ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ഉന്നതതല യോഗം വിളിക്കുമെന്ന് കേന്ദ്രം

Wednesday 8 August 2018 2:25 am IST

ന്യൂദല്‍ഹി: പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിക്കുമെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി ബാബുല്‍ സുപ്രിയോ. ഇന്‍സ്ട്രുമെന്റേഷന്‍ എംപ്ലോയീസ് സംഘ് ഭാരവാഹികളായ കെ. കൃഷ്ണകുമാര്‍, വി.അച്ചുതന്‍കുട്ടി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഉറപ്പ് നല്‍കിയത്. 21 വര്‍ഷമായി ശമ്പള പരിഷ്‌കരണം മുടങ്ങിക്കിടക്കുകയാണെന്നും സ്ഥാപനം സംസ്ഥാന സര്‍ക്കാരിന് കൈമാറുന്നതിന് മുന്‍പ് ജീവനക്കാരുടെ കുടിശിക ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളതായും പ്രതിനിധികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 

ഇന്‍സ്ട്രുമെന്റേഷന്‍ലിമിറ്റഡിനെ സംസ്ഥാന സര്‍ക്കാരിന് കൈമാറുന്നതിന് പകരം കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായി ലയിപ്പിക്കുകയോ രാജസ്ഥാന്‍ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റ്‌സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായി നിലനിര്‍ത്തുകയോ ചെയ്യണമെന്ന് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സ്ഥാപനം കൈമാറുന്നതിന് മുന്‍പ് കോട്ട യൂണിറ്റില്‍ നടപ്പാക്കിയതിന് സമാനമായി ജീവനക്കാര്‍ക്ക് വിആര്‍എസ് നടപ്പാക്കുകയും അംഗീകൃത തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തുകയും ചെയ്യണം. ഇപ്പോള്‍ നടക്കുന്ന കൈമാറ്റ നടപടികള്‍ സുതാര്യമല്ല. സ്ഥാപനത്തിനൊപ്പം കളമശ്ശേരി എച്ച്എംടിയുടെ 250 ഏക്കര്‍ ഭൂമിയും വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജീവനക്കാരുടെയോ സ്ഥാപനത്തിന്റെയോ ഉന്നതിക്കപ്പുറം സ്ഥലക്കച്ചവടമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നേരത്തെ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എംപിമാരായ വി. മുരളീധരന്‍, പ്രൊഫ. റിച്ചാര്‍ഡ് ഹെ എന്നിവരുടെ നേതൃത്വത്തില്‍ എംപ്ലോയീസ് സംഘ് പ്രതിനിധികള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങുമായി ചര്‍ച്ച നടത്തിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.