ഒരു മീനിന് അഞ്ചര ലക്ഷം!

Wednesday 8 August 2018 1:40 am IST

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഗഡ് സ്വദേശികളായ മഹേഷ് മെഹര്‍, സഹോദരന്‍ ഭാരത് എന്നിവര്‍ക്ക് കോളടിച്ചു. ഭാഗ്യം വന്നത് മീനിന്റെ രൂപത്തിലും. അവര്‍ കടലില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന  ഒരൊറ്റ മീനിന് ലഭിച്ച വില അഞ്ചര ലക്ഷം രൂപ. 

കഴിഞ്ഞ ദിവസം സായ് ലക്ഷ്മിയെന്ന സ്വന്തം ബോട്ടില്‍ കടലില്‍ പോയ അവര്‍ക്ക് ലഭിച്ചത് ഒരമൂല്യ നിധി തന്നെയായിരുന്നു, 30 കിലോ ഭാരമുള്ള ഒരു ഘോള്‍ മീന്‍. പതിവ് മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അവര്‍ക്ക് ഈ ഘോള്‍ മീനിനെ ലഭിച്ചത്. ഘോള്‍ മീനിനെ കിട്ടിയ വിവരമറിഞ്ഞ് വ്യാപാരികള്‍ ഇവരെ കാത്ത് നില്‍ക്കുകയായിരുന്നു. വന്നപാടെ തുടങ്ങി ലേലം. 20 മിനിറ്റിനുള്ളില്‍ ഒരു കയറ്റുമതിക്കാരന്‍ മീനിനെ ലേലത്തില്‍ പിടിച്ചു. രണ്ട് പതിറ്റാണ്ടായി മത്സ്യബന്ധനം തുടങ്ങിയിട്ട്. ഇതുവരെ ഇത്തരം മീനുകളെ ചിലര്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് കേട്ടിട്ടേയുള്ളു... ഇപ്പോള്‍... മെഹര്‍ സഹോദരന്മാര്‍ക്ക് ആഹ്ലാദം അടക്കാനാകുന്നില്ല. 

ഈ മെയില്‍ വില്ല്യം ഗബ്രുവെന്ന മീന്‍പിടിത്തത്തൊഴിലാളിക്ക് നല്ല മുന്തിയ ഇനം പല്ലിക്കോരയെ കിട്ടിയിരുന്നു. ലഭിച്ചത് 5.16 ലക്ഷം.

ഘോള്‍ മീന്‍

ഇതിന്റെ തൊലിയില്‍ കൊളീജന്‍ എന്ന വസ്തു ധാരാളമുണ്ട്. ഇത് ഭക്ഷണം, മരുന്ന്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങിയവ ഉണ്ടാക്കാന്‍ ഉപയോഗിക്കാം.  ചിറകിലെ നാരുകള്‍ മുറിവു തുന്നിക്കെട്ടാനുള്ള, ശരീരത്തില്‍ അലിഞ്ഞുചേരുന്ന നൂലുണ്ടാക്കാന്‍ ഉത്തമമാണ്. വീഞ്ഞ് ശുദ്ധീകരിക്കാനും ഇത് ഉപയോഗിക്കുന്നു. 

വളരെയേറെ സ്വാദുള്ള ഈ മീനിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഔഷധ ഗുണമുണ്ടത്രേ. കറുത്ത പൊട്ടുള്ള ഇവയുടെ ശാസ്ത്രീയ നാമം പ്രോട്ടോണിയ ഡയകാന്തസ് എന്നാണ്. മലയാളത്തില്‍ പല്ലിക്കോര എന്നാണ് വിളിക്കുക. സ്വര്‍ണത്തിന്റെ ഹൃദയമുള്ള മീനാണെന്ന് പഴഞ്ചൊല്ല്. പല നിലവാരത്തിലുള്ള ഇവയുടെ മുന്തിയ ഇനങ്ങള്‍ക്ക് വലിയ വിലയാണ്. ഇവ സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, ഹോങ്കോങ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ്. വലിയ ഗുണനിലവാരമില്ലാത്തവയ്ക്കു പോലും കിലോയ്ക്ക് 800 മുതല്‍ ആയിരം രൂപ വരെ ലഭിക്കുമെന്ന് മീന്‍പിടിത്തക്കാര്‍ പറയുന്നു. 

ഇന്ത്യന്‍ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും പേര്‍ഷ്യന്‍ ഉള്‍ക്കടലിലുമാണ് സാധാരണ ഈ മീനിനെ ലഭിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.