രാഷ്ട്രപതി ഗുരുവായൂരില്‍ ദര്‍ശനം നടത്തി

Wednesday 8 August 2018 2:37 am IST

ഗുരുവായൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭാര്യാസമേതം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തി. ഇന്നലെ ഉച്ചയ്ക്ക് 12.45ന് ഗുരുവായൂര്‍ ദേവസ്വം ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തിയ രാഷ്ട്രപതിയേയും സംഘത്തേയും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ചെയര്‍മാന്‍ അഡ്വ.കെ.ബി. മോഹന്‍ദാസ് സ്വീകരിച്ചു.  

പിന്നീട് രാഷ്ട്രപതിയും ഭാര്യ സവിത കോവിന്ദും ക്ഷേത്ര ദര്‍ശനത്തിനായി പോയി. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, ഭാര്യ സരസ്വതി സദാശിവം, മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍, സബ് കളക്ടര്‍ ഡോ. രേണുരാജ്, തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍. അജിത്കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രപതിയെ ഗോപുരനടയില്‍ വച്ച് ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. 

ഉപദേവനായ അയ്യപ്പനെ വണങ്ങി പ്രദക്ഷിണം വച്ച് നാലമ്പലത്തില്‍ പ്രവേശിച്ചു. പത്തുമിനിറ്റിലേറെ നേരം കൈകൂപ്പി കണ്ണനെ വണങ്ങി. സോപാനപ്പടിയില്‍ നെയ്യ്, തെച്ചിമാല, താമരമാല, തുളസിമാല, കദളി എന്നിവ സമര്‍പ്പിച്ചു. ക്ഷേത്രം മേല്‍ശാന്തി മുന്നൂലം ഭവന്‍ നമ്പൂതിരിയില്‍ നിന്നു നാക്കിലയില്‍ പ്രസാദവും സ്വീകരിച്ചു. തുടര്‍ന്ന് നാലമ്പലത്തിനകത്തെ ഉപദേവന്മാരെയും ദര്‍ശിച്ചു. അരമണിക്കൂറോളം അദ്ദേഹം ക്ഷേത്രത്തില്‍ ചിലവഴിച്ചു. 

പിന്നീട് മമ്മിയൂര്‍ ക്ഷേത്രത്തിലും രാഷ്ട്രപതി ദര്‍ശനം നടത്തി. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു സ്വീകരിച്ചു. ദേവസ്വം കമ്മീഷണര്‍ കെ. മുരളി, ദേവസ്വം അംഗം ടി.എന്‍. ശിവശങ്കരന്‍ തുടങ്ങിയവര്‍ രാഷ്ട്രപതിയെ സ്വീകരിച്ചു. മമ്മിയൂരില്‍ നെയ്യും കദളിപ്പഴവും രാഷ്ട്രപതിക്കും ഭാര്യക്കും കാണിക്ക നല്‍കി. മഹാമൃത്യുഞ്ജയഹോമം, വലിയ ഗണപതിഹോമം, സമ്പൂര്‍ണ നെയ് വിളക്ക് എന്നിവ വഴിപാടു കഴിപ്പിച്ചു. മേല്‍ശാന്തി രുദ്രന്‍ നമ്പൂതിരി, മുരളി നമ്പൂതിരി എന്നിവര്‍ പ്രസാദം നല്‍കി. ക്ഷേത്രദര്‍ശനങ്ങള്‍ക്ക് ശേഷം ശ്രീകൃഷ്ണ കോളേജ് ഹെലിപാഡില്‍ നിന്നു ഉച്ചയ്ക്ക് രാഷ്ട്രപതിയും സംഘവും മടങ്ങി. കനത്ത മഴമൂലം തൃശൂരില്‍ നിന്ന് കാര്‍ മാര്‍ഗമാണ് രാഷ്ട്രപതി ഗുരുവായൂരിലേക്കെത്തിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.