'ബത്തക്ക ലീഗ്' പുനരവതരിക്കുന്നു

Wednesday 8 August 2018 3:30 am IST

തിരുവനന്തപുരം: മുസ്ലിങ്ങളില്‍ ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ സിപിഎമ്മിന്റെ അണിയറയില്‍ പുതിയ പാര്‍ട്ടി രൂപംകൊള്ളുന്നു. മുസ്ലിം ലീഗിനോട് പിണങ്ങിനില്‍ക്കുന്നവരും മതതീവ്രവാദികളുമായ ഗ്രൂപ്പുകളെയും ചെറുകക്ഷികളെയും ഒരുകുടക്കീഴില്‍ നിര്‍ത്തുകയാണ് ലക്ഷ്യം. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്, കര്‍ണാടക, ഹൈദരാബാദ് എന്നിവിടങ്ങളിലെയും മുസ്ലിം സംഘടനകളുമായും ഇതിനകം കൂടിയാലോചന നടത്തി. മന്ത്രി കെ.ടി.ജലീലിനാണ് ഇത്തരമൊരു സംഘടനയ്ക്ക് രൂപംനല്‍കാനുള്ള ചുമതല നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ സെക്കുലര്‍ ലീഗ് എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്ന് ഏകദേശം ധാരണയായി. 

ജലീല്‍ അടക്കം അഞ്ച് എംഎല്‍എമാര്‍ തുടക്കംമുതല്‍ ഈ കക്ഷിക്കുണ്ടാകും. സിപിഎം സ്വതന്ത്രരായ പി.ടി.എ. റഹിം, കാരാട്ട് റസാഖ്, വി. അബ്ദുറഹ്മാന്‍, പി. വി. അന്‍വര്‍ എന്നിവരാണ് ജലീലിന്റെ പാര്‍ട്ടിയിലെ മറ്റുള്ളവര്‍. അറുപതുകളില്‍ സിപിഎം ഉണ്ടാക്കിയ മുസ്ലിം പാര്‍ട്ടിയെ ''ബത്തക്ക (തണ്ണിമത്തന്‍) ലീഗ്'' എന്നാണ് പരിഹസിച്ച് വിളിച്ചിരുന്നത്. പുറമെ നോക്കിയാല്‍ പച്ച മുറിച്ചുവച്ചാല്‍ ചുകപ്പ്. 

നിലവിലുള്ള ചെറിയ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളായ ഇന്ത്യന്‍ നാഷണല്‍ ലീഗ്, പി.ടി.എ. റഹീമിന്റെ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് എന്നിവ പുതിയ പാര്‍ട്ടിയില്‍ ലയിക്കും. നേരത്തെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, എന്‍ഡിഎഫ് തുടങ്ങിയവയെയും സഹകരിപ്പിക്കാന്‍ തീരുമാനിച്ചതാണെങ്കിലും നിലവിലുള്ള പ്രത്യേക സാഹചര്യത്തില്‍, അഭിമന്യു കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ അവരെ തല്‍ക്കാലം മാറ്റിനിര്‍ത്തും.

പാര്‍ട്ടി രൂപീകരണത്തിന്റെ ഭാഗമായി കെ.ടി.ജലീല്‍ ഏപ്രിലില്‍ ഹൈദരാബാദിലും ബെംഗളൂരുവിലും ചെന്ന് ചര്‍ച്ച നടത്തി. മദനിയുമായി ബെംഗളൂരുവിലാണ് കൂടിക്കാഴ്ച നടത്തിയത്. പാര്‍ട്ടി രൂപീകരണത്തിന് സാഹചര്യമൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് മെയ് അവസാനവാരം മുസ്ലിം നേതാക്കളുമായി കൂടിയാലോചന നടത്തിയിരുന്നു. ആ കൂടിച്ചേരലിന് ശേഷമാണ് വാട്‌സ്ആപ്പ് ഹര്‍ത്താലിനെതിരായ പോലീസ് നടപടി മരവിപ്പിച്ചത്. പുതിയ കക്ഷിയുടെ സാന്നിധ്യം അറിയിക്കാനാണ് വാട്‌സ്്ആപ്പ് ഹര്‍ത്താല്‍ സംഘടിപ്പിച്ചതെന്നും ആരോപണമുണ്ട്. 

അതേസമയം മുസ്ലിം ലീഗിനെ തകര്‍ക്കാനുദ്ദേശിച്ച് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍ ജന്മഭൂമിയോട് പ്രതികരിച്ചു. ഹൈദരാബാദിലും ബെംഗളൂരുവിലും പോയത് മന്ത്രി ജലീല്‍ നിഷേധിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.