കാലിഫോര്‍ണിയയില്‍ ഭീതി വിതച്ച് വീണ്ടും കാട്ടുതീ

Wednesday 8 August 2018 1:38 am IST

കാലിഫോര്‍ണിയ: അമേരിക്കയുടെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കുന്ന കാട്ടുതീയോട് കാലിഫോര്‍ണിയ സംസ്ഥാനം പൊരുതുന്നു. നിരവധി വീടുകളും കെട്ടിട സമുച്ചയങ്ങളും വിഴുങ്ങി കാട്ടുതീ പടരുകയാണ്. വടക്കന്‍ കാലിഫോര്‍ണിയയിലെ മലനിരകളിലെ കാടുകളില്‍ നിന്ന് പട്ടണങ്ങളുടെ അതിരോളം അഗ്‌നി പടരുന്നത് അധികൃതരേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 

തിങ്കളാഴ്ച രാവിലെ മുതല്‍ അഗ്‌നിശമന സേനയുടെ നിരവധി യൂണിറ്റുകള്‍ തീ നിയന്ത്രിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് 121 മൈല്‍ അകലെയുള്ള ഒരു കമ്മ്യൂണിറ്റി ഹാള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തീ വിഴുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ റെഡ്ക്രോസ് പ്രവര്‍ത്തകന്‍ ഫോണില്‍ പകര്‍ത്തിയത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

കഴിഞ്ഞ വര്‍ഷം ഏറെ ഭീതി വിതച്ച് ആളിപ്പടര്‍ന്ന തോമസ് ഫയറിനെക്കാള്‍ അപകടം ഇപ്പോഴത്തെ കാട്ടുതീ ഉണ്ടാക്കുമോ എന്ന ആശങ്കയിലാണ് അധികൃതര്‍. പതിനെട്ടിടത്താണ് തീ ആളിക്കത്തുന്നത്. ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പതിനാലായിരത്തോളം അഗ്‌നിശമനസേനാംഗങ്ങളാണ് തീ നിയന്ത്രിക്കാന്‍ പരിശ്രമിക്കുന്നത്. 

കാലിഫോര്‍ണിയയിലെ കാട്ടുതീയെക്കുറിച്ചുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റും വിവാദമായി. ഗവര്‍ണര്‍ ജെറി ബ്രൗണിന്റെ ചില നടപടികളാണ് കാട്ടുതീ ഇത്രയും പടരാന്‍ കാരണം എന്നാണ് ട്രംപ് പറയുന്നത്. വന പ്രദേശത്തെ റിസര്‍വോയറുകളിലെ വെള്ളം നദികളിലേക്കും കടലിലേക്കും ഒഴുക്കിവിട്ടതിനെയാണ് ട്രംപ് വിമര്‍ശിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.