കേസുകളുടെ എണ്ണം കുറവ്; സ്ഥാനക്കയറ്റത്തില്‍ പിടിയിട്ട് എക്‌സൈസ്

Wednesday 8 August 2018 2:36 am IST

ഇടുക്കി: ജില്ലകളിലെ വിവിധ എക്‌സൈസ് റേഞ്ച് ഓഫീസുകളില്‍ അബ്കാരി-എന്‍ഡിപിഎസ് കേസുകള്‍ പിടിക്കുന്നതില്‍ കുറവ് വന്നതിനെത്തുടര്‍ന്ന് സ്ഥാനക്കയറ്റത്തില്‍ വിലക്കിട്ട് ഉത്തരവ്. തിരുവനന്തപുരത്തെ അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ആണ് ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയത്. 

ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ജീവനക്കാരുടെ ജോലിയുടെ പുരോഗതി വിലയിരുത്തിയെന്നും ഇത് വകുപ്പിന് ക്ഷീണമാണെന്നും പറഞ്ഞാണ് നീക്കം. റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ സ്വന്തം നിലയില്‍ കേസ് പിടിക്കുന്നില്ലെന്നു കത്തില്‍ കുറ്റപ്പെടുത്തുന്നു. ഇത് നിലനില്‍ക്കുന്നതിനാല്‍ ഇവരുടെയും എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍മാരുടേയും പ്രവര്‍ത്തനഫലം ജില്ലകളിലെ അസി. എക്‌സൈസ് കമ്മീഷണര്‍മാര്‍ വിലയിരുത്തണമെന്നും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ഉത്തരവിലുള്ളത്. മോശം പ്രവര്‍ത്തനം സ്ഥിരമായി പിന്തുടരുന്നവര്‍ക്ക് സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്യരുതെന്നും കത്തിലുണ്ട്. 

അതേസമയം ഉത്തരവിനെതിരെ ജീവനക്കാര്‍ക്കിടയില്‍ നിന്ന്  പ്രതിഷേധം ഉയരുകയാണ്. മദ്യവില്‍പ്പന അടക്കമുള്ള കേസുകള്‍ എടുക്കുന്നത് വാക്കാല്‍ വിലക്കിയതാണ് തിരിച്ചടിയായതെന്നാണ് ഇവരുടെ വാദം. ഇത് സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അബ്കാരി കേസുകള്‍ പിടികൂടാന്‍ എക്‌സൈസ് കമ്മീഷണര്‍ വീണ്ടും നിര്‍ദേശം നല്‍കിയത്. മദ്യവില്‍പ്പനയും ഇത് മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും രണ്ടിരട്ടിയിലധികമായി കൂടിയതിനെ തുടര്‍ന്ന് കമ്മീഷണര്‍ പങ്കെടുത്ത ഒരു പൊതുപരിപാടിക്കിടെ നിരവധിപേര്‍ പരാതിയുമായി എത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.