വിധിയെ പൊരുതി തോല്‍പ്പിച്ച് ആനന്ദന്‍

Wednesday 8 August 2018 3:21 am IST

ബെംഗളൂരു: ജീവിതം തോറ്റുകൊടുക്കാനുള്ളതല്ല പൊരുതി നേടാനുള്ളതാണെന്ന് തെളിയിക്കുകയാണ് ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആര്‍മി മദ്രാസ് റെജിമെന്റിലെ സൈനികനായ നായിബ് സുബേദാര്‍ അനന്ദന്‍ ഗുണശേഖരന്‍. ഗെയിംസിലെ പാരാ അത്‌ലറ്റിക്‌സില്‍ 100, 200, 400 മീറ്ററുകളിലാണ് ആനന്ദന്‍ ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത്.

ഒരു കുടുംബത്തിന്റെ ജീവിത സ്വപ്‌നവുമായി 10 എന്‍ജിനീയറിങ് റെജിമെന്റിലായിരുന്നു ആനന്ദന് ജോലി ലഭിച്ചത്. അതിര്‍ത്തിയില്‍ കുഴിബോംബ് പരിശോധന നടത്തുന്ന സംഘത്തില്‍ അംഗമായിരുന്നു തമിഴ്‌നാട് സ്വദേശിയായ ആനന്ദന്‍. 2008 ജൂണ്‍ 4ന് അതിര്‍ത്തിയില്‍ സൈനിക സേവനത്തിനിടെ ഉണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ ഇടതു കാല്‍ മുട്ടിനു താഴെ നഷ്ടപ്പെട്ടു. എന്നാല്‍ തോറ്റുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ഈ ധീര സൈനികന്‍ ഇന്ന് ലോകം അറിയുന്ന ഓട്ടക്കാരനാണ്. 

എന്നാല്‍ ഈ വിവരങ്ങളൊന്നും ആനന്ദന്‍ വീട്ടുകാരെ അറിയിച്ചിരുന്നില്ല. ആറുമാസത്തിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് അവര്‍ വിവരം അറിഞ്ഞത്. ഇടതുകാലില്‍ തടികൊണ്ടുള്ള കൃത്രിമകാല്‍ കണ്ട് ആനന്ദിന്റെ കുടുംബത്തോടൊപ്പം സ്വന്തം നാടായ കുംഭകോണത്തെ നാട്ടുകാരും വേദനിച്ചു. 

സഹതാപവാക്കുകള്‍ കേട്ട് ജീവിതത്തെ നൈരാശ്യത്തോടെ കാണാന്‍ ആനന്ദന്‍ തയ്യാറായില്ല. സ്‌പോര്‍ട്‌സ് ഒരുപാട് ഇഷ്ടമായിരുന്ന ആനന്ദന്‍ കൃത്രിമ കാല്‍ ഉപയോഗിച്ച് വേഗത്തില്‍ നടക്കാനും പിന്നീട് ഓടാനും പരിശീലിച്ചു. ആനന്ദിന്റെ പരിശ്രമത്തിനു മുന്നില്‍ ചികിത്സിച്ച ഡോക്ടര്‍ പോലും അത്ഭുതപ്പെട്ടു. 

പിന്നീട് പൂനെ ആര്‍മി സ്‌പോര്‍ട്ട്‌സ് അക്കാദമിയില്‍ പരിശീലനം നേടി. 2012ലായിരുന്നു ആദ്യ മത്സരം. മുംബൈയില്‍ അംഗപരിമിതര്‍ക്കുള്ള മാരത്തോണ്‍ മത്സരത്തില്‍ 2.5 കിലോമീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടി. തടികൊണ്ടുള്ള കൃത്രിമകാലായിരുന്നു ഉപയോഗിച്ചിരുന്നത്. 

പിന്നീട് മികച്ച കൃത്രിമകാലുകള്‍ക്കായി ഇന്റര്‍നെറ്റിലൂടെ പരിശോധന ആരംഭിച്ചു. 2014ല്‍ സൈനിക യൂണിറ്റ് ഏറ്റവും മികച്ച കൃത്രിമകാല്‍ ഐസ്‌ലാന്റില്‍ നിന്നും വരുത്തി ആനന്ദന് നല്‍കി.  ഇത് വച്ച് പരിശീലനം നടത്തി രണ്ടു മാസത്തിന് ശേഷം മലേഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ മത്സരത്തില്‍ 100 മിറ്ററില്‍ സ്വര്‍ണവും 200 മീറ്ററില്‍ വെള്ളിയും കരസ്ഥമാക്കി. 

2015ല്‍ കൊറിയയില്‍ നടന്ന വേള്‍ഡ് മിലിട്ടറി ഗെയിംസില്‍ 200 മീറ്ററില്‍ സ്വര്‍ണം, 2016ല്‍ ഏഷ്യ ഓഷ്യാനിയ മത്സരത്തില്‍ 400 മിറ്ററില്‍ സ്വര്‍ണം, 2017ല്‍ ദുബായിയില്‍ വേള്‍ഡ് പാരാ അത്‌ലറ്റിക്‌സില്‍ 400 മീറ്ററില്‍ വെള്ളിയും നേടി. 

സ്‌പോര്‍ട്ടില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഠിനപരിശ്രമം നടത്തുകയാണ് ആനന്ദന്‍. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ത്രിവര്‍ണകൊടി ഉയര്‍ത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ ധീര സൈനികന്‍. നഷ്ടപ്പെട്ടെന്ന് വിധിയെഴുതിയ ജീവിതത്തെ ഇച്ഛാശക്തിയിലൂടെ കൂടുതല്‍ മിഴിവേകിയ ആനന്ദന്‍ യുവത്വത്തിന് മാതൃകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.