വിന്നിയെ കമ്മ്യൂണിസ്റ്റ് ചൈനയ്ക്കു പേടി; പുതിയ ചിത്രത്തിന് വിലക്ക്

Wednesday 8 August 2018 1:33 am IST
പ്രസിഡന്റ് സീ ജിന്‍പിങ്ങിനെ പരിഹസിക്കാന്‍ വിന്നിയെ ദി പൂംഹിനെ ഉപയോഗിക്കുന്നതാണ് ചൈനീസ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. 2013ല്‍ ജിന്‍പിങ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ തുടങ്ങിയതാണിത്. അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കൊപ്പം ജിന്‍പിങ് നടക്കുന്നതിനെ വിന്നിക്കൊപ്പം ഒരു കരടി നടക്കുന്നതുമായി താരതമ്യപ്പെടുത്തി ധാരാളം ചിത്രങ്ങള്‍ പ്രചരിച്ചു.

ബീജിങ്: വിന്നി ദി പൂംഹ് എന്ന എപ്പോഴും പുഞ്ചിരിക്കുന്ന പാവം കരടിക്കുട്ടിയ ആര്‍ക്കാണു പേടി? കുട്ടികളുടെ പ്രിയപ്പെട്ട വിന്നി എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ പേടിയോ? കമ്മ്യൂണിസ്റ്റ് ചൈന പേടിക്കുന്നു എന്നാണ് ഉത്തരം. എ.എ. മില്‍നെയുടെ പ്രശസ്തമായ കാര്‍ട്ടൂണ്‍ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള 'ക്രിസ്റ്റഫര്‍ റോബിന്‍' എന്ന പുതിയ ചിത്രത്തിന്റെ പ്രദര്‍ശനം ചൈന വിലക്കിയിരിക്കുന്നു.

പ്രസിഡന്റ് സീ ജിന്‍പിങ്ങിനെ പരിഹസിക്കാന്‍ വിന്നിയെ ദി പൂംഹിനെ ഉപയോഗിക്കുന്നതാണ് ചൈനീസ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. 2013ല്‍ ജിന്‍പിങ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ തുടങ്ങിയതാണിത്. അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കൊപ്പം ജിന്‍പിങ് നടക്കുന്നതിനെ വിന്നിക്കൊപ്പം ഒരു കരടി നടക്കുന്നതുമായി താരതമ്യപ്പെടുത്തി ധാരാളം ചിത്രങ്ങള്‍ പ്രചരിച്ചു. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വൈറലായി.  

2014ല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള ജിന്‍പിങ്ങിന്റെ കൂടിക്കാഴ്ചയിലും വിന്നി കടന്നുവന്നു. ഇത്തവണയും ജിന്‍പിങ്ങിന്റെ സ്ഥാനത്തു വിന്നിയായിരുന്നു. ഇയോറെ എന്ന കഴുത കഥാപാത്രമായി ആബെയേയും ചിത്രീകരിച്ചു. അതും ഹിറ്റായി. ജിന്‍പിങ്ങിന്റെ ശരീര ഘടനയ്ക്ക് വിന്നിയുമായുള്ള സാമ്യം എല്ലാവരും ആസ്വദിക്കുന്നുണ്ടെങ്കിലും ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കടുത്ത അതൃപ്തിയോടെയാണ് പ്രതികരിച്ചത്. 

ഈ സാമ്യത്തെക്കുറിച്ച് ഹോളിവുഡ് ഹാസ്യതാരം ജോണ്‍ ഒളിവര്‍ പറഞ്ഞത് സംപ്രേഷണം ചെയ്തപ്പോള്‍ എച്ച്ബിഒ ചാനലിന്റെ വെബ്‌സൈറ്റ് ചൈനയില്‍ ബ്ലോക്ക് ചെയ്തിരുന്നു. പുതിയ സിനിമ പ്രദര്‍ശനത്തിന് എത്തിയാല്‍ കൂടുതല്‍ താരതമ്യങ്ങളുണ്ടാവും എന്നു ഭയന്നാണ് 'ക്രിസ്റ്റഫര്‍ റോബിനെ' വിലക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.