്കിരയായത്. ആയിരം കോടിയുടെ നഷ്ടം ഉണ്ടായതായാണ് സര്‍ക്കാരിന്റെ തന്നെ കണക്ക്. കഴിഞ്ഞ ഞായറാഴ്ച ദുരിതാശ്വാസ അവലോകന യോഗത്തിനെത്തിയ പിണറായി വിജയന്‍ കുട്ടനാട് സന്ദര്‍ശിക്കാതെ മടങ്ങിയത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കോടികള്‍ പൊടിച്ച് നടത്തുന്ന ജലമാമാങ്കം കാണാന്‍ മുഖ്യമന്ത്രി എത്തുന്നത് ചര്‍ച്ചയാകുന്നത്. 

പ്രളയക്കെടുതിയേക്കാളും സര്‍ക്കാരിന് പ്രധാനം കോടികള്‍ ഒഴുകുന്ന ജലോത്സവമാണ്. കോര്‍പ്പറേറ്റ് ക്രിക്കറ്റ്-ഫുട്‌ബോള്‍ മത്സരങ്ങളുടെ രീതിയിലാണ് ഇത്തവണ വള്ളംകളികളെ ഏകോപിപ്പിച്ചിരിക്കുന്നത്. മന്ത്രി തോമസ് ഐസക്കാണ് ജലമേളയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്രളയക്കെടുതിയിലായ കുട്ടനാട് ഏതാനും മണിക്കുറുകള്‍ മാത്രം സന്ദര്‍ശിച്ച ധനമന്ത്രി പക്ഷേ വള്ളംകളി നടത്തിപ്പിനായി ഇതിനകം നിരവധി യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു കഴിഞ്ഞു. 

വെള്ളം ഇറങ്ങുന്നതോടെ പകര്‍ച്ചവ്യാധി ഭീഷണിയിലാണ് കുട്ടനാട്. ജപ്പാന്‍ ജ്വരം, ഡെങ്കി-എലിപ്പനികള്‍, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ നിരവധി ജീവനുകള്‍ എടുത്ത ജില്ലയാണ് ആലപ്പുഴ. ഇതിനെതിരെ ജാഗ്രത വേണ്ടപ്പോഴാണ് വള്ളംകളി ആഘോഷത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നാകെ വിനിയോഗിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ കാരണം നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവച്ച സന്ദര്‍ഭങ്ങള്‍ മുമ്പുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ജില്ലാ ഭരണകൂടവും കളക്ടറും ഔദ്യോഗിക ജോലിയുടെ ഭാഗമായി നെഹ്‌റുട്രോഫി വള്ളംകളിയും നടത്തേണ്ട ഗതികേടിലാണ്. 

ജില്ലയിലെ മുഴുവന്‍ വകുപ്പുകളും പ്രളയത്തില്‍ നിന്ന് കരകയറാന്‍ ഏകോപിപ്പിക്കപ്പെടണം. എന്നാല്‍ ജില്ലാ ഭരണകൂടം ദുരന്തത്തിലും ജലമേളയിലും ഒരേപോലെ ശ്രദ്ധ ചെലുത്തേണ്ട അവസ്ഥയിലാണ്. കടുത്ത സമ്മര്‍ദമാണ് തങ്ങള്‍ അനുഭവിക്കുന്നതെന്ന് ഉദ്യോഗസ്ഥരും പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.